Connect with us

Articles

രഘുറാം രാജന്‍ ഓര്‍ക്കുന്നുണ്ടാകും

Published

|

Last Updated

2016 സെപ്തംബറില്‍, ആര്‍ ബി ഐ ഗവര്‍ണര്‍ പദവിയില്‍ നിന്ന് രഘുറാം രാജന്‍ പടിയിറങ്ങുമ്പോള്‍, സാമ്പത്തിക ലോകം ഒരുപാട് ആശ്ചര്യപ്പെട്ടിരുന്നു. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയില്‍, അപ്രതീക്ഷിതമായ വളര്‍ച്ചക്ക് കൊടിവീശിയ ഒരു സാമ്പത്തിക വിദഗ്ധന്റെ വിടവാങ്ങല്‍ കേന്ദ്ര ഭരണകൂടം കാണാതെ പോയി. അന്ന് സുബ്രമണ്യ സ്വാമി രഘുറാം രാജനെ നിശിതമായി വിമര്‍ശിച്ച് കൊണ്ട് അരുണ്‍ ജെയ്റ്റ്‌ലിക്ക് കത്തയക്കുകയുണ്ടായി. മൗനം മറുപടിയായി സ്വീകരിച്ച സാമ്പത്തിക വകുപ്പ് മന്ത്രിയുടെ സമീപനം കടുത്ത വിമര്‍ശനത്തിന് ഇടയാകുകയും ചെയ്തിരുന്നു. ഒരു വര്‍ഷത്തിപ്പുറം “I do what i do” എന്ന പുസ്തകത്തിലൂടെ രഘുറാം രാജന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പല കടന്നുകയറ്റങ്ങളിലേക്കുമുള്ള സൂചനയാണ്. ധനകാര്യ വകുപ്പിന് മേല്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെയുള്ള ചോദ്യ ചിഹ്നമാണത്.
ഏറെ കോളിളക്കങ്ങള്‍ സൃഷ്ട്ടിച്ച നോട്ടുനിരോധത്തില്‍ ആര്‍ ബി ഐക്കുള്ള പങ്ക് അവ്യക്തമായിരുന്നു. പുതിയ 500, 2000 രൂപയുടെ നോട്ടുകള്‍ അടിച്ചിറക്കാനുള്ള സമ്മതം മെയ് 19 ന് ഞആക നല്‍കിയെന്ന് സര്‍ക്കാര്‍ എഴുതി വിടുകയും ചെയ്തു . എന്നാല്‍ പുതിയ പുസ്തകത്തില്‍ രഘുറാം രാജന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഒരുപാട് വിരോധാഭാസങ്ങള്‍ സൃഷ്ടിക്കുന്നു.

“2016 ഫെബ്രുവരിയില്‍ നോട്ടുനിരോധനത്തെ കുറിച്ച് സര്‍ക്കാര്‍ എന്നോട് ഉപദേശം തേടിയിരുന്നു. ദീര്‍ഘ കാലത്തു ലഭിച്ചേക്കാവുന്ന ലാഭം ഹൃസ്വ കാലത്തുണ്ടാവുന്ന നഷ്ടത്തെ അതിജയിക്കില്ലെന്ന് ഞാന്‍ പറഞ്ഞു. മാത്രമല്ല, പ്രസ്തുത ലക്ഷ്യം (കള്ളപ്പണം കുറക്കുക) നിറവേറ്റാന്‍ ബദല്‍ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം വാചികമായിരുന്നു. പിന്നീട് ലിഖിതമായ രേഖയെ ആവശ്യപ്പെട്ട സമയത്ത്, നോട്ടുനിരോധനം തീര്‍ക്കാവുന്ന ലാഭങ്ങളും നഷ്ടങ്ങളും വ്യക്തമാക്കുന്ന എഴുത്തും നല്‍കിയിരുന്നു. നടപടിയുമായി മുന്നോട്ട് പോകുകയാണെങ്കില്‍ വ്യക്തമായ മുന്‍കരുതല്‍ അത്യാവശ്യമാണെന്ന് മുന്നറിയിപ്പും നല്‍കി. പിന്നീട് ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക സമിതിയെ രൂപവത്കരിക്കുകയും ഡെപ്യൂട്ടി ഗവര്‍ണറെ ചുമതലയേല്‍പ്പിക്കുകയും ചെയ്തു. ഞാന്‍ ഗവര്‍ണറായിരുന്ന സമയത്ത് ഒരിക്കല്‍ പോലും നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ എന്നോട് ആവശ്യപ്പെട്ടിട്ടില്ല”.
മോദി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് അരുണ്‍ ജെയ്റ്റ്‌ലി നടത്തിയ പ്രസംഗം ഇന്ത്യന്‍ സമൂഹം മറക്കാനിടയില്ല. നോട്ടുനിരോധനം സാമ്പത്തിക വ്യവസ്ഥിതിയെ ബാധിച്ചില്ലെന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു. എന്നാല്‍ 2016 നവംബര്‍ മാസത്തിന് ശേഷം വന്ന പല കണക്കുകളും വ്യത്യസ്തമായിരുന്നു. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക് വിഭാഗത്തിലെ മുഖ്യ സാമ്പത്തിക വിദഗ്ധനായ ടി സി എ ആനന്ദ് ഈ വ്യത്യസ്തതയെ വിലയിരുത്തി സംസാരിക്കുന്ന ഭാഗം ശ്രദ്ധേയമാണ്. നോട്ടുനിരോധനം പോലുള്ള വലിയ നീക്കങ്ങളുടെ പരിണിത ഫലങ്ങള്‍ പെെട്ടന്നൊന്നും കണ്ടെത്തല്‍ എളുപ്പമല്ല. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ ഒന്നും സംസാരിക്കാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

