Connect with us

Gulf

ഭാരം കുറയ്ക്കല്‍ ചികിത്സക്ക് വിധേയയായ ഇമാന്‍ അഹമ്മദ് നിര്യാതയായി

Published

|

Last Updated

അബുദാബി: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായ ഈജിപ്ഷ്യന്‍ യുവതി ഇമാന്‍ അബ്ദുല്‍ അത്തി (39) നിര്യാതയായി. അബുദാബിയിലെ സ്വകാര്യ ആശുപത്രിയില്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. നേരത്തെ മുംബൈയിലും ഇവര്‍ ഭാരം കുറയ്ക്കാന്‍ ചികിത്സ തേടിയിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ 4.35നായിരുന്നു അന്ത്യമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുടല്‍-വൃക്ക സംബന്ധമായ തകരാറാണ് മരണത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. യുഎഇയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം 20 അംഗ ഡോക്ടര്‍മാരുടെ സംഘമാണ് ഇമാനെ ചികിത്സിച്ചിരുന്നത്. ആരോഗ്യം ഏറെക്കുറെ മെച്ചപ്പെട്ട അവസ്ഥയിലുമായിരുന്നു. സെപ്തംബര്‍ 9ന് ഇമാന്‍ തന്റെ 39ാം പിറന്നാള്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം ആഘോഷിച്ചിരുന്നു.

500 കിലോ ശരീരഭാരമുണ്ടായിരുന്ന ഇമാന്‍ ഭാരം കുറയ്ക്കുന്നതിന് മുംബൈയിലും ചികത്സ തേടിയിരുന്നു. മുംബൈ ആശുപത്രിയിയിലെ ചികിത്സ തട്ടിപ്പാണെന്ന് സഹോദരി ഷൈമ ആരോപിച്ചതിനെ തുടര്‍ന്നാണ് അബുദാബിയിലേക്ക് മാറ്റിയത്. കൂടിയ ശരീരഭാരം കാരണം 25 വര്‍ഷത്തോളം കിടക്കവിട്ട് എങ്ങും പോകാനാവാത്ത അവസ്ഥയില്‍ കഴിഞ്ഞിരുന്ന ഈജിപ്ത് അലക്‌സാണ്ട്രിയ സ്വദേശിയായ ഇമാനെ ഫെബ്രുവരിയിലാണ് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. 11 വയസിലുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന് ഇമാന്റെ വലതു വശം തളര്‍ന്നിരുന്നു. വിഷാദം,രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളും ബാധിച്ചു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest