Connect with us

Kerala

കരിപ്പൂരില്‍ ആറ് മാസത്തിനിടെ പിടികൂടിയത് എട്ട് കോടിയുടെ കള്ളക്കടത്ത്

Published

|

Last Updated

കൊണ്ടോട്ടി: കരിപ്പൂരില്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ പിടികൂടിയത് എട്ട് കോടിയുടെ കള്ളക്കടത്ത്.ഡി ആര്‍ ഐ വിഭാഗം പിടികൂടിയ കോടികള്‍ ഇതിനു പുറമെയാണ്.
ആറ് കോടി വിലയുള്ള 20.5 കിലോ സ്വര്‍ണം, 75 ലക്ഷം രൂപ വില വരുന്ന 53 കിലോ കുങ്കുമ പൂവ്, 13.5 ലക്ഷം രൂപ വില വരുന്ന വിദേശ നിര്‍മിത സിഗററ്റ്, 1.63 കോടി വിലവരുന്ന വിദേശ കറന്‍സി ഉള്‍പ്പടെയുള്ളവയാണ് കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ പിടികൂടിയ പ്രധാന കേസുകള്‍.
കള്ളക്കടത്തിന് പുതിയ തന്ത്രങ്ങളാണ് പ്രയോഗിക്കുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സ്വര്‍ണം പൊടിയാക്കിയും ലായനി രൂപത്തിലാക്കിയും ഭക്ഷ്യവസ്തുക്കള്‍ക്കുള്ളിലാക്കിയുമാണ് കടത്തുന്നത്. പുതിയ കള്ളക്കടത്ത് കണ്ടുപിടിക്കുന്നതിന് കൂടുതല്‍ നൂതന സംവിധാനങ്ങള്‍ വേണ്ടിവരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രണ്ട് ഷിഫ്റ്റുകളായാണ് കസ്റ്റംസ് പ്രവര്‍ത്തിക്കുന്നത്. പ്രതിദിനം 35 അന്താരാഷ്ട്ര വിമാനങ്ങളുടെ വരവും പോക്കുമായി ദിനംപ്രതി 45,000 യാത്രക്കാരെയെങ്കിലും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പരിശോധനാ വിധേയമാക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥരുടെ കുറവും സജ്ജീകരണങ്ങളുടെ അഭാവവും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ജോലി ഭാരം കൂട്ടുകയാണ്. എന്നിട്ടും രാജ്യത്തെ മികച്ച കസ്റ്റംസായി കരിപ്പൂര്‍ എണ്ണപ്പെടുന്നു.
അതേസമയം, ബാഗേജുകള്‍ നഷ്ടപ്പെടുന്നതായും തുറന്നിട്ട രൂപത്തിലും ലഭിക്കുന്നതായി പരാതി ഉയരുന്നുണ്ട്. കസ്റ്റംസുമായി ബന്ധപ്പെട്ട പരാതിയുള്ളവര്‍ക്ക് കസ്റ്റംസ് പബ്ലിക് റിലേഷന്‍സ് ഓഫീസറുമായോ അസിസ്റ്റന്റ് കമ്മീഷണറുമായോ ബന്ധപ്പെടാവുന്നതാണ്.

 

Latest