തോമസ് ചാണ്ടിക്ക് മേല്‍ കുരുക്ക് മുറുകുന്നു

Posted on: September 25, 2017 6:41 am | Last updated: September 24, 2017 at 11:43 pm

തിരുവനന്തപുരം: മന്ത്രിയായതിനു ശേഷവും സര്‍ക്കാര്‍ ഭൂമി കൈയേറി നികത്തിയതിന്റെ തെളിവുകള്‍ പുറത്തുവന്നതോടെ തോമസ് ചാണ്ടിയുടെ നില കൂടുതല്‍ പരുങ്ങലില്‍. മന്ത്രിയുടെ രാജി ആവശ്യം ശക്തിപ്പെടുകയും സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകുകയും ചെയ്തിട്ടും മൗനം തുടരുകയാണ് മുഖ്യമന്ത്രിയും ഇടതു മുന്നണിയും. ഇതിന്റെ പേരില്‍ സി പി എമ്മിലും മുന്നണിയിലും അഭിപ്രായഭിന്നത ശക്തമാണ്.

തുടക്കത്തില്‍ പ്രസ്താവനകളില്‍ മാത്രം ഒതുങ്ങി സമരത്തിനു മടിച്ചുനിന്ന യു ഡി എഫ്, മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ്. മന്ത്രിയുടെ രാജി ആവശ്യം ശക്തമായി ഉയരുന്നതോടെ സര്‍ക്കാറും മുന്നണിയും കൂടുതല്‍ ചോദ്യങ്ങള്‍ക്കു മറുപടി പറയേണ്ടïഅവസ്ഥയുണ്ടെന്ന ആശങ്ക നേതാക്കള്‍ക്കിടയിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രിയോടൊപ്പം നില്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. മന്ത്രിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിട്ടും മുതിര്‍ന്ന നേതാക്കള്‍ ഈ നിലപാട് തുടരുന്നതില്‍ സി പി എം സംസ്ഥാന നേതൃത്വത്തിലെ ചില നേതാക്കള്‍ക്കും പാര്‍ട്ടിയുടെ ചില മന്ത്രിമാര്‍ക്കും എതിര്‍പ്പുണ്ട്. അവരില്‍ ചിലര്‍ അത് സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.
ആരോപണത്തെക്കുറിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിശദമായ അന്വേഷണം വേണമെന്നു പറഞ്ഞ സാഹചര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷം തീരുമാനമെടുത്താല്‍ മതിയെന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തിലുണ്ടായിരുന്ന ധാരണ. എന്നാല്‍, മന്ത്രിയായതിനു ശേഷം നടത്തിയ കൈയേറ്റത്തിന്റെ രേഖകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ റിപ്പോര്‍ട്ട് വരാന്‍ കാത്തിരിക്കേണ്ടതില്ലെന്ന നിലപാടിലേക്കു മാറിയിട്ടുണ്ട് ചില സംസ്ഥാന കമ്മിറ്റി നേതാക്കള്‍. തീരുമാനം ഇനിയും നീട്ടരുതെന്ന അഭിപ്രായമാണ് സി പി ഐക്കുമുള്ളത്. സി പി ഐ നേതൃത്വം ഇക്കാര്യം സി പി എം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ഇ പി ജയരാജന്റെയും എ കെ ശശീന്ദ്രന്റെയും കാര്യത്തില്‍ വിവാദം അധികം വഷളാകാന്‍ കാത്തിരിക്കാതെ തീരുമാനമെടുക്കാനായത് അവര്‍ ചൂണ്ടിക്കാട്ടുന്നു.