Connect with us

Articles

ചരിത്രം ശരിവെക്കുന്നില്ല, ഫാസിസത്തിന്റെ ജൈത്രയാത്ര

Published

|

Last Updated

ഫാസിസം എന്നത് അതിഭീകരവും ലോകത്തെ ഭീതിയിലാഴ്ത്തുന്നതുമാണെങ്കിലും അതിന്റെ നിലനില്‍പ്പ് എന്നത് അത്ര സുരക്ഷിതമായ ഒന്നല്ല. ദീര്‍ഘകാലം അതിന്റെ സംഹാരാത്മകമായ മുന്നേറ്റത്തെ ലോകത്തെവിടെയും വെച്ചുപൊറുപ്പിച്ച ചരിത്രമില്ല. ദീര്‍ഘകാലത്തെ രഹസ്യ അജന്‍ഡകളുടെ സമര്‍ഥമായ നടത്തിപ്പിനൊടുവിലാണ് ഫാസിസത്തിന് ഏത് സമൂഹത്തിലും വേരുപിടിക്കാനാവുന്നത്.

ഒന്നാമത് ആകര്‍ഷകമായ മുദ്യാവാക്യങ്ങള്‍, പെരും നുണകളെപ്പോലും പെരുപ്പിച്ചവതരിപ്പിച്ച് അതിനെ സത്യമെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണ തന്ത്രങ്ങള്‍, ദേശീയതയെ സ്ഥാനത്തും അസ്ഥാനത്തും ഉയര്‍ത്തിക്കാട്ടി വംശീയമായ ചേരിതിരിവ് സൃഷ്ടിക്കല്‍… ഇതൊക്കെയാണതിന്റെ പരീക്ഷിച്ച് വിജയിച്ച രീതികള്‍. ഇറ്റലിയില്‍ മുസോളിനി മുതല്‍ ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ വരെ ഇത് ഭംഗിയായി പരീക്ഷിച്ച് അതില്‍ വിജയം വരിച്ച ഫാസിസ്റ്റ് ഭരണാധികാരികളായി ചരിത്രത്തില്‍ ഇടം പിടിച്ചവരാണ്. സംതൃപ്തരായ ഒരു ജനതയിലാവില്ല അസംതൃപ്തരായ അസ്വസ്ഥ മനസ്‌രായ വലിയൊരു വിഭാഗം ജനങ്ങളിലാണ് ഫാസിസം അതിന്റെ വ്യാജ പ്രതീക്ഷകളുടെ കാപട്യത്തെ പരീക്ഷണ ശാലയാക്കുന്നത്.
ഫാസിസത്തിന്റെ അരങ്ങേറ്റം കാണുമ്പോള്‍ ആരും ഒരുവേള സ്തംഭിച്ചു പോവും. നിര്‍ദയത്തില്‍ ഊന്നിക്കൊണ്ടുള്ള അതിന്റെ നടത്തിപ്പുകാര്‍ ഭയം ഉത്പാദിപ്പിക്കുക മാത്രമല്ല അത് നിര്‍ലോഭമായി ജനങ്ങള്‍ക്കു മേല്‍ പ്രയോഗിക്കുക കൂടി ചെയ്യുന്നതോടെ ചെറുത്തുനില്‍പ്പിന്റെ എല്ലാ സാധ്യതകളേയും കൊട്ടിയടക്കുന്നതിലും അത് വിജയം കാണുന്നു. ആദ്യമാദ്യം ആകര്‍ഷകമായ മുദ്രാവാക്യങ്ങളിലും മധുര വാഗ്ദാനങ്ങളിലും ജനത്തെ തളച്ചിടുന്നതിലായിരിക്കും ഏതു ഫാസിസവും ബദ്ധശ്രദ്ധരാവുക.
അധ്വാനവര്‍ഗത്തിന്റെ ചോര കുടിച്ച് വളരുന്ന അഴിമതിക്കാരായ നേതാക്കള്‍ക്കെതിരെ പ്രസംഗിച്ചാണ് ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ ചുവടുറപ്പിച്ചത്.

