സഹായിക്കാന്‍ ഇനി ‘രക്ഷ’യുണ്ട്

Posted on: September 29, 2017 8:51 am | Last updated: September 28, 2017 at 11:53 pm
SHARE

തിരുവനന്തപുരം: പോലീസ് വിവരങ്ങള്‍ക്കും അടിയന്തര സഹായത്തിനുമായി ഇനി മൊബൈല്‍ ഫോണിലും സംവിധാനം. ഇതിനായുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ വന്നു. ‘രക്ഷ’ എന്ന പേരിലുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. സുരക്ഷക്കും ട്രാഫിക് ബോധവത്കരണത്തിനുമായി മൂന്ന് മൊബൈല്‍ ആപ്പുകളും ഇതോടൊപ്പം പരീക്ഷണാടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുണ്ട്.

പോലീസിനെ കുറിച്ചുള്ള പൊതുവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൊബൈല്‍ ആപ്പാണ് രക്ഷ. ആന്‍ഡ്രോയിഡ്/ഐ ഒ എസ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ മൊബൈല്‍ ആപ്പ് പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ മേല്‍നോട്ടത്തില്‍ കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ വഴിയാണ് രൂപകല്പന ചെയ്തിരിക്കുന്നത്. പോലീസ് സേവനങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ സുതാര്യതയോടെ എത്തിക്കുന്നതിന് കഴിയും വിധമാണ് രക്ഷ തയ്യാറാക്കിയിരിക്കുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നേരിട്ടോ https:// play. google.com/store/apps/detailsid.org.keralapolice. raksha എന്ന ലിങ്കില്‍ നിന്നോ രക്ഷ ഡൗണ്‍ലോഡ് ചെയ്യാം.

സ്റ്റേഷന്‍ എസ് എച്ച് ഒമാര്‍ മുതല്‍ സംസ്ഥാന പോലീസ് മേധാവി വരെയുള്ളവരുടെ ഫോണ്‍ നമ്പറുകള്‍, വിവിധ യൂനിറ്റുകളിലെ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടെയുള്ള പോലീസ് ടെലിഫോണ്‍ ഡയറക്ടറി ഇതില്‍ ലഭ്യമാണ്. ഇതിലൂടെ എല്ലാ പോലീസ് ഓഫീസുകളിലേക്കും ബന്ധപ്പെടാം. തൊട്ടടുത്ത പോലീസ് സ്റ്റേഷനുകളും ഓരോ പ്രദേശത്തിന്റെയും അധികാരപരിധിയിലുള്ള പോലീസ് സ്റ്റേഷനും കണ്ടെത്തുന്നതിനും ആ സ്റ്റേഷനിലേക്ക് ബന്ധപ്പെടുന്നതിനും സ്റ്റേഷനിലേക്കുള്ള മാര്‍ഗം ജി പി എസ് മുഖേന മനസ്സിലാക്കുന്നതിനുമുള്ള സംവിധാനവും രക്ഷയിലുണ്ട്. നടപടിക്രമങ്ങള്‍ സംബന്ധിച്ച സംശയനിവാരണവും ഈ മൊബൈല്‍ ആപ്പിലുണ്ട്. എമര്‍ജന്‍സി ഹെല്‍പ്‌ലൈന്‍ നമ്പറുകള്‍, സ്ത്രീ സുരക്ഷാ നിര്‍ദേശങ്ങള്‍, പോലീസ് വാര്‍ത്തകളും അറിയിപ്പുകളും, ഗതാഗത സുരക്ഷാ നിര്‍ദേശങ്ങള്‍, ജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ തുടങ്ങിയവയും ഇതില്‍ ലഭിക്കും.

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ സ്റ്റാറ്റസ്, എഫ് ഐ ആര്‍ ഡൗണ്‍ലോഡ് ചെയ്യല്‍, പെറ്റിഷന്റെ നിലവിലുള്ള സ്ഥിതി മനസ്സിലാക്കല്‍ തുടങ്ങി വെബ്‌സൈറ്റില്‍ ലഭ്യമായ ഇ സര്‍വീസുകളിലേക്കുള്ള ലിങ്കുകളും ഇതില്‍ ലഭ്യമാണ്.
രക്ഷ ഉള്‍പ്പെടെയുള്ള മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പൊതുജനങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൂടി സ്വീകരിച്ച് മെച്ചപ്പെടുത്തി അന്തിമരൂപത്തില്‍ പുറത്തിറക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഒക്‌ടോബര്‍ മൂന്ന് വരെ ഇതിനായുള്ള നിര്‍ദേശങ്ങള്‍ താഴെപ്പറയുന്ന ഇ മെയില്‍ വിലാസത്തിലേക്ക് അയക്കാം. aig2phq.pol @kerala.gov.in, info. [email protected], [email protected], [email protected]

 

 

LEAVE A REPLY

Please enter your comment!
Please enter your name here