ഹാദിയ കേസ്: എന്‍ഐഎ അന്വേഷണത്തിനെതിരെ ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയില്‍

Posted on: September 16, 2017 11:16 am | Last updated: September 16, 2017 at 7:07 pm

ന്യൂഡല്‍ഹി: ഹാദിയ കേസിലെ എന്‍ഐഎ അന്വേഷണത്തിന് എതിരെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചു. അന്വേഷണം എന്‍ഐഎക്ക് കൈമാറിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹാദിയയെ സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കണമെന്നും ഷെഫിന്‍ ആവശ്യപ്പെട്ടു.

കേസില്‍ സംസ്ഥാന പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ല. അതിനാല്‍ എന്‍ഐഎ അന്വേഷണ ഉത്തരവ് പിന്‍വലിക്കണമെന്നാണ് ഷെഫിന്‍ ജഹാന്റെ ആവശ്യം. നേരത്തെ, ചീഫ് ജസ്റ്റിസ് ഖേഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടത്. ഖേഹാര്‍ വിരമിച്ചതിനെ തുടര്‍ന്ന് ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

നേരത്തെ, ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് സുപ്രീം കോടതി എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടത്. കേരള പോലീസിനോട് അന്വേഷണത്തിന്റെ വിവരങ്ങള്‍ എന്‍ഐഎക്ക് കൈമാറണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസ് ആര്‍വി രവീന്ദ്രന്റെ മേല്‍നോട്ടത്തിലായിരിക്കും എന്‍ഐഎ അന്വേഷണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍, അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനില്ലെന്ന് ജസ്റ്റിസ് ആര്‍വി രവീന്ദ്രന്‍ പിന്നീട് സുപ്രീം കോടതിയെ അറിയിച്ചു.