ഭൂചലനത്തില്‍ വിറങ്ങലിച്ച് മെക്‌സിക്കോ; മരണ സംഖ്യ 248 ആയി

Posted on: September 20, 2017 8:50 am | Last updated: September 20, 2017 at 4:23 pm

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 248 ആയി. മൊറെലോസില്‍ 55പേരും മെക്‌സിക്കോ സിറ്റിയില്‍ 49 പേരും പുബ്ല സ്റ്റേറ്റില്‍ 32 പേരുമാണ് മരിച്ചത്. 1985ല്‍ മെക്‌സിക്കോയിലുണ്ടായ ഭൂചലനത്തില്‍ ആയിരക്കണക്കിന് ആളുകള്‍ മരിച്ചിരുന്നു. ഇതിന് ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ നാശം വിതച്ച ഭൂചലനമാണ് കഴിഞ്ഞദിവസം ഉണ്ടായത്.

റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വീടുകളും നിരവധി കെട്ടിടങ്ങളും തകര്‍ന്നു വീണു. തകര്‍ന്ന കെട്ടിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് പ്രാദേശിക സമയം 2.15നാണ് ഭൂചലനമുണ്ടായത്. സാന്‍ജുവാന്‍ റബോസോ നഗരത്തില്‍ നിന്ന് 31 മൈല്‍ വടക്കുകിഴക്ക് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഈ മാസം ആദ്യം രാജ്യത്തുണ്ടായ ഭൂചലനത്തില്‍ 90 പേര്‍ മരിച്ചിരുന്നു. അന്ന് റിക്ടര്‍ സ്‌കെയിലില്‍ 8.1 തീവ്രതയാണ് രേഖപ്പെടുത്തിയത്.