ഹാദിയയെ വീട്ടുതടങ്കലില്‍ നിന്നും മോചിപ്പിക്കണമെന്ന് വനിത കൂട്ടായ്മ

Posted on: September 23, 2017 6:37 pm | Last updated: September 23, 2017 at 6:37 pm

കൊച്ചി: വീട്ടുതടങ്കലില്‍ കഴിയുന്ന ഡോ. ഹാദിയയെ മോചിപ്പിച്ച് അടിയന്തര വൈദ്യസഹായം നല്‍കണമെന്ന് വനിത കൂട്ടായ്മ ആവശ്യപ്പെട്ടു. ആഗസ്റ്റ് 30ന് കാണാന്‍ ചെന്നപ്പോഴാണ് ദയനീയ അവസ്ഥ മനസ്സിലാക്കിയതെന്ന് വനിതാ കൂട്ടായ്മാ അംഗങ്ങള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

ഹാദിയയെ ഉപദ്രവിക്കുന്നതായി കാവലിരുന്ന പൊലീസുകാരും നിലവിളി ശബ്ദം കേള്‍ക്കാറുള്ളതായി അയല്‍ വാസികളും പറഞ്ഞതായി മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞു. യൂത്ത് കമീഷന്‍, വനിത കമീഷന്‍, മനുഷ്യാവകാശ കമീഷന്‍ എന്നിവയില്‍ പരാതി നല്‍കിയെങ്കിലും ആവശ്യമായ നടപടിയുണ്ടായിട്ടില്ല. സംസ്ഥാന സര്‍ക്കാറും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടില്ല. കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്ന അവസരത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ഹാദിയയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആശങ്കയുള്ളതിനാല്‍ ഉടന്‍ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.

നീതി നിഷേധം തുടരുകയാണെങ്കില്‍ വനിത കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രത്യക്ഷ പ്രതിഷേധം തുടങ്ങാനും ഇവര്‍ക്ക് തീരുമാനമുണ്ട്‌