Connect with us

Kerala

രാജീവ് വധക്കേസ്: അഡ്വ. സി.പി.ഉദയഭാനുവിന് കുരുക്കായി ദൃശ്യങ്ങള്‍

Published

|

Last Updated

തൃശൂര്‍: ചാലക്കുടിയില്‍ കൊല്ലപ്പെട്ട റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ വീട്ടില്‍ പ്രമുഖ അഭിഭാഷകന്‍ സി.പി.ഉദയഭാനു പല തവണ വന്നതിന് തെളിവ്. രാജീവിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. മറ്റ് നിര്‍ണായക തെളിവുകളും പൊലീസിന്റെ പക്കലുണ്ടെന്നാണ് വിവരം. ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. ഗൂഢാലോചന കേന്ദ്രീകരിച്ചാണ് കൊലപാതക അന്വേഷണം പുരോഗമിക്കുന്നത്. ഗൂഢാലോചനയില്‍ പങ്കെടുത്ത അങ്കമാലി സ്വദേശിക്കായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്.

അതേസമയം അറസ്റ്റ്തടയണമെന്നാവശ്യപ്പെട്ട് അഡ്വ.ഉദയഭാനു ഹൈക്കോടതിയെ സമീപിച്ചു.

നേരത്തെ ഉദയഭാനുവിനെതിരെ പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചിരുന്നു . പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉദയഭാനുവിനെതിരെ പരാമര്‍ശമുണ്ട്. രാജീവിനെ തട്ടിക്കൊണ്ടുപോയത് അഭിഭാഷകന്റെകൂടി ആവശ്യപ്രകാരമാണെന്ന് മൂന്ന് പ്രതികളും സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഉദയഭാനുവിനെതിരെ അന്വേഷണം തുടരുകയാണ്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും പൊലീസ് ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

അറസ്റ്റിലായ പ്രതികള്‍ ചക്കര ജോണിയും രഞ്ജിത്തും ചോദ്യംചെയ്യലിനോട് തുടക്കത്തില്‍ സഹകരിച്ചിരുന്നില്ല. കൊല നടന്ന ദിവസം അഡ്വ. സി.പി.ഉദയഭാനുവിനെ നിരവധി തവണ വിളിച്ചത് എന്തിനെന്ന ചോദ്യത്തിന് പ്രതികള്‍ കൃത്യമായ മറുപടിയും നല്‍കിയില്ല. ഇരുവരുടേയും ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെയായിരുന്നു പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായത്. അതേസമയം, കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായിരുന്നു. ചക്കര ജോണിയെ രക്ഷപ്പെടാന്‍ സഹായിച്ച ആലപ്പുഴ സ്വദേശി സുധനാണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. കേസില്‍ ഇതുവരെ ഏഴ് പേര്‍ അറസ്റ്റിലായി.

റിയല്‍ എസ്‌റ്റേറ്റ് ഇടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാന്‍ നടത്തിയ ഗുണ്ടായിസമാണ് രാജീവിന്റെ കൊലയില്‍ കലാശിച്ചത്. പരിയാരം തവളപ്പാറയില്‍ കോണ്‍വന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാഴ്ചത്തെ ആസൂത്രണത്തിനുശേഷം രാജീവിനെ നാലംഗ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ കെട്ടിടത്തില്‍ അടയ്ക്കുകയും വസ്തു
ഇടപാടുരേഖകളില്‍ ബലമായി ഒപ്പുവയ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല നടത്തുകയുമായിരുന്നു.

Latest