നീതി സമ്പന്നര്‍ക്ക് മാത്രമാകരുത്

Posted on: September 26, 2017 6:47 am | Last updated: September 25, 2017 at 11:57 pm
SHARE

ദരിദ്ര, സമ്പന്ന വ്യത്യാസമന്യേ ജനതക്ക് മൊത്തം നീതി ലഭ്യമാക്കാനാണ് നീതിന്യായ സംവിധാനം ഏര്‍പ്പെടുത്തിയതെങ്കിലും സാധാരണക്കാര്‍ക്ക് കോടതിയെ സമീപിക്കാന്‍ സാധിക്കാത്ത വിധം ഈ രംഗത്തെ ചെലവ്, വിശിഷ്യാ അഭിഭാഷക ഫീസ് ഗണ്യമായി വര്‍ധിച്ചു വരികയാണ്. തടവുകാരുടെ അവകാശങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന സെമിനാറില്‍ സംസാരിക്കവെ ലോ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ബി എസ് ചൗഹാന്‍ ഈ പരാതിക്ക് അടിവരയിടുകയുണ്ടായി. സമ്പന്നന് മാത്രമേ കോടതിയെ സമീപിക്കാന്‍ കഴിയൂവെന്ന അവസ്ഥയാണ് നിലവിലുള്ളത്. നിയമ സംവിധാനം പ്രയോജനപ്രദമായ നിലയില്‍ ഉപയോഗപ്പെടുത്താനുള്ള ചെലവ് ഭാരിച്ചതാണെന്നും മുതിര്‍ന്ന അഭിഭാഷകര്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാണെന്നും ബി എസ് ചൗഹാന്‍ അഭിപ്രായപ്പെട്ടു. ടാക്‌സിക്കാരെ പോലെ മണിക്കൂറുകള്‍ക്കും ദിവസങ്ങള്‍ക്കുമാണ് മുതിര്‍ന്ന അഭിഭാഷകര്‍ പണം ഈടാക്കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച തനിക്കു പോലും ഇപ്പോള്‍ ഒരു കേസ് നടത്തേണ്ടി വന്നാല്‍ ഇത്തരം അഭിഭാഷകരുടെ ഫീസ് താങ്ങാനാകില്ല. രാജ്യത്തെ ജാമ്യ വ്യവസ്ഥകളും സങ്കീര്‍ണമാണ്. പണക്കാര്‍ക്ക് അറസ്റ്റിലാകുന്നതിന് മുമ്പേ ജാമ്യം നേടാന്‍ എളുപ്പമാണ്. പാവപ്പെട്ടവര്‍ക്ക് ഇത് ആലോചിക്കാന്‍ പോലുമാകില്ലെന്ന് ലോ കമ്മീഷന്‍ ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര നിയമമന്ത്രിയായിരുന്ന സദാനന്ദ ഗൗഡ, മനീഷ് തിവാരി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹാറൂണ്‍ റഷീദ്, വി എസ് അച്യുതാനന്ദന്‍ തുടങ്ങി നിയമ, രാഷ്ട്രീയ രംഗത്തെ പല പ്രമുഖരും കോടതിച്ചെലവുകളിലെ വന്‍ വര്‍ധന നിയന്ത്രിക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയമരംഗത്തെ ഉയര്‍ന്ന ചെലവ് സാധാരണക്കാര്‍ക്ക് നീതി നിഷേധിക്കപ്പെടാനിടയാക്കുകയാണെന്നും ഇത് നീതിന്യായ വ്യവസ്ഥക്കും ജനാധിപത്യത്തിനും ചേര്‍ന്നതല്ലെന്നും 2013 നവംബറില്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ അഭിഭാഷകരുടെ എന്റോള്‍മെന്റ് ചടങ്ങില്‍ സംസാരിക്കവേയാണ് അന്നത്തെ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി മനീഷ് തിവാരി അഭിപ്രായപ്പെട്ടത്.