ഹിറ്റ്‌ലറുടെ “നാസി” പാര്‍ട്ടിയെന്നാല്‍ നാഷനല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നു കൂടിയായിരുന്നു അര്‍ഥം. ഇറ്റലിയില്‍ മുസോളിനിയും തൊഴിലാളികളെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് ജനത്തെ കീഴടക്കിയത്. അവസാനം സഹികെട്ട് അതേ തൊഴിലാളികളാല്‍ തന്നെ തെരുവില്‍ വേട്ടയാടപ്പെട്ട് മരണം വരിക്കാനാണ് മുസോൡിക്ക് യോഗമുണ്ടായത്. തീവ്രദേശീയത പ്രചരിപ്പിച്ച് വംശവെറിയിലൂടെ ജൂതരെ വേട്ടയാടുന്നതില്‍ ഏറെക്കുറെ വിജയിച്ചതിനു ശേഷം ലോകത്തു നിന്ന് കമ്മ്യൂണിസത്തെ ഉന്‍മൂലനം ചെയ്യാനുള്ള പടയോട്ടത്തില്‍ സോവിയറ്റ് ചെമ്പടക്കു മുമ്പില്‍ അടിയറവു പറഞ്ഞ അഡോള്‍ഫ് ഹിറ്റ്‌ലറും ഗത്യന്തരമില്ലാതെ ചാന്‍സ്‌ലറി മന്ദിരത്തില്‍ കാമുകി ഈ വാ ബ്രോണിനുമൊത്ത് സ്വയം വെടിവെച്ച് മരിക്കേണ്ടിവന്നു. ഇതൊക്കെയാണ് ഫാസിസത്തിന്റെ തുടക്കത്തിലെ മുന്നേറ്റത്തിന്റെയും ഒടുക്കത്തിലെ പതനത്തിന്റെയും ഹ്രസ്വചരിത്രം.

ഇത്തരം ഒരു പരിസമാപ്തിയിലേക്ക് ലോക ഫാസിസത്തിന്റെ ഏറ്റവും പ്രബലമായിരുന്ന രണ്ടു ശക്തികളെ കൊണ്ടെത്തിച്ചതില്‍ വലിയൊരു പങ്ക് അവര്‍ വളര്‍ത്തിയെടുത്ത പാളയത്തിലെ പടക്കുതന്നെയുണ്ട്. ജനത്തെ മാത്രമല്ല തങ്ങളുടെ അധികാരശക്തിക്ക് പില്‍ക്കാലത്ത് വെല്ലുവിളിയാവാന്‍ സാധ്യതയുള്ള തൊട്ടു താഴെയുള്ള നേതാക്കളെ കൂടി ഭയപ്പെടുത്തി വരുതിയില്‍ നിറുത്തിയാല്‍ മാത്രമേ അധികാരം നിലനിര്‍ത്താന്‍ കഴിയൂ എന്ന ചിന്തയുടെ പ്രതിഫലനങ്ങള്‍ തന്നെയാവും ഏത് ഏകാധിപതിയുടേയും വിനാശത്തിന്റെ തുടക്കം. ഇപ്പോള്‍ ഇന്ത്യയിലെ ഫാസിസ്റ്റ് മുന്നേറ്റത്തിനും തിരിച്ചടിയുടെ തുടക്കം കുറിച്ചു തുടങ്ങിയെന്ന് വായിച്ചെടുക്കാന്‍ സമയമായി എന്നു തോന്നുന്നു.

