അമീറിന്റെ സ്വീകരണത്തിന് ശേഷം മൂന്ന് മണിക്കൂറിനുള്ളില്‍ കോര്‍ണിഷ് ക്ലീന്‍

Posted on: September 27, 2017 7:13 pm | Last updated: September 27, 2017 at 7:13 pm

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് ജനകീയ സ്വീകരണം നല്‍കിയ ശേഷം ദോഹ കോര്‍ണിഷ് വൃത്തിയാക്കിയത് റെക്കോര്‍ഡ് സമയത്തിനുള്ളില്‍.
പൊതുശുചിത്വ വകുപ്പിലെ ജീവനക്കാരുടെ ആഭിമുഖ്യത്തില്‍ മൂന്ന് മണിക്കൂറിനുള്ളില്‍ നഗരസഭ, പരിസ്ഥിതി മന്ത്രാലയം പൊതുശുചിത്വ വിഭാഗം അറിയിച്ചു.

വിദേശപര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ അമീറിനെ വരവേല്‍ക്കുന്നതിനായി കോര്‍ണീഷില്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്. സ്വീകരണം കഴിഞ്ഞ് ജനക്കൂട്ടം പിരിഞ്ഞുപോയ ശേഷം റെക്കോര്‍ഡ് സമയത്തിലാണ് കോര്‍ണിഷ് പ്രദേശം വൃത്തിയാക്കിയതെന്ന് വകുപ്പ് ഡയറക്ടര്‍ സഫര്‍ മുബാറക് അല്‍ ശാഫി അറിയിച്ചു.
അമീറിനെ സ്വകീരിക്കാന്‍ ജനസഞ്ചയമായിരുന്നു കോര്‍ണീഷിലെത്തിയത്. തിരക്ക് മുന്നില്‍ക്കണ്ട് സ്വീകരണപരിപാടിക്കുശേഷം കോര്‍ണിഷ് ശുചീകരിക്കുന്നതിനായി പ്രത്യേക പദ്ധതി തയാറാക്കിയിരുന്നതായി അല്‍ ശാഫി പറഞ്ഞു.

ഇതിനായി പ്രത്യേക ടീം രൂപവത്കരിക്കുകയും പ്രവര്‍ത്തനം നിയന്ത്രിക്കുകയും ചെയ്തു. സംഘടിതമായ രീതിയില്‍ ശുചീകരണം പൂര്‍ത്തിയാക്കാനായി ജീവനക്കാരെ നിയോഗിക്കുകയായിരുന്നു.
ഇതിന്റെ ഫലമായാണ് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കോര്‍ണീഷ് വൃത്തിയാക്കാനായത്.