ഫിഫാ അണ്ടര്‍ 17 ലോകകപ്പ്: ടീമുകള്‍ നാളെ കൊച്ചിയില്‍

Posted on: October 2, 2017 10:04 am | Last updated: October 2, 2017 at 10:04 am
SHARE

കൊച്ചി: ഫിഫാ അണ്ടര്‍ 17 ലോകകപ്പിനുള്ള ടീമുകള്‍ നാളെ കൊച്ചിയിലെത്തും. കൊച്ചിയില്‍ കളിക്കുന്ന ഡി ഗ്രൂപ്പിലെ ബ്രസീലും സ്‌പെയിനും ഉള്‍പ്പെടെയുള്ള ടീമുകള്‍ നാളെ നെടുമ്പാശ്ശേരിയില്‍ എത്തും. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ബ്രസീല്‍ ടീം നേരത്തെ തന്നെ ഇന്ത്യയിലെത്തികഴിഞ്ഞു. മുംബൈയില്‍ തങ്ങുന്ന ബ്രസീല്‍ ടീം നാളെ രാവിലെ 11.30 ഓടെ നെടുമ്പാശ്ശേരിയിലെത്തും. ഡി ഗ്രൂപ്പിലെ മറ്റൊരു ഗ്ലാമര്‍ ടീമായ സ്‌പെയിനും നാളെ കൊച്ചിയുടെ മണ്ണിലെത്തും. പുലര്‍ച്ചെ മൂന്നിനാണ് കാളക്കൂറ്റന്മാരുടെ വരവ്. ഉച്ചകഴിഞ്ഞാണ് നൈജറും, ഉത്തരകൊറിയയും എത്തുന്നത്.
ഫുട്‌ബോളിന് ഏറെ ആരാധകരുള്ള കേരളത്തിലേക്കെത്തുന്ന ലോകകപ്പ് ടീമംഗങ്ങള്‍ക്ക് ഹൃദ്യമായ സ്വീകണമൊരുക്കാനാണ് അധികൃതര്‍ തയ്യാറെടുത്തിരിക്കുന്നത്. ഫിഫ അധികൃതരും, കസ്റ്റംസും സംയുക്തമായിട്ടാണ് സ്വീകരണമൊരുക്കുക. അതേസമയം നാളെ ടീമുകള്‍ പരിശീലനത്തിനിറങ്ങില്ല. ബുധനാഴ്ച ഫോര്‍ട്ട്‌കൊച്ചിയില്‍ തയാറാക്കിയ മൈതാനത്തിലാണ് ബ്രസീല്‍ ടീം പരിശീലനത്തിനിറങ്ങും. മഹാരാജാസ് കോളജ് ഗ്രൗണ്ട്, പനമ്പള്ളി നഗര്‍, വെളി മൈതാനങ്ങളാണ് മറ്റ് ടീമുകള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്.

രാത്രികാലങ്ങളില്‍ പരിശീലനം നടത്തുന്ന രീതിയിലാണ് നിലവില്‍ ടീമുകള്‍ക്ക് നല്‍കിയിരിക്കുന്ന ഷെഡ്യൂള്‍. പരിശീലന മൈതാനങ്ങളില്‍ ഫ്‌ളഡ് ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പൂര്‍ണസജ്ജമാണ്. ടീമുകള്‍ക്ക് ഫിഫയുടെ നിര്‍ദേശാനുസരണമുള്ള സുരക്ഷയും ഒരുക്കിയിട്ടുണ്ട്. ടീമുകള്‍ പരിശീലനം നടത്തുന്ന മൈതാനങ്ങളും സഞ്ചരിക്കുന്ന വഴികളും കനത്ത പോലീസ് കാവലില്‍ ആയിരിക്കും. പരിശീലന മൈതാനങ്ങള്‍ക്ക് ചുറ്റും പോലീസ് സേന നിലയുറപ്പിക്കും.
ശനിയാഴ്ച തന്നെ ഡി ഗ്രൂപ്പിലെ നാല് ടീമുകളും കലൂര്‍ സ്‌റ്റേഡിയത്തില്‍ ബൂട്ട് കെട്ടും. വൈകകീട്ട് അഞ്ചിന് നടക്കുന്ന ആദ്യമത്സരത്തില്‍ കരുത്തരായ ബ്രസീലും സ്‌പെയിനുമാണ് ഏറ്റുമുട്ടുന്നത്. രാത്രി എട്ടിന് നൈജറിനെ കൊറിയയും നേരിടും. തുടര്‍ന്ന്് 10, 13, 18, 22 തീയതികളില്‍ കൊച്ചിയില്‍ മത്സരങ്ങളുണ്ടാകും. 13 ന് വൈകീട്ട് അഞ്ചിന് ഗ്രൂപ്പ് സിയിലെ ഘാന- ജര്‍മനി ടീമുകളുടെ പോരാട്ടവും കൊച്ചിയിലായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here