Connect with us

Articles

നമ്മുടെ നാടും പുകയുന്നുണ്ട്...

Published

|

Last Updated

മയക്കുപൊടി വാങ്ങാന്‍ പണം കിട്ടാതെ വന്നപ്പോള്‍ അമ്മയുടെ തല തല്ലിപ്പൊളിച്ച് പണം കട്ടെടുത്ത ന്യൂജന്‍ പിള്ളേരുടെ കഥ മുതല്‍ ആരോടും മിണ്ടാതെ മുറിക്കകത്ത് കയറി വാതിലടച്ച് ഒരിക്കലും പുറത്തിറങ്ങാതെ കാലം കഴിച്ചു കൂട്ടിയ പഴയ തലമുറകളിലെ, മുടി നീട്ടി താടി വളര്‍ത്തി, എല്ലും തോലുമായ “ബെല്‍ബോട്ടന്‍”യുവത്വങ്ങളുടെ കഥ വരെ നിരവധി തവണ വായിച്ചവരാണ് നമ്മള്‍. എത്ര തന്നെ ബോധവത്കരണം നടത്തിയാലും മയക്കുമരുന്നും കഞ്ചാവും അടിമപ്പെടുത്തുന്നവരുടെ ദുരന്ത ചിത്രം നിത്യേനയെന്നോണം പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഇത് തടയാന്‍ പലപ്പോഴും നമുക്ക് കെല്‍പ്പില്ലാതെ വരുന്നു. അന്വേഷണങ്ങളും അറസ്റ്റുകളും പെരുകുമ്പോഴും കേരളം മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പറുദീസയാകുകയാണ്്. നമുക്ക് തൊട്ടടുത്ത്, ഒരു കൈയകലത്തില്‍ കഞ്ചാവോ മറ്റു മയക്കുമരുന്നുകളോ ഉപയോഗിക്കുന്നവരുണ്ടെന്ന് എപ്പോഴെങ്കിലും തിരിച്ചറിയുമ്പോഴാണ് ശരിക്കും നാം ഞെട്ടുക. സത്യത്തില്‍ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തില്‍ സര്‍വകാല റെക്കോര്‍ഡിലേക്കാണ്  കേരള സമൂഹം കുതിക്കുന്നത്. നാട്ടിടവഴികളിലും പാതയോരത്തും കലാലയങ്ങളുടെ പരിസരങ്ങളിലുമടക്കം കഞ്ചാവ് പുകച്ച് ചിന്താശേഷി നശിച്ച് ആലസ്യം പൂണ്ട്, ഒന്നിനും കൊള്ളാത്തവരായി മാറിയ യുവത്വത്തിന്റെ ഒരു വലിയ കൂട്ടമുണ്ടെന്നതും ഇത് ദിവസം തോറും വളര്‍ന്ന് വികസിക്കുന്നുണ്ടെന്നതും നാം കാണാതെ പോകരുത്. അടുത്തിടെ ഓരോ വര്‍ഷവും കഞ്ചാവുപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നത് ഇത് സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം വ്യക്തമാക്കുന്നു. ഈ വര്‍ഷം ജൂലൈ വരെ മാത്രം മൂവായിരത്തോളം കേസുകള്‍ കഞ്ചാവുമായി ബന്ധപ്പെടുത്തി പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസിനും എക്‌സൈസിനും കണ്ടെത്താന്‍ കഴിയാത്ത എത്രയോ സംഭവങ്ങള്‍ എത്രയോ ഇരട്ടി വരും. കുഗ്രാമങ്ങള്‍ മുതല്‍ നഗരവിശാലതയിലെ ഇടുങ്ങിയ തെരുവുകളിലും  ബീച്ചുകളിലും വഴിയോരങ്ങളിലുമെല്ലാം പകല്‍ വെളിച്ചത്തില്‍ പോലും കഞ്ചാവ് വില്‍പ്പന പൊടിപൊടിക്കുന്നുണ്ട്.

