ഫേസ്ബുക്ക് പോസ്റ്റ്: എം എസ് എഫ് ദേശീയ സെക്രട്ടറി എന്‍എ കരീമിനെ സസ്‌പെന്‍ഡ് ചെയ്തു

Posted on: September 15, 2017 8:07 pm | Last updated: September 16, 2017 at 10:15 am

കോഴിക്കോട്: വേങ്ങര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എംഎസ്എഫ് ദേശീയ സെക്രട്ടറി എന്‍എ കരീമിനെ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടേതാണ് നടപടി. സംഘടനാ രീതിക്ക് നിരക്കാത്ത രീതിയിൽ കുറിപ്പ് പ്രസിദ്ധീകരിച്ചതിനാണ് നടപടിയെന്ന് പാർട്ടി പത്രക്കുറിപ്പിൽ വ്യക്തമാക്കി. പാര്‍ട്ടി ചരിത്രത്തിലെ കറുത്ത അധ്യായത്തിന് കാരണക്കാരായവരെ വേങ്ങരയില്‍ മത്സരിപ്പിക്കരുതെന്നായിരുന്നു കരീമിന്റെ പോസ്റ്റ്. ഇത് ഇന്നലെ സിറാജ്‌ലൈവ് വാര്‍ത്തയാക്കിയതിന് പിന്നാലെ കരീം പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു.

വോട്ടര്‍മാരെ കാണാതെ വിജയിച്ച് പോയിരുന്ന ചരിത്രമുള്ള മണ്ഡലത്തില്‍ മത്സരിച്ചിട്ടും വിജയിക്കാനാകാത്തവരെ വീണ്ടും മത്സരിപ്പിക്കരുത്, ഒരിക്കല്‍ മത്സരിച്ച മണ്ഡലത്തില്‍ പിന്നീടൊരിക്കല്‍ പോലും മത്സരിക്കാന്‍ കഴിയാത്ത വിധം ‘ജനകീയത’ കൈുമതലാക്കിയവര്‍ വേങ്ങരയില്‍ പോരാട്ടത്തിനിറങ്ങരുത്, യുവജനങ്ങളെ പരിഗണിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കരീം പോസ്റ്റില്‍ ഉന്നയിച്ചത്.

Read More: കറുത്ത അധ്യായം സമ്മാനിച്ചവരെ വേങ്ങരയില്‍ മത്സരിപ്പിക്കരുത്; തുറന്നടിച്ച് എംഎസ് എഫ് ദേശീയ സെക്രട്ടറി

വേങ്ങരയില്‍ ആരെ മത്സരിപ്പിക്കണമെന്ന ചര്‍ച്ച മുസ്ലിം ലീഗില്‍ ശക്തമാകുമ്പോഴാണ് യുവജന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ദേശീയ നേതാവ് അഭിപ്രായപ്രകടനവുമായി രംഗത്ത് വന്നത്. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിനെയാണ് വേങ്ങരയില്‍ ലീഗ് മത്സര രംഗത്ത് ഇറക്കാന്‍ ഉദ്ദേശിക്കുന്നതെന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു കരീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മങ്കടയിലും 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേരി പാര്‍ലമെന്റ് മണ്ഡലത്തിലും മത്സരിച്ച് പരാജയപ്പെട്ട മജീദിന് വേങ്ങരയില്‍ വീണ്ടും സീറ്റ് നല്‍കുന്നതില്‍ ലീഗിനകത്ത് എതിര്‍വികാരം ഉയരുന്നുവെന്നതിന്റെ സൂചനയാണ് ഈ പോസ്റ്റെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

താന്‍ ഏതെങ്കിലും ഒരു വ്യക്തിയെ ഉദ്ദേശിച്ചല്ല ഈ പോസ്റ്റിട്ടതെന്ന് കരീം ഇന്നലെ സിറാജ്‌ലൈവിനോട് പ്രതികരിച്ചിരുന്നു. പാര്‍ട്ടി വേദികളില്‍ പറയുന്ന അഭിപ്രായം പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്നും കരീം വ്യക്തമാക്കി.