നാദിര്‍ഷയ്ക്ക് രക്ത സമ്മര്‍ദം കൂടി; ചോദ്യം ചെയ്യല്‍ ഉപേക്ഷിച്ചു; കോടതിയെ ധരിപ്പിക്കുമെന്ന് പൊലീസ്‌

Posted on: September 15, 2017 11:20 am | Last updated: September 15, 2017 at 3:33 pm

കൊച്ചി: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ചോദ്യം ചെയ്യലിനായി എത്തിയ നാദിര്‍ഷയ്ക്ക് രക്ത സമ്മര്‍ദം കൂടി. ഇതു മൂലം ഇന്ന് ചോദ്യം ചെയ്യേണ്ടെന്ന് അന്വേഷണസംഘം തീരുമാനിച്ചു.

ഡോക്ടര്‍മാരുടെ സംഘം ആലുവ പൊലീസ് ക്ലബിലെത്തി നാദിര്‍ഷയെ പരിശോധിച്ചു. രക്ത സമ്മര്‍ദം കൂടുകയും പ്രമേഹം കുറഞ്ഞതിനെ തുടര്‍ന്ന് നാദിര്‍ഷയെ ആശുപത്രിയിലേക്ക് മാറ്റി.

ചോദ്യം ചെയ്യല്‍ തുടങ്ങിയപ്പോള്‍ തന്നെ നാദിര്‍ഷ ശാരീരിക അവശത പ്രകടിപ്പിച്ചിരുന്നു. ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് കോടതിയെ ധരിപ്പിക്കുമെന്ന് റൂറല്‍ എസ്പി എവി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മറ്റൊരു ദിവസം ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് ഇന്ന് അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്. കേസില്‍ നാദിര്‍ഷയുടെ പങ്കിനെ സംബന്ധിച്ച് ചില കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും ഇതിനായി അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി നാദിര്‍ഷയോട് അന്വഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ ഉത്തരവിടുകയായിരുന്നു.

കേസില്‍ നാദിര്‍ഷക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. കേസ് ഡയറി, പള്‍സര്‍ സുനിയുടെ കുറ്റസമ്മത മൊഴി, മറ്റൊരു പ്രതിയായ വിഷ്ണുവിന്റെ മൊഴി ഇവയാണ് കൈമാറിയത്. എന്നാല്‍ നാദിര്‍ഷയെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നായിരുന്നു ഹൈക്കോടതിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിലപാട്.