Connect with us

National

സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനെതിരെ മേധാപട്കറിന്‍രെ നേതൃത്വത്തില്‍ ജലസത്യാഗ്രഹം

Published

|

Last Updated

ബര്‍വാനി: ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനെതിരായി സാമൂഹിക പ്രവര്‍ത്തക മേധ പട്കറുടെ നേതൃത്വത്തില്‍ ജലസത്യാഗ്രഹം നടത്തി. അയല്‍ സംസ്ഥാനമായ മധ്യപ്രദേശിലെ ബര്‍വാനിയിലെ ചോട്ട ബാര്‍ദയിലാണ് സമരം. അണക്കെട്ടുമൂലം ദുരിതത്തിലാകുന്ന വിവിധ ജില്ലകളിലെ നൂറുകണക്കിന് ആളുകള്‍ക്കൊപ്പമായിരുന്നു മേധയുടെ സത്യാഗ്രഹം.
രാവിലെ ഗുജറാത്തിലെ നര്‍മ്മദ നദിയില്‍ നിര്‍മ്മിച്ച സര്‍ദാര്‍ സരോവര്‍ അണക്കെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും ഉയരമേറിയതും, ലോകത്തിലെ രണ്ടാമത്തെ വലിയ അണക്കെട്ടുമാണ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ച സര്‍ദാര്‍ സരോവര്‍ അണക്കെട്ട്.

അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തിയതോടെ ബര്‍വാനി, ധര്‍ ജില്ലകളിലെ നൂറുകണക്കിനു ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായിരിക്കുകയാണ്. അണക്കെട്ടില്‍ പരമാവധി ജലനിരപ്പ് ആകുന്നതോടെ മധ്യപ്രദേശിലെ 192 ഗ്രാമങ്ങളില്‍ 40,000 കുടുംബങ്ങള്‍ ഭവനരഹിതരാകുമെന്ന് എന്‍ബിഎയുടെ കണക്ക് പറയുന്നത്. അണക്കെട്ടുവരുന്നതുമൂലമുള്ള വെള്ളപ്പൊക്കം 141 ഗ്രാമങ്ങളിലെ 18,386 കുടുംബങ്ങളെ ബാധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്ക്.

സര്‍ദാര്‍ സരോവര്‍ അണക്കെട്ട് നിര്‍മിക്കുന്നത് ഗുജറാത്തില്‍ ആണെങ്കിലും പദ്ധതിയുടെ റിസര്‍വ്വോയറിനും മറ്റുമായി മുങ്ങിപ്പോകുന്ന പ്രദേശങ്ങള്‍ മുഖ്യമായും മധ്യപ്രദേശിലെ ഗ്രാമങ്ങളാണ്. നര്‍മദാ പദ്ധതിയിലെ പ്രധാനപ്പെട്ട നാല് അണക്കെട്ടുകളായ നര്‍മദാ സാഗര്‍, സര്‍ദാര്‍ സരോവര്‍, ഓംകാരേശ്വര്‍, മഹേശ്വര്‍ എന്നീ പദ്ധതികള്‍ക്കായി മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുമായി 573 ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാകുമെന്നാണ് കണക്ക്. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഈ ഗ്രാമങ്ങളില്‍ താമസിക്കുന്ന മൂന്നുലക്ഷത്തോളം ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരും. കുടിയൊഴിപ്പിക്കപ്പെടുന്ന ഈ ഗ്രാമങ്ങളില്‍ 19 എണ്ണം ഗുജറാത്തിലും 33 എണ്ണം മഹാരാഷ്ട്രയിലും ബാക്കിവരുന്ന 521 ഗ്രാമങ്ങള്‍ മധ്യപ്രദേശിലുമാണ് സ്ഥിതിചെയ്യുന്നത്. സര്‍ദാര്‍ സരോവര്‍ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെടുന്നവരില്‍ 51 ശതമാനവും നര്‍മദാ സാഗറിനുവേണ്ടി കുടിയൊഴിപ്പക്കപ്പെടുന്നവരില്‍ 20ശതമാനവും ആദിവാസി വിഭാഗങ്ങളില്‍പെടുന്നവരാണ്.

Latest