Kerala
നദികളുടെ സംരക്ഷണത്തിനായുള്ള പദ്ധതികള്‍ അട്ടിമറിക്കുന്നു

കുമ്പള: സംസ്ഥാനത്തെ നദികളുടെ സംരക്ഷണത്തിന് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിക്കുന്ന കോടികളുടെ പദ്ധതികള്‍ അട്ടിമറിക്കപ്പെടുന്നു. പദ്ധതി നടപ്പിലാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറാകാത്തതാണ് നദികളുടെ നാശത്തിനും, മലിനീകരണത്തിനും കാരണമാകുന്നതെന്നാണ് ആരോപണം.
മഴയുടെ ലഭ്യത കുറവ് കാരണം കേരളം രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നേരിടാന്‍ പോകുന്നത്. മഴ മാറിയാല്‍ വരള്‍ച്ച എന്നതാണ് സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സ്ഥിതി. നദികളില്‍ നിന്നും മണല്‍ വാരി വരുമാനമുണ്ടാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നദികളുടെ സംരക്ഷണത്തിന്നായി യാതൊരു പദ്ധതികളും നടപ്പിലാക്കുന്നില്ല. നദികളുടെ അടിത്തട്ട് പൊളിച്ചുള്ള ക്രമാതീതമായ മണല്‍ വാരലാണ് പുഴയില്‍ നിന്നുള്ള കുടിവെള്ള വിതരണം, വ്യാവസായിക ഉപയോഗം, മത്സ്യബന്ധനം തുടങ്ങിയവയെ സാരമായി ബാധിച്ചിരിക്കുന്നത്.
നദികളുടെ കയ്യേറ്റവും, മലിനീകരണവും തടയാനുള്ള പദ്ധതികളൊന്നും വെളിച്ചം കാണുന്നില്ല. വിവിധ വകുപ്പുകളുടെ കെടുകാര്യസ്ഥിരതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ടൂറിസം വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, റവന്യു വകുപ്പ്, പരിസ്ഥിതി വകുപ്പ്, ആരോഗ്യവകുപ്പ്, മല്‍സ്യബന്ധന വകുപ്പ്, കാര്‍ഷിക വകുപ്പ്, വനംവകുപ്പ്, തദ്ദേശ ഭരണ വകുപ്പ്, വ്യവസായ വകുപ്പ് തുടങ്ങിയവയെല്ലാം നദികളുമായി ബന്ധപ്പെടുന്ന വകുപ്പുകളാണ്. എന്നാല്‍ നദികളില്‍ നിന്നും ലഭിച്ച ഗുണങ്ങള്‍ക്ക് പകരമായി നദികള്‍ സംരക്ഷിച്ച് നിലനിര്‍ത്തുന്നതില്‍ കാര്യമായ ഇടപെടലുകളില്ലാത്തത് നദികളെ മരണശയ്യയിലാക്കിയതായി കേരള ദേശീയവേദി കുമ്പള യൂണിറ്റ് കുറ്റപ്പെടുത്തി. നദികളുടെ സംരക്ഷണത്തിനായുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ മാസം 27 നു കാസര്‍കോട് ചന്ദ്രഗിരിപ്പുഴയോരത്ത് സംഘടിപ്പിക്കുന്ന നദി സംരക്ഷണ സമ്മേളനം വിജയിപ്പിക്കാന്‍ തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡന്റ് ഹമീദ് കാവില്‍ അധ്യക്ഷത വഹിച്ചു. നാസിര്‍ മൊഗ്രാല്‍, എം.എ മൂസ, തോമസ് പി ജോസഫ്, കെ. പി മുഹമ്മദ്, അഹമ്മദലി കുമ്പള, റസാഖ് ആരിക്കാടി, അബ്ദുല്‍ ഹക്കീം ബി എം, ഷരീഫ് ഗല്ലി, അഷ്‌റഫ് ബദ്‌രിയ നഗര്‍ എന്നിവര്‍ പ്രസംഗിച്ചു. ഹാഷിര്‍ കൊടിയമ്മ സ്വാഗതം പറഞ്ഞു.