Connect with us

Articles

നിരത്തുകള്‍ ഇനി പഴയതുപോലെയാകില്ല

Published

|

Last Updated

റോഡുകളുടെ അവസ്ഥ കാരണം ഓരോ ദിവസവും എത്ര ആളുകളുടെ വഴക്കും ദേഹോപദ്രവവും ഏല്‍ക്കേണ്ടി വരുന്നു തൊഴിലാളികള്‍? പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് ദിവസതോതിലാക്കിയതിന്റ പ്രത്യാഘാതം അനുഭവിക്കുന്നു വാഹന ഉടമകള്‍. 37 മാസമായി ഓട്ടോ, ടാക്‌സി ചാര്‍ജ് പുതുക്കി നിശ്ചയിച്ചിട്ട്. 2014 സെപ്തംബര്‍ മാസത്തില്‍ പുതുക്കിയ ശേഷം എത്ര ശതമാനമാണ് എണ്ണ വില വര്‍ധിപ്പിച്ചത്? എന്നാല്‍ ഓട്ടോ, ടാക്‌സി ചാര്‍ജ് പുതുക്കി നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സ്വകാര്യ ബസ് ഉടമകള്‍ പല തവണ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മന്ത്രിമാരുടെ അഭിപ്രായം മാനിച്ചു അവര്‍ പിന്മാറുകയും ഇപ്പോള്‍ വീണ്ടും പണിമുടക്ക് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. സ്വകാര്യ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതോട് കൂടി നമ്മുടെ കെ എസ് ആര്‍ടി സി യുടെ ചാര്‍ജും വര്‍ധിപ്പിക്കുമല്ലോ.
എങ്ങനെയാണ് ചെന്നൈ പോലുള്ള നഗരങ്ങളില്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ മിനിമം ചാര്‍ജ് മൂന്ന് രൂപക്കും അഞ്ചു രൂപക്കും ഏഴ് രൂപക്കും യാത്രക്കാരെ കൊണ്ടുപോകുന്നത്? നമ്മുടെ സംസ്ഥാനത്ത് എന്തുകൊണ്ടാണ് കൂടിയ ചാര്‍ജ് ഈടാക്കിയിട്ടും ആര്‍ ടി സി നഷ്ടത്തിലാകുന്നത്? പ്രധാനമായും മാനേജ്‌മെന്റിന്റെ അശ്രദ്ധയല്ലേ ഈ പൊതുമേഖലയെ തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്ക് കൊണ്ടുപോകുന്നത്? കോഴിക്കോട് പട്ടണത്തില്‍ ഒരു ബസ് ടെര്‍മിനല്‍ നിര്‍മിച്ചിട്ടുണ്ട്. അതില്‍ ബസ് യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം എത്രത്തോളമുണ്ട്? അവിടെ ഒരു ചായ കഴിക്കണമെങ്കില്‍ പുറത്തെ കടകളിലേക്ക് ഇറങ്ങി പോകേണ്ട സ്ഥിതിയാണ്. പ്രൈവറ്റ് ബസുകള്‍ക്ക് അനുവദിക്കുന്ന അതേ സമയത്ത് തന്നെ കെ എസ് ആര്‍ടിസിക്കും റൂട്ട് സമയം അനുവദിക്കുന്നതിലാണോ കാര്യക്ഷമത? യാത്രക്കാരെ മുന്‍നിര്‍ത്തി ഇരു ബസുകളിലേയും തൊഴിലാളികള്‍ റോഡില്‍ വഴക്കടിക്കുന്നതിന്റെ ഉത്തരവാദിയാരാണ്?

