Connect with us

Articles

പ്രതീക്ഷാഭരിതം, ഈ ക്യാമ്പസ് വിജയങ്ങള്‍

Published

|

Last Updated

സംഘ് പരിവാര്‍ ഫാസിസത്തെ ഭാരതത്തില്‍ നിന്ന് തുടച്ച് നീക്കണമെന്നാണ് രാജ്യത്തെ പ്രധാനപ്പെട്ട ക്യാമ്പസുകളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വിളിച്ചോതുന്നത്. ക്ഷുഭിത യൗവനം ഫാസിസത്തിന്റെ താണ്ഡവങ്ങള്‍ക്കെതിരെ പടയോട്ടം നടത്തുമെന്നാണ് ജവാഹര്‍ലാല്‍ നെഹ്‌റു, ഡല്‍ഹി, ഹൈദരാബാദ് യൂനിവേഴ്‌സിറ്റികളിലെ തിരഞ്ഞെടുപ്പ് ചിത്രങ്ങള്‍ സമൂഹത്തിന് കാണിച്ച് കൊടുക്കുന്നത്.

ഇവിടങ്ങളിലെല്ലാം ബി ജെ പി യുടെ വിദ്യാര്‍ഥി സംഘടനയായ എ ബി വി പി (അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്) കനത്ത പരാജയമാണ് നേരിട്ടത്. കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യുവത്വം പ്രതിഷേധാഗ്നി തീര്‍ക്കുന്നു എന്നതാണ് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ക്യാമ്പസുകളില്‍ നേടുന്ന വിജയം കാണിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ വൈജ്ഞാനിക കലാലയമായ ഡല്‍ഹി സര്‍വകലാശാലയില്‍ ഇത്തവണ എ ബി വി പിക്ക് അടിത്തെറ്റി. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ക്യാമ്പസില്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ എന്‍ എസ് യു ഐ (നാഷണല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ ഓഫ് ഇന്ത്യ) അഞ്ച് വര്‍ഷത്തിന് ശേഷം എ ബി വി പി യുടെ ഏകാധിപത്യത്തിന് അടിത്തറയിളക്കി. 2012 ന് ശേഷം ആദ്യമായാണ് എന്‍ എസ് യു ഐ റോക്കി തുഷാറിലൂടെ പ്രസിഡന്റ് പദവി തിരിച്ച് പിടിച്ചത്. വൈസ് പ്രസഡന്റ് പദവിയും സംഘടന പിടിച്ചടക്കി. ജോയിന്റ് സെക്രട്ടറി ഫലത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.

എ ബി വി പിയുടെ ഏകാധിപത്യം തകര്‍ത്തെറിഞ്ഞാണ് എന്‍ എസ് യു ഐ തലസ്ഥാന നഗരിയില്‍ വിജയ ഗാഥ രചിച്ചത്. സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സീറ്റുകള്‍ മാത്രമേ എ ബി വി പിക്ക് കിട്ടിയുള്ളൂ. ബി ജെ പിയുടെ പ്രത്യയശാസ്ത്രത്തിനും കുടില രാഷ്ട്രീയത്തിനും ഏറ്റ മുഖമടച്ചുള്ള അടിയാണ് ഇത്. ഇവിടെയുള്ള വിദ്യാര്‍ഥികളെല്ലാം ധൈഷണിക ചിന്താ ധാരയുള്ളവരായതിനാല്‍ പണവും ചെപ്പടി വിദ്യയുമൊന്നും ക്യാമ്പസുകളില്‍ വിലപ്പോകില്ല.
ജെ എന്‍ യുവില്‍ ഇത്തവണ അക്കൗണ്ട് തുറക്കാന്‍ പോലും എ ബി വി പിക്ക് സാധിച്ചില്ല. മുഴുവന്‍ സീറ്റുകളിലും ഐസ – എസ് എഫ് ഐ – ബി എസ് എഫ് സഖ്യമാണ് വിജയിച്ചത്. ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എ ബി വി പിയെ തൂത്തെറിഞ്ഞു. ഇടത്- ദളിത്- മുസ്‌ലിം – ആദിവാസി സഖ്യത്തിന് വന്‍ വിജയമാണ് ഈ ക്യാമ്പസ് സമ്മാനിച്ചത്. അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് സഖ്യത്തിന്റെ മലയാളിയായ നേതാവ് ശ്രീരാഗ് പൊയക്കാടനാണ് ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ പ്രസിഡന്റായി ആധികാരിക വിജയം നേടിയത്. പഞ്ചാബ് സര്‍വകലാശാലയും നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം എന്‍ എസ് യു ഐ തിരിച്ചു പിടിച്ചു. എ ബി വി പി യുടെ അഭിമാന സര്‍വകലാശാലകളായ രാജസ്ഥാന്‍, ഉദയ്പൂര്‍ എന്നിവിടങ്ങളിലെല്ലാം അവര്‍ക്ക് അടിപതറി.
ഗുവഹാത്തി സര്‍വകലാശാലകളില്‍ ആകെയുള്ള 15 സീറ്റിലും ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയന്‍ ആണ് വിജയിച്ചത്. കേരളത്തിലും ത്രിപുരയിലുമൊന്നും എ ബി വി പി ചിത്രത്തിലേ ഇല്ല. ബഹുസ്വരതയുടെ ചൈതന്യമുള്ള രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് ബി ജെ പി ഭരണം നില നിര്‍ത്താന്‍ വേണ്ടി നടപ്പിലാക്കുന്നത്. ഇത് യുവത്വം തിരിച്ചറിയുന്നുണ്ട് എന്നാണ് ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. തിന്നാനും മിണ്ടാനും പാടാനും പറയാനുമെല്ലാമുള്ള സ്വാതന്ത്ര്യത്തെ ഹനിക്കാന്‍ ആര് വന്നാലും അംഗീകരിച്ച് കൊടുക്കുന്ന പ്രശ്‌നമില്ലെന്ന് ഈ വിദ്യാര്‍ഥികള്‍ ഉദ്‌ഘോഷിക്കുന്നു.

വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ആര്‍ എസ് എസ് വത്കരണം നടത്തി കൊണ്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയായ രോഹിത് വെമുലക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നത് ഇതിന്റെ ഇരയായാണ്. യു പി എ സര്‍ക്കാറിന്റെ കാലത്ത് ക്യാമ്പസുകളില്‍ അസ്വസ്ഥതയുണ്ടായിരുന്നില്ല. എന്നാല്‍ ബി ജെ പി ഭരണത്തിലേറിയ ശേഷം വ്യാപകമായ പ്രശ്‌നങ്ങളാണ് ഉടലെടുത്തത്. ജെ എന്‍ യു വിലെ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റായിരുന്ന കനയ്യകുമാറിനെയും ഉമര്‍ഖാലിദിനെയുമെല്ലാം രാജ്യ ദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ക്യാമ്പസുകളില്‍ നിന്ന് അലയടിച്ചിരുന്നത്. പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.
എ ബി വി പിക്കാരുടെ മര്‍ദനത്തിന് ഇരയായ ജെ എന്‍ യു വിലെ ഗവേഷക വിദ്യാര്‍ഥിയായ നജീബിനെ കാണാതായിട്ട് മാസങ്ങളായി. നജീബിനായി രാജ്യം കേഴുകയാണ്. വിദ്യാഭ്യാസമുള്ള യുവത്വത്തെ സംഘ് പരിവാര്‍ ഫാസിസത്തിന് എന്നും ഭയമാണ്. തങ്ങളുടെ അജന്‍ഡകള്‍ നടപ്പാക്കുമ്പോള്‍ അതിനെ വിദ്യാഭ്യാസമുള്ള യുവത്വം തുറന്ന് കാണിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നു എന്നത് കൊണ്ടാണ് അത്.

ക്യാമ്പസുകളിലെല്ലാം ഫാസിസ്റ്റ് അജന്‍ഡ നടപ്പിലാക്കാന്‍ വേണ്ടി ബി ജെ പി അനുകൂല വൈസ് ചാന്‍സിലര്‍മാരെയാണ് കേന്ദ്ര സര്‍ക്കാര്‍ തിരുകി കയറ്റുന്നത്. ക്യാമ്പസുകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ മെനഞ്ഞ കൃത്യമായ പദ്ധതിയുടെ ഭാഗമാണ് ഇത്. ചരിത്ര പാഠങ്ങളെ വളച്ചൊടിച്ച് അവതരിപ്പിക്കുന്ന സംഘ് ശക്തികള്‍ അക്കാദമിക ലോകത്തെ മലീമസമാക്കുകയാണ്.

റോഹിംഗ്യന്‍ വിഷയം, എഴുത്തുകാരുടെ കൊലപാതകം , നോട്ടു നിരോധനം തുടങ്ങിയ രാജ്യത്തിന്റെ പ്രശ്‌നങ്ങളെല്ലാം തിരഞ്ഞെടുപ്പ് സമയത്ത് ക്യാമ്പസുകളില്‍ ചര്‍ച്ചയായിരുന്നു. ഇത് ആരോഗ്യമുള്ള ക്യാമ്പസിനെയാണ് കാണിക്കുന്നത്. പന്‍സാരെ, ധബോല്‍ക്കര്‍, എം എം കല്‍ബുര്‍ഗി, ഒടുവില്‍ ഗൗരി ലങ്കേഷ് എന്നിവര്‍ക്കെതിരെ തൊടുക്കുന്ന വെടിയുണ്ടകള്‍ ക്യാമ്പസുകള്‍ നെഞ്ചേറ്റുകയാണ്. ഫാസിസത്തിനെതിരായ പോരാട്ടം ക്യാമ്പസുകള്‍ തുടങ്ങിക്കഴിഞ്ഞു. ഇത് രാജ്യത്തിന്റെ പരിച്ഛേദമാണ്. ജനങ്ങളുടെ യഥാര്‍ഥ വികാരത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ മാറ്റം മനസ്സിലാക്കണം. ഉണരണം.

 

Latest