Connect with us

Kerala

മുഖ്യമന്ത്രിയുടെ പ്രസ്താവന കുറ്റബോധത്തില്‍ നിന്ന് ഉണ്ടായത്; സ്വാതന്ത്ര്യസമര കാലത്തെ ആര്‍എസ്എസ് സംഭാവന അറിയാന്‍ ചരിത്രം വായിക്കണം: കുമ്മനം

Published

|

Last Updated

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ദേശവിരുദ്ധരെ സഹായിക്കുകയാണെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്തിന്റെ ആരോപണം ഓരോ കേരളീയനോടുമുള്ള വെല്ലുവിളിയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കുറ്റബോധത്തില്‍ നിന്ന് ഉണ്ടായതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. മലയാളിയുടെ അഭിമാന ബോധത്തേയും സുരക്ഷയെയും കുറിച്ച് ആശങ്കയുണ്ടെങ്കില്‍ രാഷ്ട്ര വിരുദ്ധ ശക്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രി ശ്രദ്ധിക്കേണ്ടതെന്നും കുമ്മനം ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കേരള സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ദേശവിരുദ്ധരെ സഹായിക്കുകയാണെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്തിന്റെ ആരോപണം ഓരോ കേരളീയനോടുമുള്ള വെല്ലുവിളിയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കുറ്റബോധത്തില്‍ നിന്ന് ഉണ്ടായതാണ്. മലയാളിയുടെ അഭിമാന ബോധത്തേയും സുരക്ഷയെയുംപ്പറ്റി ആശങ്കയുണ്ടെങ്കില്‍ രാഷ്ട്ര വിരുദ്ധ ശക്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് താങ്കള്‍ ശ്രദ്ധിക്കേണ്ടത്. ദേശദ്രോഹികളുടെ സുരക്ഷിത താവളമായി കേരളം മാറിയത് അങ്ങ് ഉള്‍പ്പടെയുള്ള ഭരണാധികാരികളുടെ നിരുത്തരവാദ നിലപാടുകൊണ്ടാണ്. ഇക്കാര്യം കേരളത്തിന് പുറത്തുള്ള ഒരു നേതാവ് ചൂണ്ടിക്കാട്ടിയതില്‍ അങ്ങേക്കുണ്ടായ ജാള്യം മനസ്സിലാകും.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ദേശ വിരുദ്ധരെ കേരളത്തിലെ ഇടത് വലത് മുന്നണികള്‍ സഹായിക്കുന്നതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാകും. ചത്ത കുതിരയെന്ന് ജവഹര്‍ലാല്‍ നെഹ്‌റു വിശേഷിപ്പിച്ച, ഭാരത വിഭജനത്തിന് കാരണക്കാരായ മുസ്ലീം ലീഗിന് മലപ്പുറം ജില്ല സമ്മാനിച്ച് മൃതസഞ്ജീവനി നല്‍കിയത് അങ്ങയുടെ പാര്‍ട്ടിയായിരുന്നുവെന്ന കാര്യം മറന്നിട്ടുണ്ടാവില്ലെന്ന് വിശ്വസിക്കുന്നു. അന്നു തുടങ്ങിയ വര്‍ഗീയ പ്രീണനം ഈ 2017 ല്‍ താങ്കളും നിര്‍ബാധം തുടരുകയാണ്.
കശ്മീരില്‍ കൊല്ലപ്പെട്ട തീവ്രവാദികളില്‍ ഏറിയ പങ്കും താങ്കളുടെ മുന്നണിയും യുഡിഎഫും മാറി മാറി ഭരിച്ച ഈ കൊച്ചു കേരളത്തില്‍ നിന്നായിരുന്നു. അന്താരാഷ്ട്ര ബന്ധമുണ്ടായിരുന്ന തീവ്രവാദികളെ അങ്ങയുടെ സ്വന്തം ജില്ലയായ കണ്ണൂരിലെ കനകമലയില്‍ നിന്ന് പിടികൂടിയ വിവരം മറന്നിട്ടുണ്ടാവില്ലെന്ന് വിശ്വസിക്കുന്നു. കേരളാ പൊലീസിന്റെ പിടിയിലായ അന്താരാഷ്ട്ര ഭീകരന്‍ തടിയന്റവിട നസീറിനെ വിട്ടയക്കാന്‍ ഉത്തരവിട്ടത് ആരാണെന്ന കാര്യം അങ്ങേക്ക് അറിവുണ്ടാകുമല്ലോ?
നേരത്തെ അല്‍ഖ്വയ്ദയ്ക്കും ഇപ്പോള്‍ ഐഎസ് ഭീകരര്‍ക്കുമൊക്കെ ഏറ്റവും കൂടുതല്‍ ഭീകരരെ സംഭാവന ചെയ്യുന്നതും ഈ കൊച്ചു കേരളമാണ്. ലവ് ജിഹാദെന്ന ഓമനപ്പേരില്‍ കേരളത്തിലെ കൊച്ചു പെണ്‍കുട്ടികളെ സിറിയയിലെ ഭീകര ക്യാമ്പുകളില്‍ എത്തിച്ച ഭീകരന്‍മാര്‍ ഇന്നും ഇവിടെ നിര്‍ബാധം വിഹരിക്കുന്നത് അങ്ങയുടെ കണ്‍മുന്‍പില്‍ കൂടിയാണ്. അതിന് നേതൃത്വം നല്‍കുന്നത് സത്യസരണി എന്ന കേന്ദ്രമാണെന്ന് നിരവധി അന്വേഷണ ഏജന്‍സികള്‍ പറഞ്ഞിട്ടും അവിടേക്ക് താങ്കള്‍ ഭരിക്കുന്ന പൊലീസ് തിരിഞ്ഞു നോക്കാത്തത് അവര്‍ക്കുള്ള സഹായമല്ലാതെ മറ്റെന്താണ്.

