Connect with us

Editorial

ജല മലിനീകരണം: കൂട്ടായ യത്‌നം വേണം

Published

|

Last Updated

പുഴകള്‍ മലിനമാക്കുന്നവര്‍ക്കെതിരായ നിയമ നടപടികള്‍ കര്‍ക്കശമാക്കാനുള്ള സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമാണ്. അത്തരക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുന്നതിനൊപ്പം മൂന്നു വര്‍ഷം വരെ തടവുശിക്ഷയും രണ്ടു ലക്ഷം പിഴയും അല്ലെങ്കില്‍ രണ്ടും കൂടിയോ നല്‍കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗ തീരുമാനം. ഇതിന്റെ ഭാഗമായി ഡാം സേഫ്റ്റി നിയമത്തില്‍ ഭേദഗതി വരുത്തുകയും ജലാശയങ്ങളുടെ സംരക്ഷണത്തിനു തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കുകയും ചെയ്യും.

മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള ഇടമാണ് സംസ്ഥാനത്ത് പൊതുവെ ഇന്ന് ജലാശയങ്ങള്‍. വ്യവസായ- നഗര മാലിന്യങ്ങള്‍, കശാപ്പുശാലകളിലെയും ഹോട്ടലുകളിലെയും അവശിഷ്ടങ്ങള്‍. ആശുപത്രികളിലെ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍, നദിക്കരകളിലെ വീടുകളില്‍ നിന്നും ലോഡ്ജുകളില്‍ നിന്നുമുള്ള വിസര്‍ജ്യമുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തുടങ്ങിയവ ഉപേക്ഷിക്കാനുള്ള ഇടങ്ങളാണ് ഇന്ന് നദികളും മറ്റു ജലസ്രോതസ്സുകളും. കൃഷി സ്ഥലങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന മാരകമായ കീടനാശിനികളും പുഴകളെ വിഷമയമാക്കുന്നു.

ഹരിത കേരളമിഷന്റെ നേതൃത്വത്തില്‍ പുഴയും തോടുകളും മാലിന്യ വിമുക്തമാക്കുന്ന നടപടികള്‍ സജീവമായി നടന്നു കൊണ്ടിരിക്കെയാണ് സംസ്ഥാനത്തെങ്ങും വാഹനങ്ങളില്‍ മാലിന്യങ്ങളുമായെത്തി ജലസ്രോതസ്സുകളില്‍ തള്ളിക്കൊണ്ടിരിക്കുന്നത്. നദീതീരങ്ങളിലെ വ്യവസായശാലകളില്‍ നിന്ന് ദിനംപ്രതി ടണ്‍ കണക്കിനു മാലിന്യമാണ് നദികളിലെത്തുന്നത്. സംസ്ഥാനത്തെ കിണറുകില്‍ പോലും നല്ലൊരു ശതമാനം വിഷമയമാണെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് 62 ശതമാനം കുടുംബങ്ങളും കിണര്‍ ജലമാണ് ഉപയോഗിക്കുന്നത്. കേരളത്തില്‍ 70 ലക്ഷത്തിലേറെ കിണറുകളുണ്ടെന്നാണു ജലവിഭവപഠനകേന്ദ്രത്തിന്റെ കണക്ക്. അതേസമയം, സംസ്ഥാനത്തെ 29.5 ശതമാനം വീടുകളില്‍ മാത്രമാണു സുരക്ഷിത ജലലഭ്യതയുള്ളത്. നദികളില്‍ കെട്ടിനില്‍ക്കുന്ന വിഷാംശം കലര്‍ന്ന ജലം കിണറുകളിലേക്കു ഊറിയെ ത്തുന്നതാണ് നദീതീരങ്ങളിലെ കിണറുകള്‍ മലിനമാകാന്‍ കാരണം.

നദികളില്‍ കോളിഫോം ബാക്ടീരിയയുടെ തോത് മാരകമായ നിരക്കിലാണ്. തീര്‍ഥാടന കേന്ദ്രങ്ങള്‍ക്കരികിലൂടെ ഒഴുകുന്ന നദികളിലെ മലിനീകരണ ഭീഷണി കൂടുതലാണ്. പമ്പ, പെരിയാര്‍ തുടങ്ങിയ നദികളിലെ വെള്ളം കുടിക്കാനും കുളിക്കാനും യോഗ്യമല്ലെന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ സന്ദര്‍ശനത്തിനെത്തുന്ന ശബരിമലയില്‍ ആവശ്യമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ പരിസ്ഥിതിക്കും പമ്പാനദിക്കും ഗുരുതരമായ ആഘാതമാണ് ഏല്‍ക്കേണ്ടിവരുന്നത്. അതേസമയം, ഇത്തരം നദികളിലെ വെള്ളം തന്നെയാണ് വാട്ടര്‍ അതോറിറ്റി ക്ലോറിന്‍ ചേര്‍ത്ത് ഗ്രാമങ്ങളിലും നഗരങ്ങളിലും വിതരണം ചെയ്യുന്നത്. ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള പല മാരകരോഗങ്ങള്‍ക്കും പിന്നിലെ പ്രധാന വില്ലന്‍ മലിനജലമാണ്. കേരളത്തിലെ നദികള്‍ നീളത്തിലും വ്യാപ്തിയിലും വൃഷ്ടിപ്രദേശ വിസ്തീര്‍ണത്തിലും ശുഷ്‌കമായതിനാല്‍ ബാഹ്യഇടപെടലുകളും മലിനീകരണവും കൂടുതല്‍ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നു.

പുഴ സംരക്ഷണത്തിന് കടുത്ത ശിക്ഷാനടപടികള്‍ അനിവാര്യമാണ് എന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് പുതിയ നിയമ നിര്‍മാണമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍, നിയമ സംവിധാനങ്ങളുടെയും ശിക്ഷാനടപടികളുടെയും അഭാവം കൊണ്ടല്ല നദികളിലും ജലാശയങ്ങളിലും മാലിന്യങ്ങള്‍ തള്ളുന്നത്. ശക്തമായ അധികാരമുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ബോര്‍ഡിന്റെ അനുമതിയില്ലാതെ ഒരു നിര്‍മാണവും പാടില്ലെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശം വന്നത് അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ്. അതിനു ശേഷവും മൂന്നാറിലെ കായല്‍ തീരങ്ങളില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ജലാശയങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിധം അനധികൃത നിര്‍മാണങ്ങള്‍ ധാരാളം നടന്നുവരുന്നു. ജലസേചന വകുപ്പ്, വാട്ടര്‍ അതോറിറ്റി, വ്യവസായം, കൃഷി, തദ്ദേശ സ്വയംഭരണം, വിനോദസഞ്ചാരം, റവന്യൂ, ആരോഗ്യം, വൈദ്യുതി, അണക്കെട്ട് സുരക്ഷാ വകുപ്പ്, ജൈവവൈവിധ്യ ബോര്‍ഡ്, കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി വകുപ്പ് തുടങ്ങി നദികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന നിരവധി വകുപ്പുകളുണ്ട്. ഇവയുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ സംസ്ഥാനത്തെ നദികളെ സംരക്ഷിക്കാനാവുകയുള്ളൂ. പൊതുജനത്തിന്റെ സഹകരണവും ഈ ലക്ഷ്യത്തില്‍ അനിവാര്യമാണ്.

Latest