Connect with us

Articles

കെ എസ് ആര്‍ ടി സി: നാട്ടുകാരുടെ നെഗറ്റീവ് ചിന്ത മാറ്റാന്‍

Published

|

Last Updated

കെ എസ് ആര്‍ ടി സിയുടെ നവീകരണത്തിനായി 1255 ഷെഡ്യൂളുകള്‍ പുനഃക്രമീകരിച്ച് വരുമാനം വര്‍ധിപ്പിച്ച് വരുന്നതായും പതിനായിരത്തില്‍ താഴെ വരുമാനമുള്ള സര്‍വീസുകള്‍ പുനഃക്രമീകരിക്കുന്നതിന് നിര്‍ദേശം നല്‍കിയതായുമുള്ള ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ പ്രസ്താവനയാണ് ഈ കുറിപ്പിനാധാരം.
പൊതുഗതാഗത സംവിധാനങ്ങള്‍ സമൂഹത്തിന്റെ വ്യവഹാരങ്ങളില്‍ നിസ്സീമമായ പങ്കുവഹിക്കുന്നുണ്ട്. സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്തി പോതുജനസേവനം ലക്ഷ്യം വെക്കുന്ന ഇത്തരം സംവിധാനങ്ങളുടെ കേരള മോഡലാണ് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍. സാധാരണ ജനങ്ങള്‍ക്ക് ചെലവ് കുറഞ്ഞ സുരക്ഷിതയാത്ര ഉറപ്പുവരുത്തുകയെന്നതാണ് ലക്ഷ്യം. ഈ സ്ഥാപിത ലക്ഷ്യം എത്രകണ്ട് നടപ്പിലാകുന്നുവെന്നതിനെക്കുറിച്ചുള്ള ചെറിയൊരു വിലയിരുത്തല്‍ നടത്താം.

ദീര്‍ഘദൂര സര്‍വീസുകളും ഹ്രസ്വദൂര സര്‍വീസുകളുമുണ്ട് കെ എസ് ആര്‍ ടി സിക്ക്. ദീര്‍ഘദൂര ബസുകളില്‍ അഭ്യന്തര സര്‍വീസ് നടത്തുന്നവയും സംസ്ഥാനാന്തര സര്‍വീസ് നടത്തുന്നവയുമുണ്ട്. ദീര്‍ഘദൂര സര്‍വീസുകളില്‍ കെ എസ് ആര്‍ ടി സിക്ക് അപ്രമാദിത്വമുള്ളതിനാല്‍ അതിനെ മാറ്റി നിര്‍ത്തി ഹ്രസ്വദൂര സര്‍വീകളെക്കുറിച്ചു പറയാം. കെ എസ് ആര്‍ ടി സിയും സ്വകാര്യ ബസുകളും മത്സരയോട്ടം നടത്തുന്ന, കിടമത്സരം നടക്കുന്ന ഇത്തരം റൂട്ടുകളിലാണല്ലോ സ്ഥാപിത ലക്ഷ്യം കൂടുതല്‍ കാര്യക്ഷമമായി നിറവേറ്റണ്ടതും. സാധാരണ ജനങ്ങളാണ് അധികവും ഹ്രസ്വദൂര യാത്രക്ക് ബസുകളെ ആശ്രയിക്കാറുള്ളത്. അതിനാല്‍ തന്നെയും ഏറ്റവും സുരക്ഷിതമായ മാര്‍ഗമേ അവര്‍ തിരഞ്ഞെടുക്കുകയുള്ളൂ. യാത്രാ സൗകര്യം, നിരക്ക് എന്നിവക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്നതോടു കൂടെത്തന്നെ പരിഗണനക്കും വൃത്തിക്കും അനല്‍പ്പമല്ലാത്ത പ്രാമുഖ്യം നല്‍കുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഈ വിശേഷണങ്ങളെ തുലനം ചെയ്തുനോക്കുമ്പോള്‍ സാധാരണക്കാര്‍ സ്വകാര്യ ബസുകളിലേക്ക് ചാടിക്കയറുന്നു, എന്നല്ല, അവയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നു.