ടി സി എ ആനന്ദ് വിലയിരുത്തിയ പോലെ അത്ര മേല്‍ അവ്യക്തമായിരുന്നില്ല നോട്ടുനിരോധനത്തിന്റെ ബാക്കിപത്രങ്ങള്‍. ബജറ്റ് വേളയില്‍ അരുണ്‍ ജെയ്റ്റ്‌ലി പുകഴ്ത്തി പറഞ്ഞ കാര്‍ഷിക മേഖലയുടെ വളര്‍ച്ച എത്ര മാത്രം സത്യസന്ധമാണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. വടക്കേ ഇന്ത്യയില്‍ റാബി കൃഷി നിലച്ചുപോയത് എന്തു കൊണ്ടായിരുന്നു?പച്ചക്കറികളില്‍ അന്നനുഭവപ്പെട്ട വിലയിടിവും ഉത്തരങ്ങളില്ലാതെ ബാക്കി. കറന്‍സിയുടെ ലഭ്യതക്കുറവും തൊഴിലില്ലായ്മയും വസ്തുക്കളുടെ ഡിമാന്‍ഡ് കുറയാന്‍ കാരണമായി വരികയും ചെയ്തു. ഇത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചു. 2016-17 സാമ്പത്തിക വര്‍ഷത്തിലെ നാലാം ക്വാര്‍ട്ടറില്‍ രാജ്യത്തിന്റെ ജി ഡി പി 6.1ല്‍ ഒതുങ്ങി. സാമ്പത്തിക വകുപ്പിന്റെ കണക്കുകള്‍ പ്രകാരം വേണ്ടിയിരുന്നത് 7.1 ശതമാനത്തോളം വരുന്ന വളര്‍ച്ചയും. യഥാര്‍ഥത്തില്‍ 6.1ലും താഴെയാണെന്നത് മറ്റൊരു വസ്തുതയായി നിഴലിക്കുകയും ചെയ്യുന്നു.
എന്നാല്‍ വെറും കാര്‍ഷിക മേഖലയില്‍ ഒതുങ്ങുന്നതല്ല രാജ്യത്തെ അസംഘടിത (unorganised sector) വിഭാഗം. മൊത്തം ജനതയുടെ 45 ശതമാനം വരുന്ന ഈ വിഭാഗത്തില്‍ 31 ശതമാനവും കാര്‍ഷിക മേഖലയെ ആശ്രയിക്കാത്തവരാണ്. ഇവരുടെ നഷ്ടങ്ങളും പ്രയാസങ്ങളും കണക്കുകളില്‍ കാണാനില്ല. ഇത്തരത്തില്‍ വളച്ചൊടിച്ച ഒരുപാട് കണക്കുകളും അതിന് കൂട്ടുനില്‍ക്കുന്ന സാമ്പത്തിക വിധഗ്ധരുമാണ് ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ആര്‍ ബി ഐ ഗവര്‍ണറെ വെറുമൊരു ഉദ്യോഗസ്ഥനായി വിലയിരുത്തുന്ന രാഷ്ട്രീയ ക്രമം അവസാനിപ്പിക്കണമെന്ന് രഘുറാം രാജന്‍ ആവശ്യപ്പെടുന്നു. കേന്ദ്ര ഭരണകൂടത്തെ ഉപദേശിക്കാന്‍ മാത്രം സ്വാതന്ത്ര്യം ഗവര്‍ണര്‍ക്ക് നല്‍കേണ്ടിയിരിക്കുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെ ഏജന്റായി ഗവര്‍ണറെ വിലയിരുത്തുന്ന മാധ്യമ വിലയിരുത്തലുകള്‍ ശരിയല്ല. നോട്ടുനിരോധനത്തിന്റെ ഏറ്റവും വലിയ ഇരകള്‍ പാവപ്പെട്ടവരാണെന്നും ഇത് ജി ഡി പി യില്‍ അത്ര മേല്‍ പ്രകടമാകില്ലെന്നും പുതിയ പുസ്തകത്തിലൂടെ മുന്‍ ഗവര്‍ണര്‍ തുറന്നടിക്കുന്നു.