ലോകത്ത് ഏറ്റവും കൂടുതല്‍ വിചാരണാ തടവുകാരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 18ാം സ്ഥാനത്തും ഏഷ്യന്‍ രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തുമാണ്. 2015 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് ഇന്ത്യന്‍ ജയിലിലെ 67 ശതമാനം തടവുകാരും വിചാരണ നേരിടുന്നവരാണ്. ഇവരില്‍ നല്ലൊരു വിഭാഗം നിരപരാധികളുമാണ്. കുറ്റപത്രത്തില്‍ തീര്‍പ്പാകാതെ വര്‍ഷങ്ങളോളം തടവില്‍ കഴിയുന്ന ഇവരുടെ കേസ് നീളുന്നതിന് മുഖ്യകാരണം കേസ് നടത്തിപ്പിലെ ഭാരിച്ച ചെലവാണ്. ഹൈക്കോടതിയില്‍ നല്ലൊരു അഭിഭാഷകനെ വെച്ച് കേസ് നടത്തണമെങ്കില്‍ ലക്ഷങ്ങളും സുപ്രീം കോടതിയെ സമീപിക്കണമെങ്കില്‍ കോടികളും വേണം. റിലയന്‍സ് ബിസിനസ് സാമ്രാജ്യത്വത്തിന്റെ നിയന്ത്രണത്തിന് വേണ്ടി അംബാനി സഹോദരങ്ങള്‍ നിയമയുദ്ധത്തിലേര്‍പ്പെട്ടപ്പോള്‍ മുകേഷ് അംബാനിയില്‍ നിന്ന് ഒരു സിറ്റിംഗിന് 30 ലക്ഷം വെച്ചാണ് രാജ്യത്തെ ഒരു മുതിര്‍ന്ന അഭിഭാഷകന്‍ ഫീസ് വാങ്ങിയത്. ഏതാണ്ട് ഒരു ദശാബ്ദത്തോളം തുടര്‍ന്ന ആ നിയമയുദ്ധത്തിന് വേണ്ടി അംബാനി വാരിയെറിഞ്ഞത്് 250 കോടിയാണ്. കോര്‍പറേറ്റുകളുടെയും വന്‍കിട വ്യവസായ, ബിസിനസ് സ്ഥാപനങ്ങളുടെയും കള്ളപ്പണക്കാരുടെയും കേസുകളാണിപ്പോള്‍ സുപ്രീം കോടതിയിലെത്തുന്നവയില്‍ ഏറെയും. ചെലവ് താങ്ങാവുന്നതിലപ്പുറമാണെന്നതിനാല്‍ സാധാരണക്കാര്‍ പരമോന്നത കോടതിയില്‍ എത്തുന്നത് വിരളമാണ്. പൊതു താത്പര്യമുള്ള കേസിന്റെ നടത്തിപ്പിനായി പ്രഗത്ഭനായ ഒരു സുപ്രീം കോടതി അഭിഭാഷകനെ ബന്ധപ്പെട്ടപ്പോള്‍ 60 ലക്ഷം രൂപയാണ് അദ്ദേഹം ഫീസായി തന്നോട് ആവശ്യപ്പെട്ടതെന്ന് കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ സാന്നിധ്യത്തില്‍ വി എസ് അച്യുതാനന്ദന്‍ വെളിപ്പെടുത്തുകയുണ്ടായി. കനത്ത ഫീസ് വാങ്ങുന്ന അഭിഭാഷകര്‍ക്കാണ് പലപ്പോഴും കോടതി കൂടുതല്‍ പരിഗണന നല്‍കുന്നതെന്നും ഇത് നീതിനിര്‍വഹണത്തിലെ ദുരന്തമാണെന്നും വി എസ് ചൂണ്ടിക്കാട്ടി. മദ്യപിച്ച് വണ്ടിയോടിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ഖാന് കോടതി വിധിച്ചത് അഞ്ച് വര്‍ഷം തടവായിരുന്നെങ്കില്‍ ഒരു രാത്രി പോലും അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടിവന്നില്ല. ഇതു പണത്തിന്റെ ഊക്കു കൊണ്ടാണ്. സാധാരണ ഇന്ത്യന്‍ പൗരന് ഇത് ആലോചിക്കുക പോലും പ്രയാസമാണ്.

കോടതി ചെലവുകള്‍, വിശിഷ്യാ മുതിര്‍ന്ന അഭിഭാഷകരുടെ ഫീസ് നിയന്ത്രിക്കുന്നതിനെക്കുറിച്ച് സര്‍ക്കാറും ജുഡീഷ്യറിയും ഗൗരവപൂര്‍വം ആലോചിക്കേണ്ടതുണ്ട് . കോടതികളെ സമീപിക്കാനും പ്രാപ്തരായ അഭിഭാഷകരുടെ സഹായം തേടാനുമുള്ള സാമ്പത്തിക ഭദ്രത ഇല്ലാത്തത് മൂലം പൗരന്മാര്‍ക്ക് നീതി നിഷേധിക്കാന്‍ ഇടയാകുന്നത് നീതിന്യായ സംവിധാനത്തിന് കളങ്കമാണ്. ചില പ്രമാദമായ കേസുകളില്‍ ഇരകളില്‍ നിന്ന് ഫീസ് വാങ്ങാതെ അഭിഭാഷകര്‍ കേസ് വാദിക്കാറുണ്ട്. മഅ്ദനിക്ക് വേണ്ടി പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീംകോടതിയില്‍ ഹാജരാകുന്നത് ഫീസൊന്നും വാങ്ങാതെയാണ്. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് വേണ്ടി വാദിക്കാന്‍ ഒരു പ്രമുഖ അഭിഭാഷകന്‍ രംഗത്തു വന്നതും സൗജന്യമായായിരുന്നു. നീതിയോടുള്ള പ്രതിബദ്ധതയാണിത്. ഈ മാതൃക എല്ലാ അഭിഭാഷകരും ഉള്‍ക്കൊള്ളേണ്ടതുണ്ട്. വര്‍ഷാന്തം ഓരോ അഭിഭാഷകനും, ഫീസ് നല്‍കാന്‍ കഴിവില്ലാത്ത നിശ്ചിത എണ്ണം പാവപ്പെട്ട വ്യക്തികള്‍ക്ക് നിയമ സഹായം നല്‍കിയിരിക്കണമെന്ന് ചില രാജ്യങ്ങളില്‍ വ്യവസ്ഥയുണ്ട്. അതിവിടെയും പരീക്ഷിക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here