Connect with us

National

രാജ്യം വിട്ടോടേണ്ടി വന്നാല്‍ ആരാണ് കരയാത്തത്?

Published

|

Last Updated

ഹൈദരാബാദിലെ അഭയര്‍ഥി ക്യാമ്പില്‍ പ്ലക്കാര്‍ഡുകളുമായി റോഹിംഗ്യന്‍ കുരുന്നുകള്‍

ഹൈദരാബാദ്: മാതൃരാജ്യം തങ്ങളെ ആട്ടിയോടിച്ചു. അഭയം തേടിയെത്തിയ നാടാകട്ടെ തിരിച്ചയക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, സെയ്ദുല്ല ബശര്‍ പ്രതീക്ഷയിലാണ്. ഒരു ദിവസം തനിക്കും തന്റെ വിഭാഗമായ റോഹിംഗ്യ മുസ്‌ലിംകള്‍ക്കും നീതി ലഭിക്കുക തന്നെ ചെയ്യും. മ്യാന്മറില്‍ നിന്ന് പലായനം ചെയ്യപ്പെടുന്ന റോഹിംഗ്യകളെ കുറിച്ച് ലോകം ചര്‍ച്ച ചെയ്തു തുടങ്ങുമ്പോള്‍, ഇന്ത്യന്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് അഭയം നല്‍കുമെന്ന് തന്നെയാണ് ബശറിന്റെ പ്രതീക്ഷ.ഹൈദരാബാദ്: മാതൃരാജ്യം തങ്ങളെ ആട്ടിയോടിച്ചു. അഭയം തേടിയെത്തിയ നാടാകട്ടെ തിരിച്ചയക്കാന്‍ ശ്രമിക്കുന്നു.

എന്നാല്‍, സെയ്ദുല്ല ബശര്‍ പ്രതീക്ഷയിലാണ്. ഒരു ദിവസം തനിക്കും തന്റെ വിഭാഗമായ റോഹിംഗ്യ മുസ്‌ലിംകള്‍ക്കും നീതി ലഭിക്കുക തന്നെ ചെയ്യും. മ്യാന്മറില്‍ നിന്ന് പലായനം ചെയ്യപ്പെടുന്ന റോഹിംഗ്യകളെ കുറിച്ച് ലോകം ചര്‍ച്ച ചെയ്തു തുടങ്ങുമ്പോള്‍, ഇന്ത്യന്‍ സര്‍ക്കാര്‍ തങ്ങള്‍ക്ക് അഭയം നല്‍കുമെന്ന് തന്നെയാണ് ബശറിന്റെ പ്രതീക്ഷ.

“ഞങ്ങള്‍ ഇവിടെ കുഴപ്പമുണ്ടാക്കാന്‍ വന്നവരല്ല. ഞങ്ങളെ ഭീകരവാദികളായി പരിഗണിക്കരുത്”- ബശര്‍ പറയുന്നു. ഹൈദരാബാദിലെ റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ കുടുംബത്തോടൊപ്പമിരുന്നാണ് ഇയാള്‍ ഇത്രയും പറയുന്നത്. “ആരും അഭയാര്‍ഥികളാകാന്‍ ആഗ്രഹിക്കുന്നില്ല. മ്യാന്മര്‍ സര്‍ക്കാര്‍ മനുഷ്യക്കുരുതി തുടങ്ങിയപ്പോഴാണ് ഞങ്ങള്‍ രാജ്യം വിടാന്‍ നിര്‍ബന്ധിതരായത്. ഒരിക്കല്‍ അവിടെ സാധാരണ നില കൈവരും. അന്ന് സ്വരാജ്യത്തേക്ക് മടങ്ങിപ്പോകാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്”- രണ്ട് കുട്ടികളുടെ പിതാവായ 27കാരന്‍ പറയുന്നു. മ്യാന്മറില്‍ കല്ല് വ്യാപാരം നടത്തുകയായിരുന്നു സെയ്ദുല്ല ബശര്‍. ഇവിടെയിപ്പോള്‍ കൂലിപ്പണിചെയ്താണ് ഭാര്യയും രണ്ട് കുട്ടികളുമുള്ള കുടുംബം പുലര്‍ത്തുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇന്ത്യയിലെത്തിയ ആയിരക്കണക്കിന് റോഹിംഗ്യന്‍ അഭയാര്‍ഥികളില്‍ ഒരാളാണ് ബശര്‍. 14,000 റോഹിംഗ്യകള്‍ രാജ്യത്തുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്.