ലാഭം പരമാവധിയാക്കല്‍ എന്ന ലക്ഷ്യം മുന്നോട്ടുവെക്കുന്ന സ്വകാര്യ മേഖലയും സേവനം മുന്നോട്ടുവെക്കുന്ന പൊതുമേഖലയും ഹ്രസ്വദൂര യാത്രാ സര്‍വീസ് സംബന്ധിയായി വിലയിരുത്തുമ്പോള്‍ തലതിരിഞ്ഞതു പോലെയാണ് അനുഭവപ്പെടുന്നത്. സ്വകാര്യ ബസുകള്‍ക്ക് സ്റ്റോപ്പുള്ളിടത്ത് സ്റ്റോപ്പ് ഉണ്ടെങ്കിലും മുന്‍നിശ്ചയിച്ച നിശ്ചിത സ്ഥലങ്ങളിലേക്കുള്ള നിരക്ക് വാങ്ങുമ്പോള്‍ സാധാരണക്കാര്‍ ഏതിനാണ് മുന്‍ഗണന നല്‍കുക? ഉദാഹരണം പറയാം; മലപ്പുറത്തുനിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോള്‍ മലപ്പുറത്തു നിന്നുള്ള നിരക്കാണ് 12 കിലോമീറ്റര്‍ അകലെയുള്ള വെള്ളുവമ്പ്രം എത്തുന്നതു വരെ ഈടാക്കുന്നത്. ചുരുങ്ങിയത് നാല് പ്രമുഖ സ്റ്റോപ്പെങ്കിലും ഇതിന് രണ്ടിനുമിടയിലുണ്ടാകും. സ്വകാര്യ ബസുകള്‍ ഈ സ്റ്റോപ്പുകളില്‍ ദൂരം അടിസ്ഥാനമാക്കിയുള്ള നിരക്കാണ് സ്വീകരിക്കുന്നത്. ഇത്തരത്തില്‍ നിരക്കിന്റെ കാര്യത്തില്‍ ഇടപെടലുകള്‍ നടപ്പാക്കിയില്ലെങ്കില്‍ ഇവക്കെല്ലാം സാധാരണയില്‍ കവിഞ്ഞ പരിഗണ നല്‍കുന്ന സ്വകാര്യ ബസുകളെ ഒഴിവാക്കി അധിക തുക അടച്ച് കെ എസ് ആര്‍ ടി സിയെ അവലംഭിക്കുന്നവര്‍ സാധാരണക്കാരില്‍ ന്യൂനപക്ഷമായിരിക്കും. അതും ചിലപ്പോള്‍ നിവര്‍ത്തിയില്ലാത്തതിനാലാകാനാണ് സാധ്യത. മാത്രമല്ല, എന്തിനാണ് അവര്‍ കെ എസ് ആര്‍ ടി സിയെ പരിഗണിക്കേണ്ടതെന്ന ചോദ്യം അവര്‍ക്കു മുന്നില്‍ അനിശ്ചിതമായിത്തന്നെയിരിക്കുന്നു.

പ്രതിദിനം അഞ്ച് കോടിയോളം രൂപ നഷ്ടത്തിലോടിക്കൊണ്ടിരിക്കുന്ന കെ എസ് ആര്‍ ടി സിയെ കരകയറ്റാന്‍ മുന്നിട്ടിറങ്ങിയതും ഓണം സീസണ്‍ പരിഗണിച്ച് കട്ടപ്പുറത്തുള്ള വാഹനങ്ങള്‍ അതിധ്രുതം അറ്റക്കുറ്റ പണികള്‍ നടത്തി നിരത്തിലിറക്കാന്‍ ഗതാഗത മന്ത്രി നടത്തിയ ശ്രമങ്ങളും സ്വാഗതാര്‍ഹം തന്നെ. ഇത്തരം മാര്‍ഗത്തിലൂടെ ഒരു പരിധിവരെ അധിക വരുമാനം കണ്ടെത്താനാന്‍ കഴിഞ്ഞേക്കാം. ഏതൊരു സംരംഭത്തിലും അതിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നത് ഉപഭോക്താക്കളെ പരിഗണിച്ചായിരിക്കും. അങ്ങനെയെങ്കില്‍, ഉപഭോക്താക്കളായി സാധാരണക്കാരുള്ള കെ എസ് ആര്‍ ടി സിയുടെ പരിഷ്‌കരണങ്ങളും നിരക്ക് നിശ്ചയവും ജീവനക്കാരുടെ സമീപനവുമെല്ലാം ഏത് രീതിയില്‍ സാധാരണക്കാരനെ സ്വാധീനിക്കുന്നു എന്നുകൂടെ വിലയിരുത്തുന്നത് നന്നാവും. പി എസ് സിയിലൂടെയാണ് ഔദ്യോഗിക നിയമനം നല്‍കുന്നതെന്ന് വെച്ച് അതിന്റെ ഗര്‍വും ഗവണ്‍മെന്റ് ജോലിക്കാരനെന്ന പവറും കാണിക്കേണ്ട സ്ഥലമല്ല കണ്ടക്ടര്‍ പോസ്റ്റ്. യാത്രക്കാരോട് മാന്യമായി ഇടപെട്ട് സഹകരണ മനോഭാവത്തോടെ പ്രതികരിക്കണം, സഹായത്തിന് സന്നദ്ധനാകണം. താന്‍ ചെയ്യുന്നത് പൊതുജന സേവനമാണെന്ന ബോധ്യവും വേണം. ഇത്തരം സ്വഭാവ വിശേഷങ്ങളുടെ അഭാവത്തില്‍ അസംഖ്യം സാധാരണക്കാര്‍ കെ എസ് ആര്‍ ടി സിയോട് വിമുഖത കാണിക്കുന്നവരായുണ്ട്. എന്നതിനാല്‍ സേവന സന്നദ്ധതകൂടി ജീവനക്കാരില്‍ ഉറപ്പുവരുത്തി, പൊതുജനങ്ങളിലുള്ള ഇപ്പോഴത്തെ ധാരണ മാറ്റിയെടുത്താലേ വരുമാനത്തില്‍ വര്‍ധനവ് സാധ്യമാകൂ.

നാല്‍പ്പതാം പിറന്നാള്‍ പിന്നിട്ട കെ എസ് ആര്‍ ടി സിയില്‍ ഇപ്പോള്‍ 45 ശതമാനത്തോളം ബസുകള്‍ ഏഴ് വര്‍ഷം പഴക്കം ചെന്നവയാണ്. ആ പരിഗണവെച്ചുകൊണ്ടുതന്നെ പറയട്ടെ, വൃത്തിയും യാത്രക്കാരെ ആകര്‍ഷിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നു. നിരത്തിലോടിക്കൊണ്ടിരിക്കുന്ന ബസുകളെ കണ്ടാല്‍ ഇന്നേവരെ കഴുകാത്തതുപോലെ തോന്നും. പുറം ഭാഗം കഴുകിയില്ലെങ്കിലും ഉള്‍ഭാഗവും സീറ്റും ആഴ്ചയില്‍ ഒരു തവണയെങ്കിലും കഴുകുന്ന സംവിധാനമുണ്ടെങ്കില്‍ യാത്രക്കാരുടെ മനോഭാവം മാറുമെന്നത് തീര്‍ച്ച. മഴ പെയ്താല്‍ മാത്രം വെള്ളം കാണുന്നതുപോലെ തോന്നിക്കും ചില ബസുകള്‍ കണ്ടാല്‍!. ചിലപ്പോള്‍ യാഥാര്‍ഥ്യവും അതുതന്നെയാവാം.
മഴക്കാലമായല്‍ പറയേണ്ടതില്ല. മഴയില്‍ നിന്ന് രക്ഷനേടാന്‍ ഷട്ടര്‍ താഴ്ത്തുമ്പോള്‍ അതിലുറഞ്ഞു നില്‍ക്കുന്ന പൊടിപടലങ്ങള്‍, പുറത്ത് നിന്ന് നേരിയ മഴകൊണ്ട് ബസില്‍ കയറി സ്വസ്ഥമായി ഇരിക്കുമ്പോള്‍ സീറ്റിന്റെ പല ഭാഗങ്ങലിളായി അള്ളിപ്പിടിച്ചിരിക്കുന്ന പൊടികളത്രയും വസ്ത്രത്തിലാകുകയും ചെയ്യുന്നു. ഇതിനെല്ലാം അറുതിവരുത്തിയാലേ യാത്രക്കാരെ വര്‍ധിപ്പിക്കാന്‍ സാധക്കൂ. ഉപഭോക്താക്കള്‍ വര്‍ധിച്ചാലേ വരുമാനം വര്‍ധിക്കൂ. വരുമാനം വര്‍ധിച്ചാലേ നഷ്ടം നികത്താന്‍ സാധിക്കൂ. പബ്ലിക് യൂട്ടിലിറ്റി സര്‍വീസായി ഓടിക്കൊണ്ടിരിക്കുന്ന കെ എസ് ആര്‍ ടി സിയുടെ പരമമായ ലക്ഷ്യം പൊതുജനങ്ങള്‍ക്ക് യാത്രാ സംവിധാനത്തില്‍ അടിസ്ഥാന സേവനം നല്‍കുകയെന്നതാണ്.

അതിനുവേണ്ട പ്രാഥമിക കാര്യങ്ങളിലേക്ക് അധികൃതര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. പുറമെ അത്യാവശ്യ സൗകര്യങ്ങളോടുകൂടിയ വര്‍ക്കുഷോപ്പുകള്‍ സര്‍വീസുകളുടെ അനുപാതം നോക്കി ജില്ലാ കേന്ദ്രങ്ങളില്‍ നിര്‍മിച്ചാല്‍ ഒരു പരിധിവരെ വൃത്തിയിലെ പ്രശ്‌നവും കേടുപാട് തീര്‍ക്കുന്നതിലെ കാലതാമസവും നികത്താനാവും. പൊതുസ്ഥാപനമെന്ന നിലക്ക് സ്വകാര്യ ബസുകളിലെ നിരക്കിലും താഴ്ന്ന നിരക്ക് ഏര്‍പ്പെടുത്തി പൊതുജനങ്ങള്‍ക്ക് ചെലവ് കുറഞ്ഞ സുരക്ഷിത യാത്ര പ്രദാനം ചെയ്യുകയെന്ന സ്ഥാപിത ലക്ഷ്യത്തിലേക്കുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് അധികൃതര്‍ ശ്രദ്ധ തിരിച്ചേ തീരു. സാമ്പത്തിക പിന്നാക്കം നില്‍ക്കുന്ന സാധാരണക്കാര്‍ക്ക് ലാഭവും സുരക്ഷിതവുമെന്ന് തോന്നിക്കുന്ന രൂപത്തിലേക്ക് കെ എസ് ആര്‍ ടി സിയെ മാറ്റുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി. ഇപ്പോഴുള്ള നെഗറ്റീവ് മനോഭാവത്തില്‍ നിന്നും പൊതുജനത്തെ തിരുത്തിക്കുന്നതിലാകട്ടെ ഇനിയുള്ള ശ്രദ്ധ. അതിലൂടെ മാത്രമേ സ്ഥിര സര്‍വീസുകള്‍ക്ക് മെച്ചം കണ്ടെത്താന്‍ സാധിക്കൂ.

 

---- facebook comment plugin here -----

Latest