ഭീതി പടര്‍ത്തി ഉത്തര കൊറിയയുടെ മിസൈല്‍ വിന്യാസം

Posted on: October 1, 2017 1:27 am | Last updated: September 30, 2017 at 11:39 pm

സിയോള്‍: ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് പിന്നാലെ കൊറിയന്‍ മേഖലയില്‍ യുദ്ധഭീതി പടര്‍ത്തി വീണ്ടും ഉത്തര കൊറിയ. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ തലസ്ഥാനമായ പ്യോംഗ്‌യാംഗില്‍ നിന്ന് മറ്റൊരിടത്ത് ഉത്തര കൊറിയ വിന്യസിച്ചതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയിലെയും യു എസിലെയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദക്ഷിണ കൊറിയയിലെ വാര്‍ത്താ ഏജന്‍സിയായ കെ ബി എസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. പ്യോംഗ്‌യാംഗിന്റെ വടക്കന്‍ പ്രദേശത്തെ സനുംദോംഗിലെ മിസൈല്‍ ഗവേഷണ വികസന കേന്ദ്രത്തില്‍ നിന്നാണ് മിസൈല്‍ മാറ്റിയത്. എന്നാല്‍, എപ്പോഴാണ്, എവിടേക്കാണ് മിസൈല്‍ മാറ്റിയതെന്ന് വ്യക്തമായ വിവരമില്ല.

മധ്യദൂര ബാലിസ്റ്റിക് മിസൈലായ ഹ്വാസോംഗ്- 12, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോംഗ്- 14 എന്നിവയില്‍ ഏതെങ്കിലും ഒന്നാണ് വിന്യസിച്ചതെന്നാണ് റിപ്പോര്‍ട്ട്. സനുംദോംഗിലെ മിസൈല്‍ ഗവേഷണ വികസന കേന്ദ്രത്തില്‍ പ്രധാനമായും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് നിര്‍മിക്കുന്നത്. എന്നാല്‍, അസാധാരണമായ പ്രവര്‍ത്തനങ്ങള്‍ എന്തെങ്കിലും നടന്നതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ദക്ഷിണ കൊറിയയിലെ പ്രതിരോധ മന്ത്രാലയം പറയുന്നു.

മേഖലയില്‍ യുദ്ധഭീതി പടര്‍ത്തി ഉത്തര കൊറിയ പ്രകോപനപരമായ നീക്കങ്ങള്‍ തുടരുകയാണെന്ന് ദക്ഷിണ കൊറിയ കുറ്റപ്പെടുത്തി. നേരത്തെ പസഫിക് സമുദ്രത്തില്‍ ഏറ്റവും ശക്തിയേറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുമെന്ന് ഉത്തര കൊറിയ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര സമ്മര്‍ദം വകവെക്കാതെ ജപ്പാന് മുകളിലൂടെ രണ്ട് തവണ ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു.

അതേസമയം, യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ആദ്യ ഏഷ്യന്‍ സന്ദര്‍ശനം നവംബറില്‍ നടത്തും. ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്‌നാം, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങള്‍ ട്രംപ് സന്ദര്‍ശിക്കും. ഉത്തര കൊറിയ ഉയര്‍ത്തുന്ന ആണവ ഭീഷണി രാഷ്ട്ര നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.