ഇത് 40,000ത്തോളം വരുമെന്ന് സന്നദ്ധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഹൈദരാബാദ് പഴയ നഗരത്തിലെ വിവിധ അഭയാര്‍ഥി ക്യാമ്പുകളില്‍ മാത്രം നാലായിരത്തോളം റോഹിംഗ്യകളുണ്ടെന്നാണ് കണക്ക്. ഇതില്‍ 3500ഓളം ആളുകള്‍ യു എന്‍ ഹൈക്കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. 2012ല്‍ മ്യാന്മറില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പലായനം ചെയ്‌തെത്തിയവരാണ് ഇവരില്‍ പലരും. ഇതുവരെ കുഴപ്പമൊന്നുമില്ലായിരുന്നു. ഏതാനും ദിവസം മുമ്പ്, കേന്ദ്ര സര്‍ക്കാര്‍ റോഹിംഗ്യകള്‍ക്കെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെ ഇവര്‍ പരഭ്രാന്തിയിലാണ്. റോഹിംഗ്യകള്‍ രാജ്യത്തിന് സുരക്ഷാ ഭീഷണിയാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും ഈ വാദത്തിന് അടിവരയിട്ടു. റോഹിംഗ്യകള്‍ അഭയാര്‍ഥികളല്ല, നുഴഞ്ഞുകയറ്റക്കാരാണെന്നാണ് രാജ്‌നാഥ് സിംഗ് പറഞ്ഞത്. “ലോകം ഞങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണെങ്കില്‍ മ്യാന്മറിലേക്ക് തിരിച്ചുപൊകാം. നാട്ടിലേക്കുള്ള മടക്കം ഞങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്. രാജ്യം വിട്ടുപോകാന്‍ നിര്‍ബന്ധിതരാകുമ്പോള്‍ ആരുടെയും ഹൃദയം തകര്‍ന്നുപോകും. കരഞ്ഞുപോകും”- അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്ന അബ്ദുല്‍ കരീം പറഞ്ഞു.

“ഞങ്ങള്‍ പാവങ്ങളാണ്. എന്ത് ജോലി ചെയ്യാന്‍ പറഞ്ഞാലും ചെയ്യും. മ്യാന്മറിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ബന്ധുക്കള്‍ പോലും പലവഴിക്ക് ചിതറിപ്പോയി. ചിലര്‍ ബംഗ്ലാദേശില്‍, ചിലര്‍ ഇന്തോനേഷ്യയില്‍, മറ്റ് ചിലര്‍ ശ്രീലങ്കയിലും മലേഷ്യയിലും സഊദി അറേബ്യയിലും. മറ്റ് ചിലര്‍ ദുബൈയില്‍…”- 20കാരനായ ഹോട്ടല്‍ തൊഴിലാളി മനസ്സ് തുറന്നു. റോഹിംഗ്യകള്‍ താമസിക്കുന്നിടങ്ങളില്‍ പരിശോധന നടത്തി കുറ്റക്കാരാരെങ്കിലുമുണ്ടെങ്കില്‍ സര്‍ക്കാര്‍ ശിക്ഷിച്ചോട്ടെയെന്ന് ബശര്‍ കൂട്ടിച്ചേര്‍ത്തു. “ഇന്ത്യ ശക്തമാണ്. മ്യാന്മറില്‍ തുല്യാവകാശം ലഭിക്കുന്നത് വരെ ഞങ്ങളെ ഇവിടെ താമസിക്കാന്‍ അനുവദിക്കണം”- സെയ്ദുല്ല ബശറിന്റെ അഭ്യര്‍ഥനക്കൊപ്പം 65കാരനായ സുല്‍ത്താന്‍ മുഹമ്മദും പങ്കുചേര്‍ന്നു.

---- facebook comment plugin here -----

Latest