ഗ്രാസ്, പുല്ല്, വീഡ്, സ്വാമി, ഗുരു, കഞ്ചന്‍, സ്റ്റഫ്, മാരിവ്വാന എന്നീ പേരുകളിലെല്ലാം പ്രാദേശികമായി വിളിക്കപ്പെടുന്ന കഞ്ചാവിന്റെ യഥാര്‍ഥപേര് കന്നാബിസ് ഇന്‍ഡിക്ക എന്നാണ്. മാനസികാസ്വാസ്ഥ്യങ്ങള്‍ക്കുള്ള ഔഷധമായി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്ന ഈ ചെടി വളര്‍ത്തലും ഉപയോഗവും വിതരണവുമെല്ലാം നാല് പതിറ്റാണ്ടു മുമ്പുവരെ നമ്മുടെ നാട്ടില്‍ യഥേഷ്ടമുണ്ടായിരുന്നുവത്രേ. 1985 സെപ്തംബര്‍ 16ന് ലോക്‌സഭ പാസ്സാക്കിയ നാര്‍കോടിക്‌സ് ഡ്രഗ്‌സ് ആന്‍ഡ് സൈകോട്രോപിക്‌സ് സബ്സ്റ്റന്‍സസ് ആക്ട് (ഇന്ത്യ) പ്രകാരമാണ് ഇന്ത്യയില്‍ കഞ്ചാവിന്റെ ഉപയോഗം സര്‍ക്കാര്‍  നിയന്ത്രണത്തിന് വിധേയമാക്കിയത്. മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും ഹാനികരമായ ഈ വിഷച്ചെടി എങ്ങനെയാണ് ലഹരിക്കായി ഇത്രയധികം ഉപയോഗിക്കപ്പെട്ടതെന്ന് എളുപ്പം മനസ്സിലാകും. കഞ്ചാവ് നിരുപദ്രവകാരിയാണ്, ഔഷധഗുണങ്ങളുള്ള ഒരു പ്രകൃതി ദത്ത ഉത്പന്നമാണ് എന്നൊക്കെയുള്ള പ്രചാരണങ്ങളും അവക്ക് ആധികാരികതയുടെ വ്യാജപരിവേഷം പലരും ചമച്ചുനല്‍കിയതും  കഞ്ചാവു വിതരണക്കാരും അഡിക്റ്റുകളുമൊക്കെ ഇറക്കിയ നിരവധി അബദ്ധധാരണകളും സിനിമകളും ഇന്റെര്‍നെറ്റുമെല്ലാം കഞ്ചാവിന്റെ പ്രചാരണത്തിന് ആക്കം കൂട്ടി. ഉത്തരേന്ത്യയില്‍ ചിലയിടങ്ങളില്‍ കഞ്ചാവിന് “ദൈവികമായ” മാനം പോലും  കിട്ടി.

ഗുരുതര ആരോഗ്യപ്രശ്‌നമുണ്ടാക്കുന്ന കഞ്ചാവില്‍ നാനൂറിലധികം കെമിക്കലുകളാണുള്ളതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. സിഗരറ്റിലെ മിക്ക വിഷപദാര്‍ഥങ്ങളും, ബെന്‍സോപൈറീന്‍ പോലുള്ള അര്‍ബുദകാരികളുള്‍പ്പെടെ, കഞ്ചാവിലും ഉണ്ട്. ഒരു കവിള്‍ കഞ്ചാവ് പുകയിലെ ടാറിന്റെയും കാര്‍ബണ്‍ മോണോക്‌സൈഡിന്റെയും അളവ് ഒരു കവിള്‍ ഫില്‍ട്ടര്‍ സിഗരറ്റ് പുകയിലേതിനേക്കാള്‍ അഞ്ച് മടങ്ങാണ്. അര്‍ബുദകാരികളായ ഹൈഡ്രോകാര്‍ബണുകളുടെ അളവ് കഞ്ചാവുപുകയില്‍ 70 ശതമാനത്തോളം കൂടുതലാണത്രേ.  വിട്ടുമാറാത്ത ചുമ, ശ്വാസംമുട്ടല്‍, അര്‍ബുദരോഗങ്ങള്‍, മാനസികാസ്വാസ്ഥ്യം, ലൈംഗിക വ്യവസ്ഥക്കുള്ള തകരാര്‍  തുടങ്ങി ജീവിതം മരണതുല്യമാക്കുന്ന  നിരവധി പ്രശ്‌നങ്ങള്‍ക്ക് ഇതിന്റെ ഉപയോഗം കാരണമാകുന്നുവെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. കഞ്ചാവ് ഉപയോഗം ഉയര്‍ന്ന രക്തസമ്മര്‍ദം മൂലമുള്ള മരണത്തിന് കാരണമായേക്കാമെന്ന് അടുത്തിടെ വന്ന ഒരു പഠനം പറയുന്നുണ്ട്. കഞ്ചാവ് ഉപയോഗിക്കുന്നവര്‍ ഉയര്‍ന്ന രക്തസമ്മര്‍ദം മൂലം മരിക്കാനുള്ള സാധ്യത 3.42 മടങ്ങ് അധികമാണ്. ഓരോ വര്‍ഷവും ഇത് 1.04 മടങ്ങായി ഉയരുകയും ചെയ്യുന്നുണ്ട്. യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് പ്രിവന്റീവ് കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച സര്‍വേയിലാണ് ഇത്തരം വിവരങ്ങളുള്ളത്. കഞ്ചാവ് ഉപയോഗം ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുകയും രക്തസമ്മര്‍ദം ഉയരാന്‍ കാരണമാകുകയും ചെയ്യും.

കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ എങ്ങനെ എവിടെ എപ്പോള്‍ എത്തുന്നുവെന്നത് പൂര്‍ണമായും കണ്ടെത്താന്‍ ഇപ്പോഴും  പോലീസിന് കഴിയുന്നില്ല. വിതരണക്കാരും ഉപഭോക്താക്കളും തമ്മിലുള്ള കരുത്തുറ്റ ബന്ധമാണ് ഇതിനു കാരണമെന്നാണ് പോലീസ് ഭാഷ്യം. ഉപയോഗിച്ചു തുടങ്ങിയാല്‍ പിന്നെ വിതരണക്കാരനും ഉപഭോക്താവുമെല്ലാം ഇഴയടുപ്പമുള്ള കണ്ണികളായി മാറും. ആഴ്ചയില്‍ ഒരു ദിവസം കൃത്യമായെത്തുന്ന കച്ചവടക്കാര്‍ മുതല്‍ എപ്പോള്‍ വേണമെങ്കിലും എത്തിച്ചുനല്‍കാന്‍ കഴിയുന്ന എജന്റുമാര്‍ വരെ ഈ ശൃംഖലയിലുണ്ട്. എന്നാല്‍ ദീര്‍ഘകാലത്തേക്കുള്ള ഉപഭോക്താക്കളെ ലക്ഷ്യംവെച്ചുള്ള കച്ചവടമാണ് കൂടുതലും നടക്കാറുള്ളത്. കച്ചവടത്തിനായി വിദ്യാര്‍ഥികളെയാണ് വിതരണക്കാര്‍ സമീപിക്കുക. വിദ്യാര്‍ഥികളെ അടിമപ്പെടുത്താന്‍ ആദ്യം സൗജന്യമായി കഞ്ചാവു നല്‍കും. പിന്നീട് ഇവരെ വെച്ച് കച്ചവടം കൊഴുപ്പിക്കും. നിരീക്ഷണങ്ങള്‍ക്കു ശേഷമാണത്രേ സ്ഥിരം  ഉപഭോക്താക്കളെ കഞ്ചാവ് മാഫിയ തിരഞ്ഞെടുക്കുക. ആദ്യം പറഞ്ഞുറപ്പിച്ച സ്ഥലത്തുനിന്ന് കച്ചവട കേന്ദ്രം മാറ്റുക, അവിടെ എത്തിയതിനു ശേഷം ഫോണ്‍വിളി അടക്കമുള്ള ചലനങ്ങള്‍ വീക്ഷിക്കുക തുടങ്ങി എല്ലാ മുന്‍കരുതലുമായാണ് മാഫിയയുടെ പ്രവര്‍ത്തനം. ഒരു കിലോയില്‍ കുറവ്  കഞ്ചാവുമായാണ്  പിടിക്കപ്പെടുന്നതെങ്കില്‍ ജാമ്യം ലഭിക്കും എന്ന എന്‍ ഡി പി എസ് നിയമത്തിലെ പഴുതും കഞ്ചാവ് മാഫിയക്ക് വളരാനുള്ള സാധ്യത കൂട്ടുന്നുണ്ട്. ടയറൊട്ടിക്കുന്ന പശ മുതല്‍ ക്യാന്‍സറിന് ഉപയോഗിക്കുന്ന മരുന്നു വരെ ലഹരിക്ക് ഉപയോഗിക്കുന്ന ഒരു സമൂഹത്തില്‍ കഞ്ചാവിന് ആവശ്യക്കാര്‍ ഏറുമെന്നതില്‍ വലിയ അത്ഭുതമില്ലെന്നാണ് മനഃശാസ്ത്ര വിദഗ്ധര്‍ പറയുന്നത്.

