International
വിമാനങ്ങള്‍ വെടിവെച്ചിടുമെന്ന് കൊറിയ; യുദ്ധപ്രഖ്യാപനം നടത്തിയിട്ടില്ലെന്ന് യുഎസ്

വാഷിംഗ്ടണ്‍: ഉത്തര കൊറിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎസ്. ഉത്തര കൊറിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചെന്ന വാര്‍ത്ത അസംബന്ധമാണെന്ന് വൈറ്റ് ഹൗസ് വക്താവ് സാറ സാന്‍ഡേഴ്‌സ് വ്യക്തമാക്കി. കൊറിയന്‍ ഉപഭൂഖണ്ഡത്തെ അണ്വായുധ മുക്തമാക്കി സമാധാനത്തിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉത്തര കൊറിയ അധികാലം മുന്നോട്ട് പോകില്ലെന്ന ട്രംപിന്റെ ട്വീറ്റ് യുദ്ധ പ്രഖ്യാപനമായാണ് കാണുന്നതെന്ന് ഉത്തര കൊറിയ വിദേശകാര്യ മന്ത്രി റി യോംഗ് ഹോ പറഞ്ഞ പശ്ചാത്തലത്തിലാണ് യുഎസ് നിലപാട് വിശദീകരിച്ചത്.
ഇനി കൊറിയ നോക്കി നില്‍ക്കില്ലെന്നും കൊറിയന്‍ ഉപദ്വീപിന് മുകളില്‍ പറക്കുന്ന ഏത് യു എസ് വിമാനവും വെടിവെച്ചിടുമെന്നും റി യോംഗ് ഹോ പറഞ്ഞിരുന്നു. ഉത്തര കൊറിയക്ക് പ്രവേശിച്ചോ, ഇല്ലയോ എന്നത് ഇനി പ്രശ്‌നമല്ല. തുറന്ന യുദ്ധ പ്രഖ്യാപനം നടത്തിയ അമേരിക്കക്കെതിരെ ഏത് സാധ്യതയും ഉപയോഗിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഉത്തര കൊറിയയുടെ കിഴക്കന്‍ തീരത്തിന് മുകളില്‍ കഴിഞ്ഞ ദിവസം അമേരിക്കയുടെ യുദ്ധവിമാനങ്ങള്‍ പറന്നിരുന്നു. ഇതിന്റെ വെളിച്ചത്തില്‍ കൂടിയാണ് യുദ്ധം തുടങ്ങിക്കഴിഞ്ഞുവെന്ന തരത്തില്‍ ഉ. കൊറിയ പ്രതികരിക്കുന്നത്.
വ്യോമസേനയുടെ ബി-1 ബി ലാന്‍സര്‍ ബോംബറുകളും എഫ്-15 സി ഈഗിള്‍ പോര്‍ വിമാനങ്ങളും ശനിയാഴ്ചയാണ് ഉത്തര കൊറിയയുടെ കിഴക്കന്‍ തീരത്തിന് മുകളില്‍ പറന്നത്. യുദ്ധവിമാനങ്ങള്‍ സാധാരണഗതിയില്‍ പറക്കാറില്ലാത്ത ഇരു കൊറിയക്കുമിടയിലെ സൈനിക വിമുക്ത മേഖലയില്‍ (ഡി എം സെഡ്) കൂടിയാണ് ഇത്തവണ പോര്‍വിമാനങ്ങള്‍ പറത്തിയതെന്ന് പെന്റഗണ്‍ വക്താവ് ഡന വൈറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ നൂറ്റാണ്ടില്‍ ആദ്യമായാണ് ഡി എം സെഡില്‍ കൂടി പോര്‍വിമാനങ്ങള്‍ പറക്കുന്നത്. ഈ സംഭവവികാസങ്ങള്‍ വാക്‌പോരില്‍ നിന്ന് യഥാര്‍ഥ ഏറ്റമുട്ടലിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നത്.