Connect with us

Malappuram

പെരിന്തല്‍മണ്ണയില്‍ രണ്ടരക്കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി

Published

|

Last Updated

പിടികൂടിയ നോട്ടുകളും പിസ്റ്റളും

പെരിന്തല്‍മണ്ണ: രണ്ടരക്കോടിയോളം രൂപയുടെ അസാധുനോട്ടുകളുമായി അഭിഭാഷകന്‍ ഉള്‍പ്പെടെ ആറംഗസംഘത്തെ പെരിന്തല്‍മണ്ണയില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒരു എയര്‍പിസ്റ്റളും പിടിച്ചെടുത്തു. തിരുവനന്തപുരം വളളക്കടവ് ശ്രീവിലാസ് വീട്ടില്‍ അഡ്വ. കണ്ണന്‍ കൃഷ്ണകുമാര്‍ (33), ബാലരാമപുരം സ്വദേശി അലിഫ് മന്‍സില്‍ മുഹമ്മദ് അനസ് (39), ബീമാപ്പള്ളി സ്വദേശി മുഹമ്മദ് ഷാന്‍ (36), പൂങ്കോട് സ്വദേശി മരുതാവിളാകം അച്ചു (26), ബീമാപ്പള്ളി സ്വദേശി അന്‍സറുദ്ദീന്‍ (31), മലപ്പുറം അരീക്കോട് വിളയില്‍ സ്വദേശി തെക്കേയില്‍ അബ്ദുന്നാസര്‍ (29) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് രണ്ട് കാറുകളിലായി സൂക്ഷിച്ച 2.44 കോടി രൂപയുടെ നിരോധിച്ച ആയിരത്തിന്റെ നോട്ടുകള്‍ കണ്ടെത്തിയത്. മലപ്പുറത്തെ ബേങ്ക് മുഖേന നിരോധിത പണം മാറ്റിയെടുക്കാമെന്ന് അരിക്കോട്ടെ പണമിടപാട് ഏജന്റുമാരുടെ വാഗ്ദാന പ്രകാരമാണ് തിരുവനന്തപുരത്ത് നിന്ന് പണം കൊണ്ടുവന്നത്. ഒരു കോടിയുടെ നിരോധിത നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പത്ത് മുതല്‍ മുപ്പത് ലക്ഷം രൂപ വരെയാണ് സംഘം ആവശ്യപ്പെടുന്നത്. കമ്മീഷന്‍ വ്യവസ്ഥയില്‍ ഇത്തരം പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്ന സംഘങ്ങളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

ഏത് ബേങ്ക് വഴിയാണ് പണം മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നതെന്ന വിവരവും പോലീസ് അന്വേഷിക്കുന്നുണ്ട്. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതായി പെരിന്തല്‍മണ്ണ ഡി വൈ എസ് പി എം പിമോഹന ചന്ദ്രന്‍ അറിയിച്ചു.