മുട്ടു വേദനയുണ്ടോ? ഭക്ഷണത്തില്‍ ശ്രദ്ധ വേണം

Posted on: September 20, 2017 9:12 pm | Last updated: September 20, 2017 at 9:12 pm

നിങ്ങള്‍ മുട്ടുവേദനകൊണ്ട് ബുദ്ധിമുട്ടുന്നവരാണോ? എങ്കില്‍ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങള്‍ ഒഴിവാക്കി കൂടുതല്‍ വെളളം കുടിക്കുക. ദിനേന 12 ഗ്ലാസെങ്കിലും വെള്ളം കുടിക്കണം. മുളപ്പിച്ച ചെറുപയര്‍,കടല,വന്‍ പയര്‍ എന്നിവയെല്ലാം ഒഴിവാക്കി പഴവര്‍ഗങ്ങള്‍,പച്ചക്കറികള്‍,ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ് പഴങ്ങള്‍,പച്ചകറികള്‍,ഇലക്കറികള്‍ എന്നിവ. ഇവ കോശങ്ങളെ സംരക്ഷിക്കാനും നീര്‍വീക്കം തടയാനും പല ആന്റി ഓക്‌സിഡന്റുകള്‍ക്കും കഴിവുണ്ട്.

ഗ്ലൈക്കോസമിനൊ ഗ്ലൈക്കന്‍സ് കൂടുതലായുള്ള പച്ചക്കറിയാണ് വെണ്ടക്ക. അത് കൊണ്ട് വെണ്ടക്ക ധാരാളമായി കഴിക്കണം. ഈ കുടുംബത്തില്‍ തന്നെ പെട്ടതാണ് കുറുന്തോട്ടിയും ചെമ്പരത്തിപ്പൂവും. ചെമ്പരത്തിപ്പൂവ് ഉപയോഗിച്ചുകൊണ്ടുണ്ടാക്കുന്ന രസവും മുട്ടിന് നല്ലതാണ്. കാല്‍സ്യം ധാരാളമായി കഴിക്കണം. പ്രത്യേകിച്ചും പ്രായമായവര്‍. പാല്‍,തൈര്,വെണ്ണ എള്ള്,മുതിര എന്നിവയെല്ലാം കാല്‍സ്യത്തിന്റെ നല്ല സ്രോതസുകളാണ്.

ചെമ്മീന്‍ മുതലായ തോടുള്ള കടല്‍ ജീവികളുടെ മാംസവും മുട്ടിന് നല്ലതാണ്.
സന്ധികളുടെ ആരോഗ്യത്തെ നിലനിര്‍ത്താന്‍ വൈറ്റമിന്‍-സി സഹായിക്കും. നെല്ലിക്ക,മുസമ്പി,ഓറഞ്ച്,മുന്തിരി എന്നിവയൊക്കെ കഴിക്കുന്നത് മുട്ടുവേദനയില്ലാതാക്കാന്‍ സഹായിക്കും.

മുട്ടുവേദനയുള്ളവര്‍ ആഹാരത്തിന്റെ കാര്യത്തില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. തടിയും തൂക്കവും കൂടാതെ നോക്കണം. സമീകൃതമായ ഒരു ആഹാര രീതി പിന്തുടരുകയും ചെയ്താല്‍ മുട്ടുവേദന പമ്പ കടക്കും.