ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്‌ട്രേഷനും പുതുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം

Posted on: September 19, 2017 5:54 pm | Last updated: September 19, 2017 at 5:54 pm
SHARE

ഷാര്‍ജ: ഷാര്‍ജയില്‍ ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്ട്രേഷനും പുതുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം. ഒക്ടോബര്‍ ഒന്ന് മുതല്‍ സംവിധാനം നിലവില്‍വരും. ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായോ, മന്ത്രാലയത്തിന്റെ ആപ്പ് വഴി മൊബൈല്‍ഫോണിലോ ലൈസന്‍സും വാഹനരജിസ്ട്രേഷനും പുതുക്കാന്‍ സാധിക്കും. ലൈസന്‍സ് നഷ്ടപ്പെട്ടാലോ മോഷ്ടിക്കപ്പെട്ടാലോ കേടുവന്നാലോ റിപ്പോര്‍ട്ട്‌ചെയ്യാനും പുതിയ ലൈസന്‍സിന് അപേക്ഷിക്കാനും ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്താം. സ്മാര്‍ട് സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനമൊരുക്കി സമയം ലാഭിക്കാന്‍ സഹായിക്കുകയാണ് ലക്ഷ്യമെന്ന് ഷാര്‍ജ പോലീസ് ലൈസന്‍സിങ് വകുപ്പ് മേധാവി കേണല്‍ അലി ബു അല്‍ സൗദ് അറിയിച്ചു.

നടപടികള്‍ ഓണ്‍ലൈന്‍ ആയി പൂര്‍ത്തിയാക്കിയശേഷം അനുവദിക്കുന്ന പുതിയ ലൈസന്‍സ് ഓണ്‍ലൈന്‍ ആയിത്തന്നെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. വാഹനരജിസ്ട്രേഷന്‍ പുതുക്കുന്നവരുടെ അപേക്ഷകള്‍ വാഹനത്തിന്റെ പുതുക്കിയ ഇന്‍ഷുറന്‍സും ടെസ്റ്റ് സര്‍ട്ടിഫിക്കറ്റുമുണ്ടെങ്കില്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഒക്ടോബര്‍ ഒന്നിനുശേഷം ഡ്രൈവിങ് ലൈസന്‍സ് കേന്ദ്രങ്ങള്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍മാത്രമേ എടുക്കുകയുള്ളൂ എന്നും അലി ബു അല്‍ സൗദ് അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here