അടുത്ത ജന്മത്തിലെങ്കിലും ബ്രാഹ്മണനായി ജനിക്കണമെന്ന് സുരേഷ് ഗോപി

Posted on: September 23, 2017 10:06 pm | Last updated: September 23, 2017 at 10:06 pm

തിരുവനന്തപുരം: അടുത്ത ജന്‍മത്തില്‍ തനിക്ക് ബ്രാഹ്മണനായി ജനിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തി സുരേഷ് ഗോപി എംപി. പുനര്‍ ജന്‍മത്തില്‍ വിശ്വസിക്കുന്ന ആളാണ് താന്‍, അതിന്റെ സത്യം എന്താണെന്ന് അനുഭവത്തിലൂടെ പലപ്പോഴായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ മരിച്ച് മണ്ണടിഞ്ഞ് ചാരമായി വളമായി അതില്‍ നിന്നും ഒരു ബീജം ഉത്ഭവിച്ച് അടുത്ത ജന്‍മത്തിലെങ്കിലും പൂണുനൂല്‍ ഇടുന്ന വര്‍ഗത്തില്‍ പെട്ട് ജനിക്കണമെന്നും, ശബരിമലയിലെ തന്ത്രിമുഖ്യനാവണമെന്നും സുരേഷ് ഗോപി പറഞ്ഞു.

സംസ്ഥാന യോഗ ക്ഷേമ സഭയുടെ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെടാന്‍ യോഗ ക്ഷേമ സഭകള്‍ കാത്തുനില്‍ക്കേണ്ടതില്ലെന്ന നിര്‍ദേശത്തോടുകൂടിയാണ് ഉദ്ഘാടന പ്രസംഗം സുരേഷ് ഗോപി എംപി ആരംഭിച്ചത്. അടിച്ചമര്‍ത്തപ്പെടാന്‍ ഞങ്ങള്‍ തയ്യാറല്ലെന്ന പ്രഖ്യാപനം ഈ സമ്മേളനത്തോടുകൂടി വേണമെന്നും സുരേഷ് ഗോപി നിര്‍ദേശിച്ചു. ഭൂപരിഷ്‌കരണം വന്നപ്പോള്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് പിന്നീട് കൈനീട്ടിയപ്പോള്‍ അവര്‍ക്ക് ഒന്നും നല്‍കിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.