Connect with us

Gulf

ഖത്വരി കര്‍ഷകര്‍ക്ക് അത്യാധുനിക രീതികള്‍ പരിചയപ്പെടുത്താന്‍ നെതര്‍ലാന്‍ഡ്‌

Published

|

Last Updated

ദോഹ: ഖത്വറിലെ കര്‍ഷകര്‍ക്കും കാര്‍ഷിക രംഗത്ത് പ്രവര്‍ത്തക്കുന്ന കമ്പനികള്‍ക്കും അത്യാധുനിക കാര്‍ഷിക സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്താന്‍ ദോഹയിലെ ഡച്ച് എംബസി. അടുത്ത ചൊവ്വാഴ്ച ദോഹയിലെ ഹില്‍ട്ടണ്‍ ഹോട്ടലിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് നെതര്‍ലാന്‍ഡ് എംബസി വൃത്തങ്ങള്‍ അറിയിച്ചു. രാവിലെ 8.30 മുതലാണ് പരിപാടി. താത്പര്യമുള്ള ഖത്വരി പങ്കാളികള്‍ക്ക് പങ്കെടുക്കാം.

ഹരിതഗൃഹ തോട്ടക്കൃഷിയില്‍ ലോകത്തുതന്നെ ഏറ്റവും മുന്നില്‍ നെതര്‍ലാന്‍ഡാണെന്ന് ഖത്വറിലെ ഡച്ച് അംബാസിഡര്‍ ഡോ. ബഹിയ തഹ്‌സിബ് ലൈ പറഞ്ഞു. വിത്തുകളും പച്ചക്കറികളും മുന്‍നിര ഉത്പാദകരും തങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈടെക് തോട്ടക്കൃഷി സങ്കേതങ്ങളായിരിക്കും ഖത്വരി കമ്പനികള്‍ക്കായി പരിചയപ്പെടുത്തുക. വിഖ്യാത ഡച്ച് ഹരിതഗൃഹങ്ങളില്‍ ഉപയോഗിച്ച അത്യാധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ താത്പര്യപ്പെടുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

പച്ചക്കറികളുടെ ഉത്പാദനത്തില്‍ നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനം കാലാവസ്ഥയണ്. അതുകൊണ്ടുതന്നെ ഖത്വറിന് അനുയോജ്യമായ ഹൈടെക് മാര്‍ഗങ്ങള്‍ പരിപാടിയില്‍ അവതരിപ്പിക്കും.
വര്‍ഷം മുഴുവന്‍ ഉത്പാദനം സാധ്യമാകുന്ന ഏറ്റവും ഉന്നത നിലവാരത്തിലുള്ള വിള ഉത്പാദന പദ്ധതികള്‍ ഡച്ച് കമ്പനികള്‍ അവതരിപ്പിക്കും. ഇക്കാര്യത്തില്‍ തങ്ങളുടെ സങ്കേതങ്ങളുടെ അവതരണത്തിനൊപ്പം അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്യും.
വളരെ കുറച്ച് വെള്ളം ഉപയോഗിച്ച് കൃഷി ചെയ്യുന്ന രീതിയും ഹൈടെക് കാര്‍ഷിക ഹരിതഗൃഹങ്ങളുടെ പ്രയോജനങ്ങളും വിശദമാക്കും. വിളകള്‍ നശിപ്പിക്കുന്ന കീടങ്ങളെയും കാര്‍ഷികരോഗങ്ങളെയും ഫലപ്രദമായി പ്രതിരോധിക്കുന്നതിനുള്ള സങ്കേതങ്ങളും അവതരിപ്പിക്കും.

നെതര്‍ലാന്‍ഡ് വിദേശകാര്യ മന്ത്രാലയത്തിലെ ഇക്കണോമിക് റിലേഷന്‍സ് ഡയറക്ടര്‍ അനദ്രിയ ദ്രിസ്സന്‍, ദോഹയിലെ ഡച്ച് അംബാസിഡര്‍, എംബസിയിലെ കാര്‍ഷിക ഉപദേഷ്ടാവ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
ദോഹയില്‍ സന്ദര്‍ശനം നടത്തുന്ന ഡച്ച് കമ്പനികളുടെ പ്രതിനിധികള്‍, മിഡില്‍ ഈസ്റ്റ് കാര്‍ഷിക മേഖലയില്‍ അനുഭവസമ്പത്തുള്ള വിദഗ്ധര്‍ തുടങ്ങിയവരുടെ പങ്കാളിത്തം പരിപാടിയിലുണ്ടാകും.

Latest