Connect with us

Gulf

ഗള്‍ഫ് രാജ്യങ്ങളില്‍ 20 ലക്ഷം വീട്ടുവേലക്കാര്‍ കൂടുതലും ഇന്ത്യയില്‍ നിന്ന്

Published

|

Last Updated

അബുദാബി: ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ രാജ്യങ്ങളില്‍ മൊത്തം 20 ലക്ഷം വീട്ടുവേലക്കാര്‍ ജോലിചെയ്യുന്നുണ്ടെന്ന് കണക്കുകള്‍. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഫിലിപ്പൈന്‍, ഇന്ത്യോനേഷ്യ, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വീട്ടുവേലക്കാരിലധികവും. ജനസംഖ്യാ ആനുപാതവുമായി തട്ടിച്ചുനോക്കുമ്പോള്‍ ലോകത്തില്‍തന്നെ ഏറ്റവും കൂടുതല്‍ വീട്ടുവേലക്കാരുള്ളത് ഗള്‍ഫ് മേഖലയിലാണെന്ന് കണക്കുകള്‍ വ്യക്താക്കുന്നു.

വീട്ടുവേലക്കാരുടെ ശരാശരി പ്രായം 25നും 30നുമിടയിലാണ്. വീട്ടുവേലക്കാരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. ഗള്‍ഫ് മേഖലയിലേക്ക് ഏറ്റവുമധികം വീട്ടുവേലക്കാരെ നല്‍കിയ രാജ്യമെന്ന സ്ഥാനം ഇന്ത്യക്കുതന്നെ. തൊട്ടുപിന്നില്‍ യഥാക്രമം ഇന്തോനേഷ്യയും ഫിലിപ്പൈനുമാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വീട്ടുവേലക്കാരെ സ്വീകരിച്ച രാജ്യം സഊദിയാണ്. ആകെ വീട്ടുവേലക്കാരുടെ 40 ശതമാനവും സഊദിയിലാണ്. എട്ടുലക്ഷം വരുമിത്. തൊട്ടുപിന്നില്‍ യു എ ഇയുണ്ട്. അതിനിടെ, വീട്ടുവേലക്കാരുടെ എണ്ണത്തില്‍ വന്‍തോതില്‍ കുറവ് സംഭവിച്ചുകൊണ്ടിരിക്കുന്നതായും മേഖല വന്‍ പ്രതിസന്ധി നേരിടുന്നതായും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നേരത്തെയുണ്ടായിരുന്നപോലെ, വീട്ടുജോലിക്ക് പറ്റിയവരെ യഥേഷ്ടം ഗള്‍ഫ് രാജ്യങ്ങളിലെത്തിക്കാന്‍ സാധിക്കാതെ വന്നതാണ് പ്രതിസന്ധിക്ക് കാരണം.
കാര്യമായ നിയന്ത്രണങ്ങളൊന്നുമില്ലാതെ വീട്ടുജോലിക്കാരെ ഗള്‍ഫിലേക്കയച്ചിരുന്ന രാജ്യങ്ങളില്‍ വന്ന നിയന്ത്രണവും ഗള്‍ഫ് രാജ്യങ്ങളില്‍ “ഡൊമസ്റ്റിക് വര്‍കേഴ്‌സ് റൂള്‍”കര്‍ശനമാക്കിയതും പ്രതിസന്ധിക്ക് ആക്കംകൂട്ടുകയുണ്ടായി. ചിലരാജ്യങ്ങളാകട്ടെ തങ്ങളുടെ പൗരന്മാരെ ഗള്‍ഫ് മേഖലയിലേക്ക് വീട്ടുജോലികള്‍ക്ക് വിടില്ലെന്ന് തീരുമാനിച്ചതും മേഖലയിലെ പ്രതിസന്ധികടുത്തതാക്കിയതായാണ് വിദഗ്ധാഭിപ്രായം.

 

Latest