എങ്ങും വിദ്യാര്‍ഥി പീഡനം

Posted on: September 16, 2017 6:57 am | Last updated: September 16, 2017 at 12:01 am

സാമൂഹിക ദ്രോഹികളെയും ഭിക്ഷാടന മാഫിയയെയും തട്ടിക്കൊണ്ടു പോകല്‍ സംഘത്തെയും ഭയന്നിരുന്നു മുമ്പ് രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളില്‍ അയക്കുമ്പോള്‍. ഇന്ന് അധ്യാപകരുടെയും സ്‌കൂള്‍ ജീവനക്കാരുടെയും അതിക്രമങ്ങളെയും പീഡനങ്ങളെയുമാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും കൂടുതല്‍ പേടിക്കുന്നത്. അധ്യാപകരും സ്‌കൂള്‍ ജിവനക്കാരും കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെറിയ കുറ്റത്തിന് പോലും ക്രൂരമായി മര്‍ദിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ അടുത്തിടെയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പെന്‍സിലും റബ്ബറും മോഷ്ടിച്ച കുറ്റത്തിന് ലക്‌നോ ബരാബങ്കി റഹലമോ അക്കാദമി സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥി പ്രധാനാധ്യാപകന്റെ ക്രൂരമായ മര്‍ദനമേറ്റ് മരിച്ചത് കഴിഞ്ഞ വാരത്തിലാണ്. ഹരിയാനയിലെ ഗുഡ്ഗാവില്‍ ഏഴ് വയസ്സുകാരനെ ടോയ്‌ലറ്റില്‍ കഴുത്തറുത്ത കൊന്ന സംഭവം രാജ്യം നടുക്കത്തോടെയാണ് കേട്ടത്. സ്‌കൂള്‍ ബസ് കണ്ടക്ടറാണ് ഈ ക്രൂരകൃത്യം ചെയ്തത്. വടക്കന്‍ ഡല്‍ഹിയിലെ സകൂളില്‍ അഞ്ച് വയസ്സുകാരിയെ ഉച്ചഭക്ഷണ സമയത്ത് ഒഴിഞ്ഞ ക്ലാസ് മുറിയില്‍ വെച്ച് പ്യൂണ്‍ പീഡിപ്പിച്ചതും അടുത്ത ദിവസമാണ്. സമാന സംഭവങ്ങള്‍ കേരളത്തിലും സമീപ കാലത്തായി ധാരാളമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പുറത്തറിയുന്നതിനേക്കാള്‍ പതിന്മടങ്ങ് പുറംലോകമറിയാത്തതായി സ്‌കൂളുകളില്‍ നടക്കുന്നുണ്ട്. സ്ഥാപനത്തിന് ദുഷ്‌പേര് വരുമെന്ന് കരുതി അധികൃതര്‍ മറച്ചുവെക്കുകയും രക്ഷിതാക്കളെ സ്വാധീനിച്ചു ഒതുക്കിത്തീര്‍ക്കുകയുമാണ്. സംഭവം എങ്ങനെയോ മണത്തറിഞ്ഞു മാധ്യമ പ്രവര്‍ത്തകരോ സന്നദ്ധ പ്രവര്‍ത്തകരോ അന്വേഷിച്ചെത്തിയാലും സ്‌കൂള്‍ അധികൃതര്‍ ശരിയായ വിവരം നല്‍കില്ല.’ദയവുചെയ്തു ഇക്കാര്യം പുറത്തറിയിക്കരുത്. നിങ്ങള്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ചാല്‍ പീഡനവിവരം പുറത്തുവരികയും മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും. ഈ സ്ഥാപനത്തിന് നിങ്ങള്‍ ദുഷ്‌പേരുണ്ടാക്കരുതെന്നായിരുന്നു’മലപ്പുറം ജില്ലയിലെ സ്‌കൂളിലെ പീഡനം സംബന്ധിച്ച പരാതി അന്വേഷിക്കാന്‍ ചെന്ന ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരോട് സ്‌കൂള്‍ ഭാരവാഹികളുടെ പ്രതികരണം. അക്രമികളുടെ ഭീഷണി ഭയന്ന് കുട്ടികളും സംഭവം മൂടിവെക്കുന്നു. പിന്നീട് അവരില്‍ എന്തെങ്കിലും മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൗണ്‍സിലിംഗിന് വിധേയരാക്കുമ്പാഴാണ് പുറത്തറിയുന്നത്. തെക്കന്‍ ജില്ലകളിലെ ചില സ്‌കൂളുകളില്‍ ഒരു പൊതുപ്രവര്‍ത്തകന്‍ നടത്തിയ സര്‍വേയില്‍ 40 ശതമാനം ആണ്‍കുട്ടികളും 36 ശതമാനം പെണ്‍കുട്ടികളും ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തിയിരുന്നു.