നിരവധി തീവ്രവാദ കേസുകളില്‍ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിയെ വിട്ടയക്കാന്‍ കേരള നിയമസഭ ഒന്നടങ്കം ശബ്ദമുയര്‍ത്തിയത് ദേശദ്രോഹ പ്രവര്‍ത്തനമല്ലാതെ മറ്റെന്താണ്? മദനിയെ സ്വീകരിക്കാന്‍ ശംഖുമുഖത്തെ വേദിയില്‍ കേരള മന്ത്രിസഭ ഒന്നടങ്കം എത്തിയപ്പോള്‍ അന്ന് കേരളം ഭരിച്ചിരുന്നത് താങ്കളുടെ പാര്‍ട്ടിയായിരുന്നു എന്ന് ഓര്‍മ്മിപ്പിക്കട്ടെ. ആര്‍എസ്എസ് തലവന്റെ പ്രസ്താവനയെ എതിര്‍ക്കുന്നതിന് മുന്‍പ് കേരളം കണ്ട ആദ്യ ഐഎസ് മോഡല്‍ അക്രമമായ അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതിയെ പിടികൂടാന്‍ ഒരു ശ്രമമെങ്കിലും നടത്തണമായിരുന്നു. അതേ ഭീകരത തന്നെയാണ് ഫാദര്‍ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ട് പോയതും.

പാനായിക്കുളം വാഗമണ്‍ സിമി ക്യാമ്പുകള്‍, കളമശ്ശേരി ബസ് കത്തിക്കല്‍ ഇവയൊക്കെ താങ്കള്‍ കൂടി ഭരണം കയ്യാളിയ കേരളത്തിലാണ് സംഭവിച്ചത്. കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതിയുടെ കുടുംബത്തില്‍ നടന്ന വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍ മത്സരിച്ചെത്തിയതില്‍ ഇരു മുന്നണി നേതാക്കളും ഉണ്ടായിരുന്നു.
ഇങ്ങനെ എഴുതാന്‍ തുടങ്ങിയാല്‍ നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ടാകും. കേരളത്തിന്റെ ഭരണാധികാരിയെ കുറ്റപ്പെടുത്തിയാല്‍ അത് കേരളത്തെ അധിക്ഷേപിക്കലാണെന്ന താങ്കളുടെ കണ്ടെത്തല്‍ യുക്തിക്ക് നിരക്കുന്നതാണോ?. രണ്ടിനെയും രണ്ടായി കാണാനുള്ള സാമാന്യ ബുദ്ധി മലയാളിക്കുണ്ട്. സ്വാതന്ത്ര്യ സമര കാലത്തെ ആര്‍എസ്എസിന്റെ സംഭാവന എന്താണെന്ന് അറിയാന്‍ അല്‍പ്പം ചരിത്രം വായിച്ചാല്‍ മതിയാകും. അപ്പോള്‍ ക്വിറ്റ് ഇന്ത്യാ സമരത്തെ കമ്മ്യൂണിസ്റ്റുകള്‍ ഒറ്റിയതും, ഗാന്ധിജിയെയും സുഭാഷ് ചന്ദ്രബോസിനെയും അധിക്ഷേപിച്ചതും ഇന്ത്യയെ രണ്ടാക്കിയാല്‍ പോരാ 16 രാജ്യങ്ങളാക്കണമെന്ന പഴയ സിപിഐയുടെ നിലപാടും ഒക്കെ വായിക്കേണ്ടി വരും. അതുകൊണ്ട് അതിന് മുതിരാതിരിക്കുകയാവും നല്ലത്. താങ്കളുടെ സഹപ്രവര്‍ത്തകനായ വി എസ് അച്യുതാനന്ദനെതിരെ ഇന്ത്യാ ചൈന യുദ്ധ സമയത്ത് പാര്‍ട്ടി നടപടി സ്വീകരിച്ചത് എന്തിനാണെന്ന് കൂടി ഓര്‍മ്മിക്കുക. ഇതൊക്കെ ഓര്‍ക്കാതിരിക്കലാകും താങ്കള്‍ക്കും താങ്കളുടെ പാര്‍ട്ടിക്കും നല്ലത്.