Connect with us

Gulf

വീട്ടുവളപ്പിലെ പച്ചക്കറി കൃഷിക്ക് സ്വകാര്യ കമ്പനി മുപ്പതിനായിരം തൈകള്‍ വിതരണം ചെയ്യും

Published

|

Last Updated

ദോഹ: അടുത്ത മാസത്തോടെ അന്തരീക്ഷ താപനില താരതമ്യേന കുറഞ്ഞ് ശൈത്യകാലത്തേക്ക് രാജ്യം പ്രവേശിക്കാനിരിക്കെ കൃഷിപ്രേമികള്‍ക്ക് നല്ലവാര്‍ത്ത. വീട്ടുകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് മുപ്പതിനായിരം തൈകള്‍ വിതരണം ചെയ്യാനൊരുങ്ങുകയാണ് രാജ്യത്തെ സ്വകാര്യ കമ്പനി. നവംബര്‍ ഒന്ന് മുതല്‍ സൗജന്യ നിരക്കില്‍ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും തൈ വിതരണം ചെയ്യും. ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന സര്‍ക്കാര്‍ പദ്ധതിയുടെ ചുവടുപിടിച്ച് പ്രാദേശിക കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കാനാണ് സ്വകാര്യ കമ്പനിയുടെ പദ്ധതി.
വഴുതന, തക്കാളി, കോളിഫഌവര്‍, കാബേജ്, പൊതിന അടക്കമുള്ളവയുടെ തൈകളാണ് വിതരണം ചെയ്യുകയെന്ന് ഗ്ലോബല്‍ ഫാം ഉടമ അലി അഹ്മദ് സഅദ് മന്‍സൂര്‍ അല്‍ കഅബി പറഞ്ഞു. പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും സൗജന്യനിരക്കില്‍ വിത്ത് ലഭിക്കും. ഇപ്പോള്‍ വിതരണം ചെയ്യാനായിരുന്നു നേരത്തെ പദ്ധതിയിട്ടത്.

എന്നാല്‍ ചൂടുകാലാവസ്ഥ കാരണം നവംബറിലേക്ക് നീട്ടുകയായിരുന്നു. ഗ്രീന്‍ഹൗസില്‍ വളര്‍ന്ന തൈകള്‍ തുറസ്സായ ഫാമുകളിലേക്ക് മാറ്റും. ഇവ തുറസ്സായയിടങ്ങളിലോ വീട്ടിനകത്തോ വളര്‍ത്താം. വിത്ത് തൈയാകാന്‍ 20 ദിവസമാണ് എടുക്കുന്നതെന്ന് സിമൈസിമയിലെ കമ്പനിയുടെ വലിയ ഫാമില ജീവനക്കാരന്‍ മുഹമ്മദ് ഇഖ്ബാല്‍ ദി പെനിന്‍സുലയോട് പറഞ്ഞു. വിളവെടുക്കാന്‍ 30 ദിവസമാണെടുക്കുക. നവംബര്‍ ഒന്നിന് വിതരണം ചെയ്യുന്ന തൈകള്‍ നട്ട് വളര്‍ത്തിയാല്‍ ഡിസംബര്‍ ആദ്യത്തില്‍ വിളവെടുക്കാം.
വരുന്ന കൃഷിക്കാലത്തേക്ക് വിത്തുകള്‍ പാകുന്ന പണികള്‍ പ്രാദേശിക ഫാമുകള്‍ ആരംഭിച്ചിട്ടുണ്ട്. തക്കാളി, കുക്കുംബര്‍, ബ്രോക്കോളി, കോളിഫഌവര്‍, കാബേജ്, വഴുതന തുടങ്ങിയവയുടെ വിത്തുകളാണ് പാകുന്നത്. ഒക്‌ടോബര്‍ പകുതിയോടെ ഈ വിത്തുകള്‍ തൈകളായി നടാന്‍ പാകമാകും.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്തെ മാറിയ സാഹചര്യം കണക്കിലെടുത്ത് ഉത്പാദനം ഇരട്ടിയാക്കാന്‍ പ്രാദേശിക കര്‍ഷകര്‍ തീരുമാനിച്ചിട്ടുണ്ട്. ഉപയോഗിക്കാത്ത ഭൂമി പച്ചക്കറി കൃഷിക്കായി ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 30 കള്ളികളാണ് തക്കാളി കൃഷിക്ക് ഒരുക്കിയതെങ്കില്‍ ഈ വര്‍ഷമത് 50 ആക്കി. മറ്റ് പച്ചക്കറികളുടെ കാര്യവും ഇങ്ങനെതന്നെയാണെന്നും ഇഖ്ബാല്‍ പറയുന്നു. 40 മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയും വരുന്നതാണ് ഒരു കള്ളി. ഒരു കള്ളിയില്‍ നിന്ന് ദിനംപ്രതി 60 മുതല്‍ 100 പെട്ടി വരെ വിളവ് ലഭിക്കും. കൃഷി ചെയ്യുന്ന പച്ചക്കറി ഇനത്തെ അവലംബിച്ചായിരിക്കുമിത്.

ഉപരോധത്തിന് ശേഷം കാര്‍ഷികോത്പാദനത്തിന് വലിയ സര്‍ക്കാര്‍ സഹായവും പിന്തുണയുമാണ് ലഭിക്കുന്നതെന്ന് കര്‍ഷകര്‍ സൂചിപ്പിക്കുന്നു. കാര്‍ഷിക മേഖലയില്‍ നിക്ഷേപിക്കാനുള്ള സുവര്‍ണാവസരമാണ് ഇത്. ഉപരോധമാണെങ്കിലും വിത്തുകളും മറ്റ് കാര്‍ഷിക ഉപകരണങ്ങളും സാമഗ്രികളും ഇറക്കുമതി ചെയ്യുന്നതിന് തടസ്സം നേരിട്ടിട്ടില്ല. ഹമദ് തുറമുഖം ഇക്കാര്യത്തില്‍ വലിയ സഹായം ചെയ്തിട്ടുണ്ട്. വിത്ത്, വളം, കാര്‍ഷികോപകരണങ്ങള്‍ എന്നിവയടക്കം 18 കണ്ടെയ്‌നറുകള്‍ ഗ്ലോബല്‍ ഫാം ഇറക്കുമതി ചെയ്തിട്ടുണ്ട്.