രണ്ടാം ഏകദിനം ഇന്ന്; ആധിപത്യം ഉറപ്പിക്കാന്‍ ഇന്ത്യ

സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ല്‍ ഉച്ചക്ക് 1.20 മുതല്‍ തത്‌സമയം
Posted on: September 21, 2017 9:39 am | Last updated: September 21, 2017 at 11:26 am

കൊല്‍ക്കത്ത: ഇന്ത്യ-ആസ്‌ത്രേലിയ രണ്ടാം ഏകദിനം ഇന്ന് ഈഡന്‍ ഗാര്‍ഡനില്‍ നടക്കും. 2003 ടിവിഎസ് കപ്പ് ഫൈനലിന് ശേഷം ഈഡനില്‍ ഇന്ത്യയും ഓസീസും ഏറ്റുമുട്ടുന്ന രണ്ടാം ഏകദിനമാണിത്. ആദ്യ മത്സരം ജയിച്ച ഇന്ത്യ മേധാവിത്വം നിലനിര്‍ത്താന്‍ സ്പിന്നര്‍മാരെ തന്നെയാണ് പ്രധാനമായും ആശ്രയിക്കുക. കുല്‍ദീപ് യാദവ്, യുവേന്ദ്ര ചാഹല്‍ എന്നിവരെ നേരിടാന്‍ ഓസീസ് പ്രയാസപ്പെടുകയാണ്. ഇതിനൊരു പരിഹാരം കണ്ടെത്താന്‍ ഓസീസ് ചെയ്തത് ഇന്ത്യന്‍ ക്ലബ്ബ് സ്പിന്നര്‍മാരെ ഉപയോഗിച്ച് പരിശീലനം ചെയ്തു.
പക്ഷേ, ഹര്‍ദിക് പാണ്ഡ്യ എന്ന ആള്‍ റൗണ്ടറെ ഓസീസ് എന്ത് ചെയ്യും. ആദ്യ ഏകദിനത്തില്‍ ആറ് വിക്കറ്റിന് 76 എന്ന നിലയില്‍ തകര്‍ന്നു പോയ ഇന്ത്യയെ മാന്യമായ ടോട്ടലില്‍ എത്തിച്ചത് പാണ്ഡ്യയായിരുന്നു.

66 പന്തുകളില്‍ 83 റണ്‍സ്. ധോണിക്കൊപ്പം 118 റണ്‍സിന്റെ കൂട്ടുകെട്ട്. രാജ്യാന്തര ക്രിക്കറ്റില്‍ സിക്‌സറുകളില്‍ നാല് തവണ ഹാട്രിക്ക് നേടുന്ന താരമെന്ന ഖ്യാതിയും പാണ്ഡ്യ ചെന്നൈയില്‍ സ്വന്തമാക്കിയിരുന്നു. 88 പന്തുകളില്‍ 79 റണ്‍സടിച്ച ധോണിയും മികച്ച ഫോമിലാണ്. ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത് സമ്മര്‍ദത്തിലാണ്. ടീമിനെ മുന്നില്‍ നിന്ന് നയിച്ചില്ലെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനം ഭദ്രമാകില്ല. ഡേവിഡ് വാര്‍ണറും മികവിലേക്ക് ഉയരേണ്ടതുണ്ട്.