ധനകാര്യം രാഷ്ട്രീയ ക്രമമായി മാറുന്നിടത്തൊക്കെ പരാജയം നുണഞ്ഞിട്ടുണ്ട്.1950 ല്‍ ഉത്തര കൊറിയയെയും മലേഷ്യയെയും പിന്നിലാക്കിയ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച മുരടിച്ചുപോയതിന്റെ രഹസ്യവും ഇത്തരം കീഴ്‌വഴക്കമായിരുന്നു. സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെ അഭാവം ഇന്ത്യ അനുഭവിച്ചിട്ടില്ല. ഏഷ്യയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം ലഭിച്ച വ്യക്തികള്‍ ഇന്ത്യയിലും ജപ്പാനിലും ഒതുങ്ങുന്നു. 1974ല്‍ പീതാമ്പര്‍ പന്ത് നടത്തിയ കണ്ടെത്തലുകള്‍ കീഴ്‌വഴക്കത്തിന്റെ പട്ടികയില്‍ മികച്ച് നില്‍ക്കുന്നു. “ഗരീബി ഹട്ടാഒ” എന്ന ഇന്ദിരാ ഗാന്ധി സര്‍ക്കാറിന്റെ മുദ്രാവാക്യത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പ്രസ്തുത രചന. രാജ്യത്തിന്റെ ദാരിദ്ര്യത്തിന്റെ അളവുകോലുകള്‍ വ്യക്തമാക്കുന്ന കൃതിയില്‍ എന്ത് കൊണ്ട് ദാരിദ്ര്യം എന്നതിന് ഉത്തരമില്ല.
2004ല്‍ ബി ജെ പി സര്‍ക്കാര്‍ പരാജയം നുണഞ്ഞത് “ഇന്ത്യ ഷൈനിങ്” എന്ന ക്യാമ്പയിനിന്റെ തോല്‍വിയിലൂടെയായിരുന്നു. അന്ന് പാവങ്ങളും ഗ്രാമീണരും യു പി എ ഗവണ്‍മെന്റില്‍ വിശ്വാസമര്‍പ്പിച്ചു. 2009ല്‍ ഭരണം തുടരാന്‍ സാധിച്ചത് എം ആര്‍ എന്‍ ഇ ജി എയിലൂടെ നല്‍കിയ തൊഴിലവസരങ്ങളിലൂടെയായിരുന്നു. ഇത്തരം രാഷ്ട്രീയ ക്രമത്തില്‍ നിന്ന് രക്ഷപെടാന്‍ ബി ജെ പി കണ്ടെത്തിയ വജ്രായുധമായിരുന്നു വര്‍ഗീയത. അത് വിജയം കാണുകയും ചെയ്തു.

കോര്‍പറേറ്റുകള്‍ക്ക് ചാരിയ പുത്തന്‍ സാമ്പത്തിക ക്രമം വിമര്‍ശനാത്മകമായി നേരിടേണ്ടിയിരിക്കുന്നു. അല്‍പ്പം വൈകിയാണെങ്കിലും രഘുറാം രാജന്‍ കാണിച്ച ആര്‍ജവം മുഴുവന്‍ സാമ്പത്തിക വിചക്ഷണരും കാണിക്കേണ്ടിയിരിക്കുന്നു. പ്രത്യക്ഷ കണക്കുകളില്‍ പ്രകടമാകുന്ന വളര്‍ച്ചയുടെ പിന്നാമ്പുറങ്ങള്‍ അന്വേഷിക്കേണ്ടിയിരിക്കുന്നു. രാജ്യത്തിന്റെ സമ്പത്ത് കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്ന ഭരണം ജനം തിരിച്ചറിയുമെന്ന് പ്രത്യാശ.

---- facebook comment plugin here -----

Latest