കേരളത്തില്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. എന്നാല്‍, നമ്മുടെ റോഡുകള്‍ അതിനനുസൃതമായി വികസിപ്പിക്കുന്നില്ല. നമ്മുടെ ഹൈവേ വികസനം ആരംഭിക്കാന്‍ തുടങ്ങിയിട്ട് എത്ര വര്‍ഷമായി? മാറി വരുന്ന സംസ്ഥാന സര്‍ക്കാറുകള്‍ പല തരത്തിലുള്ള തീരുമാനങ്ങള്‍ പ്രഖ്യാപിക്കുകയും എന്നാല്‍ വികസനം നടപ്പിലാക്കാതിരിക്കുകയും ചെയ്യുക പതിവായി തീരുന്നു. സ്ഥലം വിട്ടു നല്‍കുന്നില്ല എന്നതിന്റെ പേരിലാണ് റോഡ് വികസനം സ്തംഭിച്ചു നില്‍ക്കുന്നത്. കൊച്ചി മെട്രോ എത്ര വേഗത്തിലാണ് നടപ്പിലായത്? മതിയായ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായപ്പോള്‍ എതിര്‍പ്പില്ലാതെ സ്ഥലം വിട്ടു കിട്ടിയല്ലോ. എല്‍ ഡി എഫ് അധികാരത്തില്‍ വന്നിട്ട് ഒന്നര വര്‍ഷമായി. ഹൈവേ വികസനം നടപ്പിലാക്കുന്നതിനായി എത്ര തവണ സ്ഥലം ഏറ്റെടുക്കുമെന്ന പ്രഖ്യാപനം വന്നു? എന്തുകൊണ്ട് നടപ്പിലാക്കാന്‍ കഴിയാതെ പോകുന്നു? ഇതിന്റെയെല്ലാം ദുരിതം പേറുന്നത് റോഡ് മാര്‍ഗം യാത്ര ചെയ്യുന്നവരും വാഹനം ഓടിക്കുന്ന തൊഴിലാളികളുമാണ്. എത്രയോ രോഗികളെ യഥാസമയം ആശുപത്രികളില്‍ എത്തിക്കാന്‍ കഴിയാതെ എത്ര കുടുംബത്തിനാണ് കുടുംബനാഥനും മറ്റുള്ളവരും നഷ്ടപ്പെട്ടു പോയത്.
ഇതിന്റെയെല്ലാം പുറമേയാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതി 2017 ബില്‍. ഇത് തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ, ദേശവിരുദ്ധ നിയമമാണ്. ഇതുകൂടി പാസായാല്‍ തൊഴിലാളികളുടെ അവസ്ഥ എന്തായി തീരും? റോഡ് ഗതാഗത മേഖല ഒന്നാകെ സ്വകാര്യ കുത്തകകള്‍ക്ക് അടിയറ വെക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മോട്ടോര്‍ വാഹന നിയമത്തിലെ 223 സെക്്ഷനുകളില്‍ 68 എണ്ണം ഭേദഗതി ചെയ്യാനും 28 പുതിയ സെക്ഷനുകള്‍ കൂട്ടി ചേര്‍ക്കാനും ഈ ഭേദഗതി നിര്‍ദേശിക്കുന്നു. നിയമഭേദഗതി നടപ്പാക്കുന്നതോടെ സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ നിന്നും അപ്രത്യക്ഷമാവും. ടാക്‌സി സംവിധാനവും ചരക്കു കടത്ത് സംവിധാനവും പാടെ തകരും. ദേശസാല്‍കൃതി ട്രാന്‍സ്‌പോര്‍ട്ട് മേഖല എന്ന പോലെ ആര്‍ ടി സി കളും സ്വകാര്യ ബസ് വ്യവസായവും സമ്പൂര്‍ണ തകര്‍ച്ച നേരിടും. നിലവിലുള്ള
ഡ്രൈവിംഗ് സ്‌കൂളുകളും സ്‌പെയര്‍പാര്‍ട്‌സ് വിപണന ശാലകളും ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്പുകളും അടച്ചുപൂട്ടേണ്ടി വരും.