സ്‌കൂളുകളില്‍ കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ പെരുകുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കയാണ് സി ബി എസ് ഇ. ജീവനക്കാരുടെ സ്വഭാവവും മാനസിക നിലയും പരിശോധിക്കുക, സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിയന്ത്രിക്കുക, സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുക, വിദ്യാര്‍ഥികളുടെ പരാതികള്‍ പരിശോധിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും അടങ്ങുന്ന സമിതികള്‍ രൂപവത്കരിക്കുക, കുട്ടികളുടെ സുരക്ഷയെക്കുറിച്ചു സ്‌കൂള്‍ ജീവനക്കാര്‍ക്ക് പരിശീലന ക്ലാസ് നടത്തുക തുടങ്ങിയവയാണ് മാനേജര്‍മാര്‍ക്ക് സി ബി എസ് ഇ അയച്ച സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍. ഇവ പാലിച്ചില്ലെങ്കില്‍ അഫിലിയേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന മുന്നറിയിപ്പുമുണ്ട്. രാജ്യത്തെ സ്വകാര്യ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ എത്രത്തോളം സുരക്ഷിതരാണെന്ന് പരിശോധിക്കണമെന്നും സുരക്ഷക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. വിദ്യാര്‍ഥി പീഡനം ഈ സ്‌കൂളിലോ പ്രദേശത്തോ ഒതുങ്ങുന്നതല്ല. അവക്ക് രാജ്യവ്യാപക പ്രസക്തിയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
മുതിര്‍ന്നവരുടെ പീഡനങ്ങളും ക്രൂരതകളും മൂലം കുട്ടികളില്‍ 50 ശതമാനത്തിനും മാനസിക, ലൈംഗിക പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്നാണ് മനഃശാസ്ത്ര വിദഗ്ധരുടെ വെളിപ്പെടുത്തല്‍. സ്‌കൂളുകളുടെ സല്‍പ്പേര് നഷ്ടപ്പെടുമെന്ന ഭീതിയില്‍ സ്‌കൂള്‍ അധികൃതര്‍ കുറ്റകൃത്യം ഒതുക്കുക, കുറ്റവാളികള്‍ക്ക് മതിയായ ശിക്ഷ ലഭിക്കായ്ക, ഇന്റര്‍നെറ്റിന്റെ ദുരുപയോഗത്തെ തുടര്‍ന്ന് സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലൈംഗിക തൃഷ്ണ, നഗ്നത മറയാത്ത രീതിയിലുള്ള കുട്ടികളുടെ വസ്ത്രധാരണ രീതി എന്നിവയൊക്കെയാണ് ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്നതിന് പറയുന്ന കാരണങ്ങള്‍. സാമ്പത്തിക സ്വാധീനവും രാഷ്ട്രീയ പിടിപാടും മൂലം കുറ്റവാളികള്‍ ഏറെയും നിയമത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുകയാണ്. കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ വരുന്ന കാലതാമസവും കേസുകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതിവേഗ കോടതികള്‍ വഴി കുറ്റവാളികള്‍ക്ക് എത്രയും പെട്ടെന്ന് ശിക്ഷ ലഭ്യമാക്കാനുള്ള സംവിധാനമാണ് നിയമജ്ഞര്‍ ഇതിന് നിര്‍ദേശിക്കുന്ന പരിഹാരം. മുതിര്‍ന്നവരുടെ സദുദ്ദേശ്യത്തോടെയുള്ള സ്പര്‍ശവും സ്‌നേഹ പ്രകടനങ്ങളും തെറ്റായ സ്പര്‍ശങ്ങളും തിരിച്ചറിഞ്ഞു ദുരുദ്ദേശ്യപരമായ നീക്കങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ചെറുപ്പത്തിലേ കുട്ടികളില്‍ ബോധവത്കരണം നടത്തേണ്ടതും ആവശ്യമാണ്. കുട്ടികളുമായി ഇതുപോലുള്ള കാര്യങ്ങള്‍ സംസാരിക്കുന്നതും സംവദിക്കുന്നതും മോശമാണെന്ന ധാരണ മാതാപിതാക്കള്‍ തിരുത്തുകയും പ്രായത്തിന് അനുസൃതമായ ലൈംഗിക വിദ്യാഭ്യാസം അവര്‍ക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്യുന്നത് ഗുണകരമാണെന്നും നിര്‍ദേശിക്കപ്പെടുന്നു.