വാക്‌സിനേഷന് എതിരായ തെറ്റായ പ്രചാരണങ്ങളില്‍ കുടുങ്ങിപ്പോകരുതെന്ന് മുഖ്യമന്ത്രി

Posted on: October 3, 2017 12:07 pm | Last updated: October 3, 2017 at 5:35 pm

കൊച്ചി: വാക്‌സിനേഷന് എതിരായ തെറ്റായ പ്രചാരണങ്ങളില്‍ കുടുങ്ങിപ്പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശാസ്ത്രീയ തെളിവില്ലാത്ത ധാരണകള്‍ പ്രചരിപ്പിക്കുന്നത് വലിയ ദുരന്തങ്ങള്‍ക്ക് വഴിവെയ്ക്കും. കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് എതിരായ പ്രചാരണം നിര്‍ഭാഗ്യകരമാണ്. വലിയ സാമൂഹികദ്രോഹമാണ് ഇത്തരക്കാര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.ആര്‍. വാക്‌സിന്‍ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

യാതൊരു ശാസ്ത്രീയ തെളിവുകളുമില്ലാതെയാണ് ഇത്തരം വ്യാജപ്രചാരണങ്ങള്‍ നടത്തുന്നത്. പുതിയ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളും അറിവുകളും വികസിക്കുന്നതോടൊപ്പം മാറിച്ചിന്തിക്കാനും നമുക്ക് കഴിയണം.
അറിവുകള്‍ നേടുന്നതിന് മുമ്പുള്ള ധാരണകള്‍ ശരിയാണെന്ന് ചിന്തിക്കുന്ന പ്രവണത ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരക്ഷിതവും കാര്യക്ഷമവുമാണ് എംആര്‍ വാക്‌സിനുകളെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇവയ്ക്ക് പാര്‍ശ്വഫലങ്ങള്‍ കുറവാണെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഒറ്റവാക്‌സിനുകളിലൂടെ മീസില്‍സ്, റൂബെല്ല എന്നീ രണ്ടു രോഗങ്ങളെ ചെറുക്കാനുള്ള ആജീവനാന്ത സംരക്ഷണം നല്‍കുന്നതിനുള്ള കുത്തിവയ്പാണ് ചെറിയ പ്രായത്തില്‍ കുട്ടികള്‍ക്ക് നല്‍കുന്നതെന്നും കുട്ടികളുടെ മരണനിരക്ക് കുറക്കുന്നതിനും റൂബെല്ല മൂലമുള്ള അംഗവൈകല്യം തടയുന്നതിനും വാക്‌സിനേഷന്‍ ഫലപ്രദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.