Connect with us

Articles

രാജ്യം ഡെമോക്രസിയിൽ നിന്ന് മോബോക്രസിയിലേക്കോ?

Published

|

Last Updated

ക്ഷീര കര്‍ഷകനായ പെഹലുഖാനെ തല്ലിക്കൊന്ന സംഘ് ഭീകരരായ ആറുപേരെ പോലീസ് വെറുതെ വിട്ടു എന്നതാണ് ജനാധിപത്യ കാര്‍ഷികരാജ്യമായ ഇന്ത്യയില്‍ നിന്നും അവസാനമായി നമ്മള്‍ കേള്‍ക്കുന്ന വാര്‍ത്ത. അതിനു മുമ്പ് എഴുത്ത്കാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനെ ക്രൂരമായി കൊലപ്പെടുത്തിയതായിരുന്നു മറ്റൊരു പ്രധാന സംഭവം. ഇങ്ങിനെ തുടങ്ങി ഒരു രാജ്യത്തിന്റെ പ്രധാനപ്പെട്ട സംഭവ വികാസങ്ങളെല്ലാം ഒരുപോലുള്ള വാര്‍ത്തകളാല്‍  ഒരേ താളത്തില്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്.
എതിര്‍ സ്വരങ്ങളെ ഇല്ലാതാക്കുക എന്നത് ജനങ്ങള്‍ക്ക് നടപ്പില്‍ വരുത്താനുള്ള നിയമമായി മാറിയത് പോലെയാണ് കാര്യങ്ങള്‍. എല്ലാം തീവ്ര ദേശീയതയുടെയും രാജ്യ സ്‌നേഹത്തിന്റെയും ഭാഗമായി കാണുന്നു എന്നതാണ് അതിലും ഭീകരം. ചരിത്രതാളുകളില്‍ തീവ്രദേശീയതയുടെ വക്താക്കളെ എന്നും ലോകം സംശയത്തോടെയാണ് നിരീക്ഷിക്കുന്നത്. ദേശ സ്‌നേഹത്തിന്റെ നിര്‍വചനം അറിയാത്ത ഒരുകാലത്ത് സൗഹാര്‍ദ്ദത്തോടെയും പരസ്പര സ്‌നേഹത്തോടെയും ജീവിച്ചിരുന്ന ഒരു കാലം ഇന്ത്യയ്ക്കുണ്ടായിരുന്നു. എന്നാല്‍ മതാധിഷ്ഠിത ദേശീയത പലരൂപത്തിലും ഭാവത്തിലും രാജ്യത്ത് ഉയര്‍ന്നു വന്നപ്പോള്‍ ദേശീയത പൗരനുനേരെ അടിച്ചേല്‍പ്പിക്കുന്ന ഒന്നായി മാറുകയായിരുന്നു. ദേശസ്‌നേഹം ഇത്രമാത്രം ക്രൂരമായ ദുര്‍വിധിയെ നേരിടേണ്ടിവന്ന ഒരു കാലഘട്ടം ഉണ്ടായിട്ടില്ലെന്നു തന്നെ പറയാനാകും.
ജനാധിപത്യം എന്നത് ഒരു തരത്തിലുള്ള ഭരണകൂട രൂപം മാത്രമായി മാറിയതുകൊണ്ടായിരിക്കും രാജ്യത്തിന്റെ പലഭാഗങ്ങളും വര്‍ഗീയമായി ഭിന്നിച്ചുകൊണ്ടിരിക്കുമ്പോഴും ഭരണകൂടം ഒന്നും അറിയുന്നില്ല എന്ന മട്ടില്‍ ഇരിക്കുന്നത്. എന്നാല്‍ ഭരണകൂട താത്പര്യങ്ങള്‍ നടപ്പില്‍ വരുത്താന്‍ പൗരന്മാര്‍ക്ക് എല്ലാവിധ പിന്തുണയും മറ്റൊരു വഴിയില്‍ അറിയിക്കുകയും ചെയ്യുന്നു.യഥാര്‍ത്ഥത്തില്‍ ഒരു ഡെമോക്രസിക്ക് പകരം ഒരു തരത്തിലുള്ള മോബോക്രസിയാണ് ഇന്ന് ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നു. ചെയ്യുക എന്നതില്‍ നിന്നും ചെയ്യിക്കുക എന്നതിലേക്കാണ് ഇന്ത്യന്‍ ഫാസിസം നീങ്ങിക്കൊണ്ടിരിക്കുന്നത്.
