മഴ തുടരുന്നു; കോട്ടത്തറയില്‍ വീണ്ടും മണ്ണിടിച്ചില്‍

Posted on: September 18, 2017 10:08 am | Last updated: September 18, 2017 at 1:11 pm

തിരുവനന്തപുരം: കനത്ത മഴയില്‍ ദുരിതം തുടരുന്നു. ഇന്ന് പുലര്‍ച്ചെ മണ്ണാര്‍ക്കാട്- അഗളി പ്രധാനപാതയില്‍ കോട്ടത്തറയില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി. വന്‍ മരങ്ങള്‍ റോഡിലേക്ക് കടപുഴകി വീണു. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കോതമംഗലത്ത് ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി. കുന്നപ്പള്ളി സ്വദേശി ബൈജുവിനെയാണ് കാണാതായത്. കാഞ്ഞിരപ്പാറയില്‍ ഉരുള്‍പൊട്ടി മൂന്ന് വീടുകള്‍ തകര്‍ന്നു. നിലമ്പൂര്‍ ആഢ്യന്‍പാറ ജലവൈദ്യുത പ്രദേശത്ത് മണ്ണിടിഞ്ഞ് വൈദ്യുതോത്പാദനം മുടങ്ങിയിരിക്കുകയാണ്.

ഇന്നും നാളെയും കനത്ത മഴ തുടരുമെന്ന കാലാവസ്ഥ പ്രവചനത്തെ തുടര്‍ന്ന് കലക്ടര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഗ്നിശമന സേനയോടും ദുരന്ത നിവാരണ വിഭാഗത്തോടും മുന്‍കരുതലെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.