മുമ്പ് സൂചിപ്പിച്ച ഫാസിസ്റ്റുകളുടെ രീതി കടമെടുത്തു കൊണ്ടാണ് ഇന്ത്യയിലും അത് വേരൂന്നാന്‍ ശ്രമിച്ചത്. നമ്മള്‍ പലരും ആരോപിക്കുന്നതു പോലെ വെറും സവര്‍ണ വര്‍ഗീയത മാത്രമല്ല ഒരു മുന്നേറ്റത്തിന് ഇന്ത്യന്‍ ഫാസിസത്തിനും തുണയായത്. ഹിറ്റ്‌ലറെപ്പോലെ, ഇന്ത്യന്‍ രാഷ്ടീയത്തില്‍ നിലനിന്നിരുന്ന അഴിമതിക്കെതിരെത്തന്നെയാണ് നരേന്ദ്ര മോദിയും സംസാരിച്ചത്. സംസാരം നല്ല ചടുലമായ വാക് പ്രവാഹങ്ങളുടെ ഒഴുക്കുള്ള പ്രസംഗം കൂടിയായത് ശ്രദ്ധിക്കുക. “മിന്‍ കാഫ്” എന്ന ആത്മകഥയില്‍ ഹിറ്റ്‌ലര്‍ കുറിച്ചതിങ്ങനെ: “ജനങ്ങളെ നിങ്ങളുടെ വശത്താക്കാന്‍ എഴുതപ്പെട്ട വാക്കിനേക്കാള്‍ കൂടുതല്‍ സഹായിക്കുക സംസാരിക്കുന്ന വാക്കാണ്. ലോകത്തിലെ മഹത്തായ പ്രസ്ഥാനങ്ങളെല്ലാം കടപ്പെട്ടിരിക്കുന്നത് വാഗ്മികളോടാണ്. എഴുത്തുകാരോടല്ല.” ഈയൊരു ചുവടൊപ്പിച്ചല്ലേ സംഘ്പരിവാറും ഭരണം പിടിച്ചതും ഇപ്പോള്‍ ഭരിക്കുന്നതും.

വാഗ്ദാനങ്ങളുടെ പെരുമഴ തന്നെ ഉണ്ടാക്കുന്നതിലും ഇന്ത്യന്‍ ഫാസിസവും പിശുക്ക് കാണിച്ചില്ല. ഒന്നുപോലും പാലിക്കുന്നതില്‍ പ്രായോഗികമായി വിജയിച്ചതുമില്ല. അവസാനം നാടിന്റെ സാമ്പത്തികാവസ്ഥ ഏറെ പരിതാപകരമായ അവസ്ഥയില്‍ എത്തിയെന്ന് സഹകാരികള്‍ക്ക് തന്നെ ബോധ്യം വന്നപ്പോള്‍ പാളയത്തില്‍ പടയും തുടങ്ങി. യശ്വന്ത് സിന്‍ഹയെന്ന മുന്‍ ധനമന്ത്രിക്ക് അരുണ്‍ ജെയ്റ്റ്‌ലിക്കും സാക്ഷാല്‍ മോദിക്കും എതിരില്‍ ശബ്ദിക്കേണ്ടിവരുന്നുവെങ്കില്‍ അത് ഇന്ത്യന്‍ ഫാസിസത്തിന്റെ അനിവാര്യമായ തകര്‍ച്ചക്ക് തുടക്കം കുറിക്കുന്നു എന്നു തന്നെയാണ് അര്‍ഥമാക്കേണ്ടത്. മോദിയും ഭക്തരും കൊട്ടിഘോഷിച്ച് നടപ്പാക്കിയ നോട്ട് അസാധുവാക്കലും ജി എസ് ടി നടപ്പാക്കലും എല്ലാം രാജ്യത്തെ വല്ലാതെ പിറകോട്ടേക്ക് തള്ളി എന്ന തുറന്നുപറച്ചില്‍ നുണകളില്‍ കെട്ടിപ്പടുത്ത ജനദ്രോഹ ഭരണത്തിന്റെ അന്ത്യം കുറിക്കലിനുള്ള ആദ്യത്തെ വെടിയായിത്തന്നെ കരുതണം. തന്നെയുമല്ല, കാര്യങ്ങള്‍ തുറന്നുപറയാന്‍ പലര്‍ക്കും കഴിയാതാവുന്നത് ഭയം മൂലമാണെന്നും കൂടി യശ്വന്ത് സിന്‍ഹയെപ്പോലുള്ളവര്‍ ഉണര്‍ത്തുമ്പോള്‍ ആ ഭയത്തിന്റെ കൂടാരം വിട്ട് പുറത്തുചാടാന്‍ പലരും തയ്യാറെടുക്കുന്നു എന്നതിന്റെ സൂചന കൂടി വായിച്ചെടുക്കാനാകും. അതിലുമേറെ ശ്രദ്ധേയമായ ഒന്നാണ് ഭരണകൂടത്തിന്റെ പിന്തുണക്കാരായ തൊഴിലാളി സംഘടനയായ ബി എം എസും ഈ തുറന്നു പറച്ചിലിന് മുന്നോട്ടു വരുന്നു എന്നത് .

