കാനഡയില്‍ സിഖ് വംശജന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകും

Posted on: October 3, 2017 9:40 am | Last updated: October 3, 2017 at 9:40 am

ടൊറോന്റോ: കാനഡയിലെ അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ന്യൂ ഡമോക്രാറ്റ് പാര്‍ട്ടി( എന്‍ ഡി പി)യെ ഇന്ത്യന്‍ വംശജനായ ജഗ്മീത് സിംഗ് നയിച്ചേക്കും. എന്‍ ഡി പി നേത്യസ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ 38 കാരനായ സിംഗ് 53.6 ശതമാനം വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷം നേടിയതായി കനേഡിയന്‍ പത്രമായ ടോറോന്റോ സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.

പാര്‍ലമെന്റ് ഹില്ലിലെ പ്രബലരായ 44 അംഗങ്ങളെ നയിക്കുന്ന തോമസ് മുള്‍കെയറിനെ പിന്തള്ളിയാണ് സിംഗ് നേത്യത്വമേറ്റെടുക്കുന്നത്. കാനഡയിലെ സുപ്രധാന പാര്‍ട്ടിയായ എന്‍ ഡി പിയുടെ നേത്യസ്ഥാനത്ത് വരുന്ന ആദ്യ ന്യൂനപക്ഷക്കാരനും വെള്ളക്കാരനല്ലാത്തയാളുമാണ് സിംഗ്. കാനഡാസ് ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ട ഒന്റാറിയോ പ്രവിശ്യയിലെ ഈ നിയമജ്ഞന്‍ 2019 ലെ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറലുകള്‍ക്കെതിരെ പട നയിക്കുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടി ഭാരവാഹി തിരഞ്ഞെടുപ്പില്‍ മറ്റു മൂന്നു സ്ഥാനാര്‍ഥികളെയും പിന്‍തള്ളിയാണ് സിംഗ് ഒന്നാമതെത്തിയത്.