Connect with us

Kerala

പാഠപുസ്തകങ്ങളുടെ രണ്ടാംവാല്യത്തിന്റെ അച്ചടി മുഴുവന്‍ പൂര്‍ത്തിയായി;ഒരാഴ്ചക്കകം വിതരണം

Published

|

Last Updated

 

 

സ്‌കൂള്‍ പാഠപുസ്തകങ്ങളുടെ രണ്ടാംവാല്യത്തിന്റെ അച്ചടി മുഴുവന്‍ പൂര്‍ത്തിയായി. പൂജ അവധിക്ക് മുമ്പ് പുസ്തകം സ്‌കൂളിലെത്തുമെന്ന് അച്ചടിയുടെ ചുമതലയുള്ള കെ ബി പി എസ് അറിയിച്ചു.പുസ്തകങ്ങളുടെ ബൈന്‍ഡിംഗ് ജോലി അന്തിമഘട്ടത്തിലാണ്. ഇത് ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ഒരാഴ്ചക്കകം വിതരണം പൂര്‍ത്തിയാക്കുമെന്നും കെ ബി പി എസ് മാനേജിംഗ് ഡയറക്ടര്‍ ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു. ഹൈസ്‌കൂള്‍, പ്രൈമറി ക്ലാസുകളിലേക്കായി 2.5 കോടിയോളം പാഠപുസ്തകം മൂന്ന് മാസത്തിനകമാണ് പൂര്‍ണമായി അച്ചടിച്ചത്. രണ്ടാംവാല്ല്യം പുസ്തകം പൂജ അവധിക്ക് ശേഷം ഒക്ടോബര്‍ മൂന്ന് മുതലാണ് പഠിപ്പിച്ച് തുടങ്ങുന്നത്. പൂജ അവധി തീരും മുമ്പ് മുഴുവന്‍ പാഠപുസ്തകങ്ങളും സ്‌കൂളിലെത്തുമെന്നതിനാല്‍ പാഠപുസ്തകം വൈകുമെന്ന ആശങ്കവേണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ഓണം കഴിഞ്ഞിട്ടും പാഠപുസ്തകത്തിന്റെ രണ്ടാം വാല്ല്യം വൈകുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കെ പി ബി എസിലെ തൊഴിലാളികളുടെ നിസഹകരണമാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. അച്ചടി നേരത്തെ തന്നെ പൂര്‍ത്തിയായെങ്കിലും ബൈന്‍ഡിംഗില്‍ പാളിച്ചയുണ്ടായി. ഓണക്കാലത്ത് ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്തതും തിരിച്ചടിയായി. അവധിക്കാലത്ത് ജോലി ചെയ്യുന്നതിന് ജീവനക്കാര്‍ക്കുള്ള ആനുകൂല്യം സംബന്ധിച്ച തര്‍ക്കമാണ് ഇതിന് കാരണമെന്നാണ് സൂചന.
ഈ വര്‍ഷം മുതല്‍ മൂന്ന് ഭാഗങ്ങളാക്കി മാറ്റിയ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ വിതരണമാണ് വൈകിയത്. സ്‌കൂള്‍ ബാഗിന്റെ ഭാരം കുറക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് വിദ്യാഭ്യാസ വകുപ്പ് വിശദീകരിച്ചിരുന്നത്.

25 ശതമാനത്തോളം പുസ്തകങ്ങളുടെ വിതരണമാണ് ഇനിയും പൂര്‍ത്തിയാകാനുള്ളത്. ഹൈസ്‌കൂള്‍ ക്ലാസുകളിലെ പാഠപുസ്തക വിതരണം ഏറെക്കുറെ ഓണത്തിന് മുമ്പ് പൂര്‍ത്തിയാക്കിയിരുന്നു. പ്രൈമറി ക്ലാസുകളിലെ പുസ്തകങ്ങളുടെ വിതരണമാണ് മുടങ്ങിയത്. വടക്കന്‍ ജില്ലകളിലാണ് കൂടുതലും തടസ്സം നേരിട്ടത്. കെ ബി പി എസിന് പാഠപുസ്തകം അച്ചടച്ച വകയിലെ കുടിശ്ശിക നല്‍കാനുമുണ്ട്.

പാഠപുസ്തകം അച്ചടിച്ച് വിതരണം ചെയ്ത വകയില്‍ കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിക്ക് 100 കോടിയോളം രൂപയാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കാനുള്ളത്. പാഠപുസ്തകം അച്ചടിക്കാനായി പ്രിന്റ് ഓര്‍ഡര്‍ നല്‍കുന്നത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആണെങ്കിലും പണം നല്‍കേണ്ടത് ധനവകുപ്പാണ്. ഇക്കാര്യം ആവശ്യപ്പെട്ട് കെ ബി പി എസ് വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കുമ്പോള്‍ ധനവകുപ്പാണ് പണം നല്‍കേണ്ടതെന്ന് ചൂണ്ടിക്കാട്ടി അവര്‍ ഒഴിഞ്ഞുമാറുന്നു. കഴിഞ്ഞ അധ്യയന വര്‍ഷം അച്ചടിക്കൂലിയായി 13.07 കോടിയും കടലാസ് വാങ്ങിയതിന് 24.82 കോടിയും നല്‍കാനുണ്ട്.