ഗൗരി ലങ്കേഷ് വധം; സി സി ടി വി ദൃശ്യം യു എസില്‍ പരിശോധനക്ക് അയച്ചു

Posted on: September 26, 2017 11:46 pm | Last updated: September 26, 2017 at 10:47 pm

ബെംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സി സി ടി വി ദൃശ്യങ്ങള്‍ വിദഗ്ധ പരിശോധനക്ക് അമേരിക്കയിലെ ഡിജിറ്റല്‍ ലാബിലേക്ക് അയച്ചു. സെപ്തംബര്‍ അഞ്ചിന് നടന്ന കൊലപാതകത്തില്‍ പോലീസിന്റെ പക്കലുള്ള ഏക തെളിവാണ് ഗൗരി ലങ്കേഷിന്റെ വീട്ടിലെ സി സി ടി വി ദൃശ്യങ്ങള്‍.

കേസന്വേഷണത്തില്‍ ഏറെ നിര്‍ണായകമാണ് ഈ ദൃശ്യങ്ങള്‍. ഇവയുടെ വ്യക്തതക്കുറവ് അന്വേഷണ പുരോഗതിക്ക് തടസ്സമാകുന്ന പശ്ചാത്തലത്തിലാണ് ഡിജിറ്റല്‍ ലാബിന് കൈമാറിയത്. ദൃശ്യങ്ങളുടെ വിദഗ്ധ പരിശോധനയിലൂടെ അക്രമികളെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൗരിയുടെ വീട്ടില്‍ സ്ഥാപിച്ച സി സി ടി വിയിലെ മുഴുവന്‍ ദൃശ്യങ്ങളും ശേഖരിക്കാന്‍ സാധിച്ചതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സമാനമായ കേസില്‍ ഉള്‍പ്പെട്ട പ്രതികളുടെ ചിത്രങ്ങള്‍ സി സി ടി വി ദൃശ്യങ്ങളിലെ വ്യക്തികളുമായി പോലീസ് ഒത്തുനോക്കിയിരുന്നു. കൊലപാതക സംഘത്തിന്റെയോ അവര്‍ ഉപയോഗിച്ച ബൈക്കിന്റെയോ കൃത്യമായ വിവരം പോലീസിന് ലഭിച്ചിട്ടില്ല. ഹെല്‍മറ്റ് ധരിച്ചെത്തിയ ഘാതകരുടെ ദൃശ്യം രണ്ട് സി സി ടി വി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. അക്രമികള്‍ ഉപയോഗിച്ച ചുവപ്പ് നിറത്തിലുള്ള പള്‍സര്‍ ബൈക്ക് കണ്ടെടുക്കുന്നതും അന്വേഷണ സംഘത്തിന് മുന്നിലുള്ള വെല്ലുവിളിയാണ്.
അതിനിടെ, അയല്‍വാസിയായ വിദ്യാര്‍ഥി പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ണായക ദൃക്‌സാക്ഷി മൊഴി നല്‍കി. രാജരാജേശ്വരി നഗറിലെ വീട്ടിന് മുന്നില്‍ ഗൗരി കൊല്ലപ്പെട്ട ദിവസം രാത്രി ഹെല്‍മറ്റ് ധരിച്ച രണ്ട് പേരാണ് ബൈക്കില്‍ എത്തിയതെന്നാണ് വിദ്യാര്‍ഥി യുടെ മൊഴി. തന്നെ ഇരുവരും കണ്ടിരുന്നതായും ഇവര്‍ കൊലപ്പെടുത്തുമെന്ന് ഭയമുള്ളതിനാല്‍ നഗരം വിട്ടുപോകുകയായിരുന്നുവെന്നും വിദ്യാര്‍ഥി പറഞ്ഞു.

ഇതേത്തുടര്‍ന്ന് രണ്ട് പേരെ കഴിഞ്ഞ ദിവസം എസ് ഐ ടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. നരേന്ദ്ര ധബോല്‍ക്കര്‍ വധക്കേസില്‍ സി ബി ഐ കസ്റ്റഡിയിലുള്ള സനാതന്‍ സന്‍സ്ത പ്രവര്‍ത്തകന്‍ ഡോ. വീരേന്ദ്ര താവ്‌ഡെയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനും എസ് ഐ ടി ശ്രമം നടത്തുന്നുണ്ട്. സനാതന്‍ സന്‍സ്തക്ക് ആയുധങ്ങള്‍ എത്തിച്ചുകൊടുത്തതിനാണ് താവ്‌ഡെയെ കഴിഞ്ഞ വര്‍ഷം സി ബി ഐ കസ്റ്റഡിയിലെടുത്തത്.
കര്‍ണാടകയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷിനെ സെപ്തംബര്‍ അഞ്ചിന് രാത്രിയോടെയാണ് അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ബെംഗളൂരു രാജരാജേശ്വരി നഗറിലെ വീട്ടില്‍ രാത്രി എട്ടോടെയായിരുന്നു സംഭവം.