പ്രവാസി പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മന്ത്രിയും എം എല്‍ എ മാരും യു എ ഇ യിലേക്ക്

Posted on: September 24, 2017 7:14 pm | Last updated: September 24, 2017 at 7:14 pm
മന്ത്രി എകെ ബാലന്‍

അബുദാബി: പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് മന്ത്രി എ കെ ബാലന്റെ നേതൃത്വത്തില്‍ നിയമസഭ സമിതി യു എ ഇ സന്ദര്‍ശിക്കുന്നു. സെപ്തംബര്‍ 26, 27 തീയ്യതികളിലാണ് മന്ത്രിയും എം എല്‍ എമാരും അടങ്ങുന്ന നിയമസഭാ സമിതി അബുദാബിയിലെത്തുന്നത്.

26 ന് വൈകുന്നേരം ഏഴിന് അബുദാബി ഐ എസ് സി മെയിന്‍ ഓഡിറ്റോറിയത്തില്‍ ഒരുക്കുന്ന വേദിയില്‍ നിയമസഭാ സമിതി അംഗങ്ങള്‍ പ്രവാസി മലയാളികളുമായി സംവദിക്കും. അബുദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ നിര്‍ദേശപ്രകാരം ഐ എസ് സി കമ്മ്യുണിറ്റി വെല്‍ഫെയര്‍ സെക്ഷന്റെ മേല്‍നോട്ടത്തിലാണ് പ്രവാസി മലയാളികള്‍ നേരിടുന്ന വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംവാദം ഒരുക്കുന്നത്. മന്ത്രിമാര്‍ക്കുപുറമെ കോഴിക്കോട് നോര്‍ത്ത് എം എല്‍ എ എ പ്രദീപ് കുമാര്‍, ആറന്മുള എം എല്‍ എ വീണ ജോര്‍ജ്, അടൂര്‍ എം എല്‍ എ ചിട്ടയം ഗോപകുമാര്‍, പത്തനാപുരം എം എല്‍ എ കെ ബി ഗണേഷ് കുമാര്‍, പേരാവൂര്‍ എം എല്‍ എ സണ്ണി ജോസഫ്, കുന്നത്തുനാട് എം എല്‍ എ വി പി സജീന്ദ്രന്‍, മഞ്ചേരി എം എല്‍ എ എം ഉമ്മര്‍, ചിറ്റൂര്‍ എം എല്‍ എ കെ കൃഷ്ണന്‍ കുട്ടി, ഐ എന്‍ പി എ ഡയറക്ടര്‍ ജനറല്‍ ബിജു ലക്ഷ്മണന്‍ എന്നിവരാണ് സംഘത്തിലുള്ളത്.

സംഘത്തിലുള്ള എം എല്‍ എ മാര്‍ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലെ യു എ ഇ യിലുള്ള പ്രവാസികളായ മലയാളികള്‍ക്ക് അവരുടെ മണ്ഡലത്തിലെ വിഷയങ്ങള്‍ എം എല്‍ എ മാരുടെ മുന്നില്‍ അവതരിപ്പിക്കാവുന്നതാണ്. പ്രശ്‌നങ്ങള്‍ അവതരിപ്പിക്കേണ്ടവര്‍ ഐ എസ് സി യുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അബുദാബിയിലെ മലയാളി സംഘടനകളുടെ ഭാരവാഹികള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് മാത്രമാണ് പരിപാടിയില്‍ പങ്കെടുക്കുവാന്‍ അവസരമുണ്ടാവുക.