ജയളിതയുടെ ആരോഗ്യത്തെക്കുറിച്ച് പറഞ്ഞതെല്ലാം കള്ളം: തമിഴ്‌നാട് മന്ത്രി

Posted on: September 24, 2017 11:02 am | Last updated: September 24, 2017 at 1:09 pm

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ അവരുടെ ആരോഗ്യനില സംബന്ധിച്ച് പറഞ്ഞ കാര്യങ്ങള്‍ എല്ലാം കള്ളമായിരുന്നുവെന്ന് തമിഴ്‌നാട് മന്ത്രിയുടെ വെളിപ്പെടുത്തല്‍. തമിഴ്‌നാട് വനം മന്ത്രി ഡിണ്ടിഗല്‍ സി ശ്രീനിവാസനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇങ്ങനെ പറേണ്ടിവന്നതിന് ജനങ്ങള്‍ മാപ്പ് നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

തങ്ങളെ ആരെയും ആശുപത്രിയില്‍ വെച്ച് ജയലളിതെയ കാണാന്‍ അനുവദിച്ചിരുന്നില്ല. രാഹുല്‍ ഗാന്ധി, അമിത്ഷാ തുടങ്ങി ഉന്നതര്‍ക്ക് പോലും അവരെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ആശുപത്രി ചെയര്‍മാനോടാണ് അവര്‍ സംസാരിച്ചിരുന്നത്. അതുകൊണ്ട് തന്നെ ജയലളിതയെക്കുറിച്ച് കള്ളം പറയാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ജയലളിത റൊട്ടി കഴിക്കുന്നുണ്ട്, ആളുകളെ കാണുന്നുണ്ട് തുടങ്ങി അന്ന് പറഞ്ഞതെല്ലാം കള്ളമായിരുന്നുവെന്ന് ശ്രീനിവാസന്‍ പറഞ്ഞു. പാര്‍ട്ടി യോഗത്തിലാണ് ശ്രീനിവാസന്‍ ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.