ലോക ചരിത്രത്തില്‍ എല്ലാ ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്കും സംഭവിച്ച തിരിച്ചടികളുടെ തനിയാവര്‍ത്തനങ്ങളുടെ സൂചനകള്‍ ഇന്ത്യയിലും കണ്ടു തുടങ്ങിയെന്നര്‍ഥം. അല്ലെങ്കിലും ഫാസിസത്തിന്റെ ഏറ്റവും കെട്ടുറപ്പുള്ള ഉരുക്കു രൂപങ്ങള്‍ക്ക് പോലും അധികകാലമൊന്നും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ചരിത്ര സത്യവും നമുക്ക് മുമ്പിലുണ്ട്. ഹിറ്റ്‌ലറുടെ മൂന്നാം ജര്‍മന്‍ സാമ്രാജ്യം 12 വര്‍ഷവും നാലു മാസവും മാത്രമാണ് നില നിന്നതെന്നോര്‍ക്കുക. വിയന്നയിലെ തെരുവില്‍ കീറക്കുപ്പായമിട്ട് നടന്നിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലര്‍ക്ക് പില്‍ക്കാലത്ത് ജര്‍മനി അടക്കിഭരിക്കാന്‍ മാത്രമല്ല കഴിഞ്ഞത്. ഒരുവേള ലോകത്തെത്തന്നെ ഭയത്തിന്റെ മുള്‍മുനയില്‍ നിറുത്താന്‍ കഴിഞ്ഞു. എന്നിട്ടും ആത്യന്തികമായി തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. ഗുജറാത്തിലെ നാട്ടിന്‍പുറത്ത് ചായയടിക്കാരനായി വളര്‍ന്ന മോദിക്ക് ഇന്ത്യന്‍ ഭരണാധികാരത്തിന്റെ ചെങ്കോല്‍ ധാരിയാകാന്‍ കഴിഞ്ഞു. ഇന്ത്യന്‍ ജനതയിലും സ്വന്തം തട്ടകത്തിലും ഭയപ്പാടിന്റെ ബീജാവാപം സൃഷ്ടിക്കാനും കഴിഞ്ഞിരിക്കാം. എന്നാലും ഹിറ്റ്‌ലര്‍ക്ക് ജര്‍മനിയില്‍ കഴിയാത്തത് മോദിക്ക് ഇന്ത്യയില്‍ കഴിയില്ല എന്ന് വിശ്വസിക്കുന്നതില്‍ത്തന്നെയാണ് യുക്തി കുടികൊള്ളുന്നത്. ഫാസിസം അതിന്റെ തന്നെ സന്തതികളാല്‍ വേട്ടയാടപ്പെട്ടു തുടങ്ങിയത് ചരിത്രത്തിന്റെ ആ കാവ്യനീതിയിലേക്കുള്ള നടന്നടുക്കല്‍ തന്നെയായി കരുതണം.