Connect with us

Gulf

ഏറ്റവും പ്രിയ നഗരം അബുദാബി, മണ്‍സൂണ്‍ കാലത്ത് മലയാളിക്ക് പ്രിയം യു എ ഇ

Published

|

Last Updated

അബുദാബി: ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മണ്‍സൂണ്‍ കാലത്ത് കേരളത്തില്‍നിന്ന് ഏറ്റവുമധികം പേര്‍ വിദേശയാത്ര നടത്തിയത് യു എ ഇ ലേക്കും ക്വാലാലമ്പൂരിലേയ്ക്കും ബാങ്കോക്കിലേക്കുമാണ്.

പ്രമുഖ ഓണ്‍ലൈന്‍ അക്കമൊഡേഷന്‍ ബുക്കിംഗ് സ്ഥാപനമായ ബുക്കിംഗ് ഡോട്ട്കോം നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. സിംഗപ്പൂര്‍, പട്ടായ എന്നിവയാണ് നാലും അഞ്ചും സ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷം ഏറ്റവും പ്രിയപ്പെട്ട നഗരങ്ങള്‍ ന്യൂയോര്‍ക്കും പഡോംഗുമായിരുന്നെങ്കില്‍ ഈ വര്‍ഷം അബുദാബിയിലേക്കും പാരീസിലേക്കും പറക്കാനാണ് കൂടുതല്‍ പേര്‍ താത്പര്യം കാട്ടിയത്. സിംഗപ്പൂര്‍, ലണ്ടന്‍, പട്ടായ, കൊളംബോ എന്നീ നഗരങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേതുപോലെ ഈ വര്‍ഷവും പ്രിയപ്പെട്ടതുതന്നെയെന്ന് ബുക്കിംഗ് ഡോട്ട്കോം പറയുന്നു.
ആഭ്യന്തരയാത്രകളില്‍ മുംബെയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പ്രിയപ്പെട്ട സ്ഥലമെങ്കില്‍ ഈ വര്‍ഷം മുംബെയെ പിന്തുള്ളി കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ സ്ഥാനം പിടിച്ചു.

ആഭ്യന്തര ടൂറിസം രംഗത്ത് കൊച്ചിയാണ് മുന്നില്‍. ബെംഗളുരു, തിരുവനന്തപുരം, ചെന്നൈ എന്നിവയാണ് മറ്റ് പ്രിയപ്പെട്ട നഗരങ്ങള്‍. ലോകത്തിലെതന്നെ ഏറ്റവും വേഗതയില്‍ വളരുന്ന സാമ്പത്തികശക്തിയാണ് ഇന്ത്യയിലേത് എന്നതുകൊണ്ട് ഉപയോക്താക്കള്‍ യാത്രകള്‍ക്കായി കൂടുതല്‍ പണംമുടക്കുന്നുണ്ടെന്ന് ബുക്കിംഗ് ഡോട്ട്‌കോം ഇന്ത്യന്‍ സബ് കോണ്ടിനന്റ് മേധാവി വികാസ് ഭോസ്ലെ പറയുന്നു. അതിനനുസരിച്ച് വിപണികളും വളരുകയാണ്.
മണ്‍സൂണ്‍ കാലത്ത് അന്താരാഷ്ട്ര തലത്തിലും ആഭ്യന്തരയാത്രകളുടെ കാര്യത്തിലും വളര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

 

Latest