പരമ്പര തേടി ഇന്ത്യ

Posted on: September 24, 2017 12:12 am | Last updated: September 24, 2017 at 12:12 am

ഇന്‍ഡോര്‍: മൂന്നാം ഏകദിനം ഇന്ന്. ജയിച്ചാല്‍ ഇന്ത്യ 3-0ന് പരമ്പര സ്വന്തമാക്കും. നാണക്കേട് ഒഴിവാക്കാന്‍ സ്റ്റീവ് സ്മിത്തിന്റെ ഓസീസ് സംഘം ഇന്ന് വിജയിക്കുവാന്‍ വേണ്ടി ആവനാഴിയിലെ ആയുധം മുഴുവന്‍ പുറത്തെടുക്കും.

പരമ്പര നഷ്ടമാകുന്നതിനേക്കാള്‍ വലിയ നാണക്കേട് ഓസീസിനെ കാത്തിരിപ്പുണ്ട്. എതിര്‍ നാട്ടില്‍ ജയമറിയാതെ പന്ത്രണ്ട് മത്സരങ്ങളായി. ഇനിയും ഈ ദുരവസ്ഥ തുടരുക വയ്യ.
ഇന്ന് ഇന്ത്യ ജയിച്ചാല്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ തുടര്‍ വിജയങ്ങളുടെ റെക്കോര്‍ഡിലെത്താന്‍ വിരാട് കോഹ്‌ലിക്ക് സാധിക്കും. തുടരെ എട്ട് ജയങ്ങളുമായാണ് കോഹ് ലിയുടെ ടീം മുന്നേറുന്നത്.

2008-09 കാലഘട്ടത്തില്‍ ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ തുടരെ ഒമ്പത് ഏകദിന മത്സരങ്ങള്‍ജയിച്ചിരുന്നു. വിരാടിന്റെ നേതൃത്വത്തില്‍ ഇന്ത്യ 37 ഏകദിന മത്സരങ്ങളാണ് കളിച്ചത്. ഇതില്‍ 29 ലും ഇന്ത്യ ജയിച്ചു.
ആന്റിഗ്വെയില്‍ വെസ്റ്റിന്‍ഡീസിനെതിരെയാണ് ഇന്ത്യ അവസാനമായി ഏകദിന മത്സരം തോറ്റത്. ഈഡന്‍ ഗാര്‍ഡനില്‍ ഇന്ത്യ ജയിച്ചതോടെ വിരാട് മറ്റൊരു റെക്കോരഡ് സ്വന്തമാക്കിയിരുന്നു. സച്ചിനും ദ്രാവിഡിനും ശേഷം വിവിധ ഫോര്‍മാറ്റുകളായി വിജയിച്ച മത്സരങ്ങളില്‍ പത്തായിരത്തിലേറെ റണ്‍സെടുക്കുന്ന ഇന്ത്യന്‍ താരമായി.

ആസ്‌ത്രേലിയക്കെതിരെ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ അജിങ്ക്യ രഹാനെക്ക് ഉപദേശവുമായി സച്ചിന്‍ ടെണ്ടുല്‍ക്കറെത്തി. സ്വതസിദ്ധ ശൈലിയില്‍ കളിക്കുക.
ഫോം കണ്ടെത്താന്‍ പരിശ്രമിക്കുക. സച്ചിന്റെ വാക്കുകള്‍ രഹാനെയെ കുറച്ചൊന്നുമല്ല ആവേശം കൊള്ളിച്ചത്.

സച്ചിനൊപ്പം നെറ്റ്‌സ് സെഷനില്‍ നില്‍ക്കുന്ന ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് രഹാനെ ആഹ്ലാദം അറിയിച്ചത്. ഏകദിന ക്രിക്കറ്റില്‍ വിരാട് കോഹ് ലി അത്രകണ്ട് രഹാനെക്ക് അവസരം നല്‍കാറില്ല. ശിഖര്‍ ധവാന്‍ പരുക്കേറ്റ് പുറത്തായതിനെ തുടര്‍ന്നാണ് രഹാനെ ബാറ്റിംഗ് ഓര്‍ഡറിലെത്തിയത്.
ഓസീസിനെതിരെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നായി അറുപത് റണ്‍സാണ് സമ്പാദ്യം. 75.94 ആണ് സ്‌ട്രൈക്ക് റേറ്റ്.