ഗതാഗതമേഖല പൂര്‍ണമായി വന്‍ കുത്തകകള്‍ക്ക് കൈമാറാനുള്ള കേന്ദ്ര നിക്കം വിജയിക്കുന്നതോടെ ദശലക്ഷക്കണക്കിന് മോട്ടോര്‍ തൊഴിലാളികളാണ് തൊഴില്‍രഹിതരാകാന്‍ പോകുന്നത്. ലൈസന്‍സ് വിതരണവും വാഹന രജിസ്‌ട്രേഷനും സ്വകാര്യ കുത്തകകള്‍ കൈയാളും. മോട്ടോര്‍ തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കാനുള്ള യാതൊന്നും തന്നെ ഭേദഗതിയില്‍ ഉള്‍ക്കൊള്ളുന്നില്ലെന്നു മാത്രമല്ല, അവരുടെ വേതന നിരക്കു പോലും പരിഗണിക്കാതെ കനത്ത പിഴ ഈടാക്കാനും കടുത്ത ശിക്ഷ നല്‍കാനും വ്യവസ്ഥ ചെയ്യുന്നുമുണ്ട്. ബില്‍ നിയമമാകുന്നതോടെ യാത്രാകൂലിയും ചരക്കു കടത്തുകൂലിയും കുത്തനെ ഉയരും. നിത്യോപയോഗ സാധനങ്ങള്‍ക്ക് വമ്പിച്ച വിലക്കയറ്റം ഉണ്ടാകുകയും ചെയ്യും.
തന്ത്രപ്രധാന മേഖലയായ റോഡ് ഗതാഗതം സ്വകാര്യവത്കരിച്ച് വമ്പന്‍ കുത്തകകള്‍ക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് മോട്ടോര്‍ വാഹന നിയമ ഭേദഗതിക്ക് രൂപം നല്‍കിയിട്ടുള്ളത്. യഥാര്‍ഥത്തില്‍ 2014 റോഡ് ഗതാഗത സുരക്ഷാ ബില്ലിന്റെ പരിഷ്‌കരിച്ച രൂപം മാത്രമാണിത്. പുതിയ കുറെ വകുപ്പ് കൂടി കൂട്ടിചേര്‍ത്തിട്ടുണ്ടെന്നു മാത്രം. എരിതീയില്‍ എണ്ണ പകരുന്നതുപോലെ ഗതാഗത മേഖല ഗുരുതരമായ പ്രതിസന്ധി അഭിമുഖീകരിക്കുമ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍, ലൈസന്‍സ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുടെ ഫീസ് നിരക്കുകളില്‍ വന്‍വര്‍ധനവ് വരുത്തി. അതിനു പുറമേ ഇന്‍ഷ്വറന്‍സ് റഗുലേറ്ററി കമ്മിറ്റി ഇന്‍ഷ്വറന്‍സ് പ്രീമിയം നിരക്കുകളും കുത്തനെ കൂട്ടി.

പെട്രോള്‍, ഡീസല്‍ വിലയുടെ കാര്യത്തിലും സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണ്. വമ്പന്‍ കുത്തകകള്‍ക്ക് നഗര, ഗ്രാമ വ്യത്യാസമില്ലാതെ രാജ്യമെമ്പാടും റോഡ് ഗതാഗതം കൈയാളാന്‍ അവസരമൊരുക്കുകയാണ് മോട്ടോര്‍ വാഹന നിയമ ഭേദഗതിയുടെ ലക്ഷ്യം. കുത്തക കമ്പനികളോട് മത്സരിക്കാന്‍ കഴിയാതെ നിലവിലുള്ള ഓട്ടോ, ടാക്‌സി സംവിധാനം പാടെ തകരും. ഈ രംഗത്ത് പണിയെടുക്കുന്നവരില്‍ സിംഹഭാഗവും സ്വയം തൊഴില്‍ എന്ന നിലയില്‍ വാഹനം ഓടിച്ച് ഉപജീവനം കഴിക്കുന്നവരാണ്. നിലവിലുള്ള സംവിധാനത്തിന്റെ തകര്‍ച്ച ഭയാനകമാകും. ഓല, യുബര്‍, മെറു തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സികള്‍ രംഗത്തെത്തിയതിന്റെ പ്രത്യാഘാതം സമൂഹം അനുഭവിച്ചറിയുകയാണ്. ഒരു നിയമത്തിന്റെയും പിന്‍ബലമില്ലാതെയാണ് ഇവ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. നിയമത്തിന്റെ പിന്‍ബലത്തോടെ ഇത്തരം കമ്പനികള്‍ നാടും നഗരവും അടക്കി വാഴുമ്പോള്‍ നിലവിലുള്ള ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ജീവിതം വഴിമുട്ടും. പെര്‍മിറ്റ് സമ്പ്രദായത്തില്‍ വരുത്തുന്ന മാറ്റങ്ങളും ആയിരക്കണക്കിന് ബസുകളുമായുള്ള വമ്പന്‍ കമ്പനികളുടെ രംഗപ്രവേശവും ഇപ്പോള്‍ തന്നെ കടുത്ത പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് വ്യവസായത്തിന്റെ തകര്‍ച്ച പൂര്‍ണമാക്കും. എന്നാല്‍, മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലിനെതിരെ കേരള സര്‍ക്കാര്‍ അതിശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാറിന്റെ മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിനെതിരെ നമ്മുടെ രാജ്യത്ത് മോട്ടോര്‍ വാഹന തൊഴിലാളികളും മോട്ടോര്‍ വാഹന ഉടമകളും മോട്ടോര്‍ ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗം ആളുകളും ചേര്‍ന്നു കൊണ്ടുള്ള അതിശക്തമായ പ്രക്ഷോഭം നടക്കും.
(മോട്ടോര്‍ തൊഴിലാളി ഫെഡ. എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)

 

---- facebook comment plugin here -----

Latest