ക്ലാസിക്കല്‍ ഫാസിസം തൊട്ട് നവ ഇന്ത്യന്‍ ഫാസിസം വരെയുള്ള  മുഴുവന്‍ ശക്തികളും  ജനാധിപ്ത്യ പ്രക്രിയയിലൂടെ ഭരണത്തിലേറിയതാണ്. ഇതിനാല്‍ അധികാരത്തിന്റെ മുഷ്ടിചുരുട്ടിയാണ്  രാജ്യ സ്‌നേഹ്ത്തിന്റെ മറവില്‍ ഇന്ത്യന്‍ ഫാസിസം പൗരന്മാരുടെ മസ്തിഷ്‌കത്തിലേക്ക് നക്രോഫീലിയ (ശവകാമുകത) മനോഭാവം കയറ്റികൊണ്ടിരിക്കുന്നത്. മതത്തിനപ്പുറം മനുഷ്യരെന്ന് ചിന്തിക്കാന്‍ കഴിയാത്തവിധം വ്യത്യസ്തമായ കാരണങ്ങള്‍ നെയ്ത് പൗര മനസ്സുകളില്‍ ഇത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഗുജറാത്തിലെ വംശഹത്യയുടെ ചോരയില്‍ വിരിഞ്ഞതാണ് ഇന്ത്യന്‍ ഫാസിസം. ഇവിടം മുതല്‍ക്കാണ് ചോരകൊണ്ട് ചിന്തിക്കാന്‍ ഫാസിസ്റ്റുകള്‍ ശ്രമിച്ചുകൊണ്ടിരുന്നത്. ബാബരി മസ്ജിദ് മുതല്‍ ഗോവധ നിരോധനം വരെയുള്ള കാര്യങ്ങളില്‍ നിന്ന് ഭരണത്തിന്റെ മറവിലൊളിക്കുന്ന ഹൈന്ദവഭീകരതയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അരക്ഷിതത്വവും നിസ്സഹായാവസ്ഥയും രാജ്യം മുഴുവന്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണ് പൗരന്മാര്‍ക്ക് നേരെ അധികാരികള്‍ തിരിച്ചുവിടുന്നത്. ഇത് രാജ്യത്തിന്റെയും വൈവിധ്യത്തേയും ബഹുത്വത്തേയും സഹവര്‍ത്തിത്വത്തേയും സഹിഷ്ണുതയേയും തച്ചുതകര്‍ത്ത് ഏകശിലാത്മകമായ ഇന്ത്യയെ രൂപ്പെടുത്താനാണ് ശ്രമിക്കുന്നത്.
രാജ്യസനേഹത്തിന്റെയും ദേശീയതയുടെയും അതിര്‍ത്തികള്‍ക്കപ്പുറം മനുഷ്യവംശത്തിന്റെ ഉയര്‍ച്ചക്കായി ശബ്ദിച്ചവരായിരുന്നു ഗാന്ധിയും ടാഗോറുമെല്ലാം. എന്നാല്‍ ഇന്ന് മുസ്ലിങ്ങളും ദളിദരും ആദിവാസികളും ഗോത്രജനതയും മറ്റു മത ന്യൂനപക്ഷങ്ങളും രാഷ്ട്രശത്രുക്കളായി മാറിയിരിക്കുന്നു. അഖ്‌ലാഖും പെഹലുഖാനും കല്‍ബുര്‍ഗിയും ഗൗരിലങ്കേഷും തുടങ്ങി വ്യാജ ദേശീയതയുടെ രക്തസാക്ഷികളാകേണ്ടിവന്നരും ഇന്ത്യയില്‍ ധാരാളമുണ്ട്. പശുവിന്റെ പേരില്‍ മാത്രം ഇന്ത്യില്‍ കൊല്ലപ്പെട്ടത് 29 പേരാണ്. എന്നിട്ടും നമുക്ക് കാര്യമായ ഞെട്ടല്‍ വരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജനാധിപത്യം ഏറ്റവും ദരിദ്രനായ വ്യക്തിയുടെ കണ്ണുനീര്‍ തുടച്ചുമാറ്റുമെന്നായിരുന്നു മഹാത്മാ ഗാന്ധിയുടെ നിരീക്ഷണം. എന്നാല്‍ കരയാന്‍ കണ്ണുനീരുപോലും ബാക്കിയില്ലാതെയാണ് വലിയൊരു വിഭാഗം ജനത ഇന്ന് രാജ്യത്ത് കഴിഞ്ഞുകൂടിക്കൊണ്ടിരിക്കുന്നത്. ദേശീയതയും രാജസ്‌നേഹവും ചില ചിഹ്നങ്ങളെ ഉയര്‍ത്തിപ്പിടിക്കലാണ് എന്നരീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. മിത്തുകളെയെല്ലാം ചരിത്രവല്‍ക്കരിച്ച് യഥാര്‍ത്ഥമായ ചരിത്രത്തിന് കാവിപുതച്ചുകൊണ്ടാണ് ഫാസിസം മുന്നോട്ട് നീങ്ങുന്നത്. ഇന്ത്യന്‍ ഫാസിസ്റ്റുകളുടെ ലക്ഷ്യം 2019 ലോകസഭാ തിരഞ്ഞെടുപ്പുമാത്രമല്ല അതിലപ്പുറം ഇനിയങ്ങോട്ടുള്ള മുഴുവന്‍ തിരഞ്ഞെടുപ്പുകളിലും ബ്രാഹ്മണിക്കല്‍ സവര്‍ണ മേധാവിത്വം കൊണ്ടുവരാന്‍ അവര്‍ശ്രമിച്ചുകൊണ്ടിരിക്കും. 2025ല്‍ രാജ്യത്തെ പൂര്‍ണമായ ഒരു ഹിന്ദുത്വ രാജ്യമാക്കി മാറ്റുെമന്ന ആര്‍ എസ് എസ് നേതാവിന്റെ വാക്കുകള്‍ നമ്മോട് വിളിച്ചുപറയുന്ന ഉത്തരമിതാണ്.

Latest