എങ്ങനെയെങ്കിലും ശ്രദ്ധ നേടണം എന്ന ചിന്താഗതിയാണ് പലരെയും കഞ്ചാവിലേക്കു നയിക്കുന്നതെന്നാണ് പോലീസ് പറയുന്നത്.  സംഗീതജ്ഞരിലെ ചിലരും ചില സിനിമകളും വിദ്യാര്‍ഥികളെ കഞ്ചാവിലേക്കു നയിക്കുന്നുണ്ട്. കഞ്ചാവിന്റെ ഒരു പുകയെടുത്താല്‍ എന്തും ചെയ്യാന്‍ ധൈര്യം കിട്ടുമെന്നും ഒരു തവണ ശ്രദ്ധ കിട്ടിയാല്‍ രക്ഷപെട്ടെന്നുമൊക്കെ പറഞ്ഞാണ് പലരെയും ഈ രംഗത്തേക്കു കൊണ്ടുവരുന്നത്. ക്വട്ടേഷന്‍, ഗുണ്ടാ സംഘങ്ങള്‍ക്ക് ഇതില്‍ നിര്‍ണായക പങ്കുണ്ട്. പിടിക്കപ്പെട്ടാല്‍ സംരക്ഷണവും ഇവര്‍ വാഗ്ദാനം ചെയ്യുന്നു. കഞ്ചാവ് വലിച്ച് രസിച്ചു കഴിഞ്ഞിരുന്ന ചില വിദ്യാര്‍ഥികളെ പിടികൂടി പോലീസ് ചോദ്യം ചെയ്തപ്പോള്‍, പ്രതിഭ വളരാന്‍ കഞ്ചാവിനോളം ഉത്തമം മറ്റൊന്നുമില്ലെന്നായിരുന്നുവത്രേ മറുപടി. തെക്കന്‍ ജില്ലയിലെ ഒരിടത്തെ പത്താം ക്ലാസ് വിദ്യാര്‍ഥി വീട്ടില്‍ നിന്ന് കൃത്യസമയത്ത് പോകുന്നുണ്ടെങ്കിലും സ്‌കൂളിലെത്തുന്നില്ലെന്നതിന്റെ കാരണം അന്വേഷിച്ച് ഷാഡോ പോലീസ് എത്തിയപ്പോള്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. രാവിലെ വീട്ടില്‍ നിന്നിറങ്ങുന്ന വിദ്യാര്‍ഥി  കഞ്ചാവിന്റെ ലഹരി ആസ്വദിച്ചു സ്‌കൂളിനു തൊട്ടടുത്തുള്ള പറമ്പില്‍ മയങ്ങിക്കിടക്കുന്നു. ആലസ്യം വിട്ടൊഴിയുമ്പോള്‍ വീട്ടിലേക്ക് മടക്കം. രക്ഷിതാക്കള്‍ക്ക് കുട്ടി ക്ലാസിലെത്തുന്നുണ്ടോയെന്ന് തിരിച്ചറിയാന്‍ പോലും കഴിയാറില്ല. സമ്പന്നത, മാറിക്കൊണ്ടിരിക്കുന്ന മൂല്യങ്ങള്‍, കുടുംബ ഭദ്രതയുടെ തകര്‍ച്ച  മുതലായവയാണ് യുവത്വത്തെ കഞ്ചാവ് പോലുള്ള മയക്കുമരുന്നു ലഹരി തേടാന്‍ പ്രേരിപ്പിക്കുന്നത്. മദ്യം, കഞ്ചാവ്, ഹെറോയിന്‍, കറുപ്പ്, മയക്കുമരുന്ന്, മിക്ചര്‍ ഇന്‍ജക്ഷന്‍ തുടങ്ങി എല്ലാം പുതുതലമുറയുടെ ലഹരിയാണ്.
കേരളത്തിലേക്ക് വരുന്നതില്‍ വലിയ ഭാഗം കഞ്ചാവ് അന്യസംസ്ഥാനങ്ങളില്‍ നിന്നാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. അതിര്‍ത്തിയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ കഞ്ചാവു മാത്രം കൃഷി ചെയ്യുന്ന കര്‍ഷകരുണ്ടത്രേ. ഇവിടെയെത്തി അന്വേഷണം നടത്തുക അസാധ്യമാണെന്ന് എക്‌സൈസ് പാര്‍ട്ടിയും പറയുന്നു. കേരളത്തില്‍ നിന്നുള്ളവരാണ് ഇത്തരമിടങ്ങളില്‍ നിന്ന് കഞ്ചാവ് വാങ്ങുന്നവരില്‍ ഭൂരിഭാഗവും. രണ്ടു മാസമെങ്കിലും പരിശ്രമിച്ചാല്‍ മാത്രമേ, ഇവരില്‍ നിന്ന് കഞ്ചാവ് വാങ്ങാന്‍ കഴിയൂ. പല തവണ സ്ഥലം മാറ്റിപ്പറഞ്ഞും അല്ലാതെയുമൊക്കെ ആവശ്യക്കാരെ വട്ടംചുറ്റിക്കും. ഇടപാടുകാരന്‍ കുഴപ്പമില്ലെന്നു കണ്ടാല്‍ ആദ്യഘട്ടത്തില്‍ അതിര്‍ത്തിയില്‍ എത്തിച്ച് നല്‍കും. അതിര്‍ത്തിയില്‍ നിന്ന് സ്‌കൂട്ടറിലോ കാളവണ്ടിയിലോ ആകും  എത്തിക്കുക. ആന്ധ്രയിലെ ഉത്പാദന മേഖലയില്‍ നിന്നും കഞ്ചാവ് കേരളത്തില്‍ എത്തുന്നുണ്ട്. ഇവിടെ ശേഖരിക്കുന്ന കഞ്ചാവ് വോള്‍വോ ബസുകളിലും ട്രെയിനുകളിലുമായാണ് കേരളത്തിലെത്തുന്നത്. ട്രെയിന്‍ വഴി കഞ്ചാവെത്തിക്കാന്‍ പ്രത്യേക സംഘമുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ഇത്തരത്തില്‍ ട്രെയിനില്‍ കഞ്ചാവെത്തിച്ച ആന്ധ്രാസ്വദേശിനിയെ പിടികൂടിയിരുന്നു. നാടോടിയുടെ ഭാവത്തില്‍ ഏറെ നാളുകളായി കഞ്ചാവ് കേരളത്തിലെത്തിക്കുന്ന സംഘത്തില്‍പ്പെട്ടവരാണ് ഈ സ്ത്രീ. 25 കിലോ കഞ്ചാവാണ് പ്രതിയില്‍ നിന്ന് പോലീസ് കണ്ടെടുത്തത്. ലഹരിമരുന്ന് മാഫിയക്കെതിരെ കടുത്ത നടപടിയെടുത്തില്ലെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പഞ്ചാബിനേക്കാള്‍ മോശമാകും നമ്മുടെ നാടിന്റെ സ്ഥിതിയെന്ന് എക്‌സൈസ് കമ്മീഷണര്‍ തന്നെ അടിവരയിട്ടു പറയുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന കഞ്ചാവ് വില്‍ക്കാന്‍ കേരളത്തില്‍ ശക്തമായ ഒരു ലോബി പ്രവര്‍ത്തിക്കുന്നുവെന്ന് തന്നെയാണ് എക്‌സൈസ് വകുപ്പിന്റെ കണ്ടെത്തല്‍.  ഉന്നതരുടെ ഒത്താശയോടെയാണ് ഇത് നടക്കുന്നതെന്നതില്‍ തര്‍ക്കമില്ല. നേരത്തെ കൊച്ചി കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡില്‍ ചില സിനിമാ നടന്‍മാരിലേക്ക്  അന്വേഷണമെത്തിയത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. രാജ്യത്ത് നഗരങ്ങളിലെ ലഹരരിമരുന്ന് ഉപയോഗത്തില്‍ കേരളത്തിന്റെ സ്ഥാനം മൂന്നാമതാണ്. അത് ഒന്നാമതാകാന്‍ അധികം വൈകില്ലെന്ന് സമീപകാല അനുഭവങ്ങള്‍ തന്നെ സാക്ഷ്യം.

 

 

 

 

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest