റോഹിംഗ്യകള്‍ ബലാത്സംഗത്തിന് ഇരയായതായി യു എന്‍ കണ്ടെത്തല്‍

Posted on: September 25, 2017 12:12 am | Last updated: September 24, 2017 at 11:38 pm

കോക്‌സസ് ബസാര്‍: റോഹിംഗ്യന്‍ വംശജരെ മ്യാന്മര്‍ സൈന്യം ക്രൂരവും മൃഗീയമായതുമായ രീതിയില്‍ ബലാത്സംഗത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് യു എന്‍. അഭയാര്‍ഥികളെ പരിശോധിക്കുന്ന യു എന്നിന്റെ ആരോഗ്യ പ്രവര്‍ത്തകരാണ് ഇക്കാര്യം വ്യക്തമാക്കിയത്. റാഖിനെയില്‍ വംശീയ ഉന്മൂലനം നടത്തുന്ന മ്യാന്മര്‍ സൈന്യം റോഹിംഗ്യകളെ അതിക്രൂരമായ രീതിയില്‍ കൂട്ടബലാത്സംഗം ചെയ്യുന്നുണ്ടെന്നും ഇങ്ങനെയുള്ള ആക്രമണത്തില്‍ പലരും കൊല്ലപ്പെടുന്നുണ്ടെന്നും ഇരകള്‍ വ്യക്തമാക്കിയിട്ടുണ്ട്. റോഹിംഗ്യകളെ പൗരന്മാരായി പോലും അംഗീകരിക്കാത്ത മ്യാന്മര്‍ ഭരണകൂടം ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് മൗനാനുവാദം നല്‍കുകയാണ്. സൈന്യത്തിന്റെ മറവില്‍ ബുദ്ധ തീവ്രവാദികളും ഇത്തരം ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കാന്‍ സമാധാന നോബെല്‍ ജേതാവും മ്യാന്മര്‍ ഭരണാധികാരിയുമായ ആംഗ് സാന്‍ സൂക്കി സന്നദ്ധയായിട്ടില്ല. ബലാത്സംഗത്തിന് ഇരയാകുന്നവര്‍ തങ്ങളുടെ അടുത്തെത്തണമെന്നും അത്തരക്കാര്‍ക്ക് സംരക്ഷണം നല്‍കുമെന്നുമുള്ള മറുപടിയാണ് ആംഗ് സാന്‍ സൂക്കിയുടെ വക്താവ് നല്‍കിയത്. ഇതേകുറിച്ച് അന്വേഷിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍, കൂട്ടബലാത്സംഗത്തിനും ബലാത്സംഗത്തിനും ഇരയായ നൂറ് കണക്കിന് സ്ത്രീകളെ തങ്ങള്‍ പരിശോധിച്ചിട്ടുണ്ടെന്നും ഇവര്‍ക്ക് ചികിത്സ നല്‍കിക്കൊണ്ടിരിക്കുകയാണെന്നും യു എന്നിന്റെ കുടിയേറ്റക്കാര്‍ക്കായുള്ള സംഘടനയായ ഐ ഒ എമ്മിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്കെതിരായുള്ള ആക്രമണം റാഖിനെയില്‍ സര്‍വവ്യാപകമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഒക്ടോബറിലുണ്ടായ റോഹിംഗ്യന്‍വിരുദ്ധ ആക്രമണത്തിലും വ്യാപകമായ തോതിലുള്ള ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് യു എന്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ മ്യാന്മര്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നടപടിയൊന്നുമുണ്ടായിട്ടില്ല. രാജ്യത്തെ ഗോത്രവംശജര്‍ക്കെതിരെ സൈന്യം ബലാത്സംഗത്തെ ആയുധമായി ഉപയോഗിക്കുന്നുണ്ടെന്ന് അധികാരത്തിലേറുന്നതിന് മുമ്പ് ആംഗ് സാന്‍ സൂക്കി ആരോപിച്ചിരുന്നു. എന്നാല്‍ സമാനമായ ആക്രമണങ്ങള്‍ സൈന്യം റോഹിംഗ്യകള്‍ക്കെതിരെ തുടരുന്നുണ്ടെങ്കിലും ഇതേകുറിച്ച് പ്രതികരിക്കാന്‍ സൂക്കി സന്നദ്ധയാകുന്നില്ല.

റോഹിംഗ്യകളെ തിരഞ്ഞുപിടിച്ചു നടക്കുന്ന ആക്രമണത്തില്‍ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളാണ് മ്യാന്മര്‍ സംസ്ഥാനമായ റാഖിനെയില്‍ നടക്കുന്നത്. റോഹിംഗ്യകളുടെ വീടുകള്‍ തീവെച്ച് നശിപ്പിക്കുക, പരസ്യമായി സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കുക എന്നിങ്ങനെയുള്ള ആക്രമണങ്ങള്‍ റാഖിനെയില്‍ അരങ്ങേറുന്നുണ്ട്. കുട്ടികളെയും ക്രൂരമായി കൊന്നൊടുക്കിയിട്ടുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.