വീക്ഷണത്തിന്റെയും നോര്‍ക്കാ റൂട്‌സിന്റെയും അംഗീകാരം കേന്ദ്രം റദ്ദാക്കി

Posted on: September 19, 2017 1:18 pm | Last updated: September 19, 2017 at 8:30 pm

കൊച്ചി: കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തെയും നോര്‍ക്ക റൂട്‌സിനെയും പൂട്ടിയ കമ്പനികളായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വീക്ഷണം ഡയറക്ടര്‍മാരായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പിപി തങ്കച്ചന്‍, എംഎം ഹസ്സന്‍, നോര്‍ക്ക റൂട്‌സ് ചെയര്‍മാന്‍ എംഎ യൂസുഫലി, രവി പിള്ള, ഡോ. ആസാദ് മൂപ്പന്‍ എന്നിവരെ അയോഗ്യരാക്കി. ഇവരുള്‍പ്പെടെ കേരളത്തില്‍ നിന്ന് ആകെ 12,000 ഡയറക്ടര്‍മാരെയാണ് കേന്ദ്രം അയോഗ്യരാക്കിയത്.

അയോഗ്യരാക്കിയതോടെ ഇവര്‍ക്ക് അടുത്ത അഞ്ച് വര്‍ഷത്തേക്ക് മറ്റ് സ്ഥാപനങ്ങളുടെ ഡയറക്ടര്‍ സ്ഥാനം വഹിക്കാന്‍ കഴിയില്ല. കള്ളപ്പണത്തിനും നിയമവിരുദ്ധമായ കച്ചവട രീതികള്‍ക്കുമെതിരായ നീക്കത്തിന്റെ ഭാഗമായാണ് കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയം നടപടിയെടുത്തത്. ബാലന്‍ഷീറ്റും ഓഡിറ്റ് റിപ്പോര്‍ട്ടും കൃത്യമായ കമ്പനികളാണ് നടപടിക്ക് വിധേയരായത്. രാജ്യത്തെ വിവിധ കമ്പനികളെ ഒന്നര ലക്ഷത്തിലേറെ പേരെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും കേന്ദ്രം അയോഗ്യരാക്കിയിട്ടുണ്ട്.