Connect with us

Gulf

ആര്‍ എസ് സി സാഹിത്യോത്സവുകള്‍ക്ക് തുടക്കമായി

Published

|

Last Updated

കലാ, സാഹിത്യങ്ങളിലെ മൂല്യ ശോഷണത്തിന് ബദലായിട്ടാണ് സാഹിത്യോത്സവുകളെ ആര്‍ എസ് സി ഗള്‍ഫ് മലയാളികള്‍ക്കായി അവതരിപ്പിച്ചത്. സൗഹൃദപരമായ മത്സരങ്ങളിലൂടെ ഗള്‍ഫ് വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും കഴിവുകളെ സമ്പന്നമാക്കാന്‍ സാഹിത്യോത്സവിലൂടെ സാധിക്കുന്നുണ്ട്. ഇതിലൂടെ സാംസ്‌കാരിക രംഗത്ത് സജീവമാകാനും പ്രചോദനവുമാവുന്നു. കഴിഞ്ഞ എട്ട് വര്‍ഷമായി ഏറ്റവും വലിയ സംസ്‌ക്കാരികാഘോഷമായി ഇതിനെ പ്രവാസികള്‍ ഏറ്റെടുക്കുകയും ചെയ്തു. കൂടുതല്‍ ഇനങ്ങളെയും വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയാണ് ഒമ്പതാമത് സാഹിത്യോത്സവ് അരങ്ങിലെത്തുന്നത്.

മാപ്പിളപ്പാട്ട്, മാലപ്പാട്ട്, കഥ പറയല്‍, ആംഗ്യപ്പാട്ട്, ജലഛായം, ദഫ്, ഖവാലി, കഥ, കവിത രചനകള്‍, കവിതാ പാരായണം, ഭാഷാ കേളി, വിവിധ ഭാഷകളിലെ പ്രസംഗങ്ങള്‍, വിവര്‍ത്തനം, വായന തുടങ്ങി 73 ഇനങ്ങളിലാണ് ഇത്തവണത്തെ സാഹിത്യോത്സവ്. കെ ജി വിദ്യാര്‍ഥികള്‍ മുതല്‍ 30 വയസ് വരെയുള്ള യുവതി, യുവാക്കളെ വിവിധ വിഭാഗങ്ങളാക്കിയാണ് മത്സരം ക്രമീകരിക്കുക.

യൂനിറ്റ് മത്സരങ്ങളില്‍ മികവ് പുലര്‍ത്തുന്നവര്‍ സെക്ടര്‍ സാഹിത്യോത്സവുകളിലേക്ക് യോഗ്യത നേടും. വിവിധ സെക്ടറുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ നവംബര്‍ ആദ്യ വാരം നടക്കുന്ന സെന്‍ട്രല്‍ മത്സരങ്ങളില്‍ മാറ്റുരയ്ക്കും. ഇതിന് ശേഷം നാഷനല്‍ മത്സരത്തോടെയാണ് സാഹിത്യോത്സവ് സമാപിക്കുന്നത്. മത്സരങ്ങള്‍ക്ക് മുന്നോടിയായി വ്യത്യസ്ത അഭിരുചികളുള്ളവരെ കണ്ടെത്തി ആവശ്യമായ പരിശീലനം നല്‍കുന്ന ഒഡീഷനുകള്‍ വിവിധ സെന്‍ട്രല്‍ കലാലയം സംഘങ്ങള്‍ക്ക് കീഴിലായി നടന്ന് വരികയാണ്.

Latest