Connect with us

National

ടിബറ്റില്‍ നിന്ന് നേപ്പാള്‍ അതിര്‍ത്തിയിലേക്ക് ചൈനീസ് പാത തുറന്നു

Published

|

Last Updated

ബീജിംഗ്: ടിബറ്റില്‍ നിന്ന് നേപ്പാള്‍ അതിര്‍ത്തി വരെയുള്ള തന്ത്രപ്രധാന ഹൈവേ ചൈന തുറന്നു. വാണിജ്യ- യാത്ര- സൈനിക ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പാതയാണ് തുറന്നതെന്നും ഇതുവഴി ദക്ഷിണ ഏഷ്യയുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
25 മീറ്റര്‍ വീതിയുള്ള ഈ പാത പ്രധാനമായും സൈനിക കവചിത വാഹനങ്ങള്‍ക്ക് കടന്നുപോകാനും സൈനിക വിമാനങ്ങള്‍ക്ക് റണ്‍വേ ആയി ഉപയോഗിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്നും സൂചനയുണ്ട്. പുതിയ സാഹചര്യങ്ങളില്‍ ഇന്ത്യയെ അസ്വസ്ഥമാക്കുന്നതാണ് സിഗാസെ വിമാനത്താവളം മുതല്‍ സിഗാസെ നഗരകേന്ദ്രം വരെയുള്ള 40.4 കിലോമീറ്റര്‍ പാത.

നിര്‍ദിഷ്ട ചൈന- നേപ്പാള്‍ റെയില്‍പ്പാതയുമായി ഈ ഹൈവേ ബന്ധിപ്പിക്കാനും ചൈന ഉദ്ദേശിക്കുന്നുണ്ട്. ഈ മാസം ആദ്യം നേപ്പാള്‍ ഉപപ്രധാനമന്ത്രി കൃഷ്ണ ബഹാദൂര്‍ മഹറയുടെ ചൈനീസ് സന്ദര്‍ശന വേളയിലാണ് ഈ റെയില്‍പ്പാതക്ക് ഇരു രാജ്യങ്ങളും കരാറിലെത്തിയത്.
ഈ പാതയെ ദക്ഷിണേഷ്യയുമായി ഏതെങ്കിലും തരത്തില്‍ ബന്ധിപ്പിക്കാമെങ്കില്‍ അത് ഇന്ത്യ, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലൂടെയാണ്. ഇന്ത്യ സഹകരിക്കുകയാണെങ്കില്‍ ഭാവിയില്‍ ഈ പാത ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വാണിജ്യ ഇടനാഴിയായി വികസിപ്പിക്കാന്‍ സാധിക്കുമെന്ന് ചൈനീസ് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

സിഗാസെ- ലാസ റെയില്‍പ്പാതക്ക് സമാന്തരമായാണ് പുതുതായി തുറന്ന ഹൈവേ കടന്നുപോകുന്നത്. 5,476 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഷാന്‍ഗായ്- സാന്‍ഗ്മു ജി318 ഹൈവേയുമായും ഈ പാത നഗരത്തെ ബന്ധിപ്പിക്കും. ടിബറ്റ് പ്രവിശ്യാ തലസ്ഥാനമായ ലാസയുമായാണ് ഈ പാത ചേരുന്നത്.