Connect with us

National

ഗൗരി ലങ്കേഷ് വധം: അന്വേഷണം വാടകക്കൊലയാളികളിലേക്ക്

Published

|

Last Updated

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ വാടകക്കൊലയാളികളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. തടവില്‍ കഴിയുന്ന കുനിഗല്‍ ഗിരി അടക്കമുള്ള വാടകക്കൊലയാളികളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. കൊലപാതകം അടക്കം 51 കേസുകളില്‍ പ്രതിയായ കുനിഗല്‍ ഗിരിയെ ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ബെല്ലാരി സെന്‍ട്രല്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുകയാണ് ഇപ്പോള്‍ ഇയാള്‍. കുനിഗല്‍ ഗിരിയുടെ കൂട്ടാളികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് അന്വേഷണ സംഘത്തിന് ചില സൂചനകള്‍ ലഭിച്ചത്. ബീജാപ്പൂര്‍, രാമനഗര, വിജയപുര ജയിലുകളില്‍ തടവില്‍ കഴിയുന്ന വാടകക്കൊലയാളികളെയും ചോദ്യം ചെയ്യും.

അതേസമയം, എം എം കല്‍ബുര്‍ഗിയെ വെടിവെച്ച് കൊലപ്പെടുത്തിയ തോക്ക് ഉപയോഗിച്ചാണ് ഗൗരി ലങ്കേഷിനെയും വധിച്ചതെന്ന പ്രചാരണം ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി നിഷേധിച്ചു. വെടിയുണ്ടകളുടെ ഫോറന്‍സിക് പരിശോധനക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗൗരിയുടെ കൊലയുമായി ബന്ധപ്പെട്ട് എസ് ഐ ടി നടത്തിവരുന്ന അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും ശരിയായ ദിശയിലൂടെയാണ് അന്വേഷണം നടക്കുന്നതെന്നും ആഭ്യന്തര മന്ത്രി ഇന്നലെയും ആവര്‍ത്തിച്ചു. കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയ 7.65 എം എം പിസ്റ്റള്‍ ഉപയോഗിച്ചാണ് ഗൗരി ലങ്കേഷിനെയും കൊലപ്പെടുത്തിയതെന്നായിരുന്നു എസ് ഐ ടി യുടെ നിഗമനം. ഒരേ പിസ്റ്റളെന്ന നിഗമനത്തിലെത്താന്‍ 80 ശതമാനത്തോളം സമാനതകളുണ്ടെന്നാണ് സംഘം വിലയിരുത്തിയത്. മഹാരാഷ്ട്രയില്‍ ഗോവിന്ദ് പന്‍സാരെയെ വധിക്കാന്‍ ഉപയോഗിച്ച പിസ്റ്റളും കല്‍ബുര്‍ഗി കൊലപാതക കേസിലെ പിസ്റ്റളും സാമ്യമുണ്ടെന്ന് ഫോറന്‍സിക് അന്വേഷണം സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഈ മൂന്ന് സംഭവങ്ങളുടെ പിന്നിലും ഒരേ സംഘമായിരിക്കാനാണ് സാധ്യതയെന്നാണ് പോലീസ് കരുതുന്നത്. കര്‍ണാടകയില്‍ തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ പോരാടിയ എം എം കല്‍ബുര്‍ഗിയും മഹാരാഷ്ട്രയില്‍ ഇടത് ചിന്തകനും എഴുത്തുകാരനുമായ ഗോവിന്ദ് പന്‍സാരെയും നരേന്ദ്ര ധബോല്‍ക്കറും കൊല്ലപ്പെട്ട അതേ രീതിയില്‍ അജ്ഞാതരുടെ വെടിയേറ്റാണ് ഗൗരിയും കൊല്ലപ്പെട്ടത്.

ഗൗരിയെ വധിക്കാന്‍ ഉപയോഗിച്ച തോക്കിന്റെ ഉറവിടകേന്ദ്രം കണ്ടെത്താന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ നാടന്‍ തോക്കുകളുടെ നിര്‍മാണ കേന്ദ്രങ്ങളില്‍ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ ചില സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. കര്‍ണാടകയുടെ അതിര്‍ത്തി പ്രദേശങ്ങളായ ബെലഗാവി, വിജയപുര എന്നിവിടങ്ങളിലെ നാടന്‍ തോക്ക് നിര്‍മാണ കേന്ദ്രങ്ങളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും വിവരം ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് അന്വേഷണം കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിച്ചപ്പോഴാണ് ചില വിവരങ്ങള്‍ ലഭിച്ചത്. വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ബീഹാറില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന തോക്കുകള്‍ സമീപകാലത്ത് ഉത്തര കര്‍ണാടകയില്‍ വെച്ച് പോലീസ് പിടിച്ചെടുത്തിരുന്നു.

ഗൗരി ലങ്കേഷിന്റെ കൊലയാളികള്‍ നഗരം വിട്ടതായുള്ള നിഗമനത്തില്‍ അതിര്‍ത്തി പ്രദേശങ്ങളിലെ ടോള്‍ ബൂത്തുകളില്‍ നിന്നുള്ള സി സി ടി വി ദൃശ്യങ്ങളെല്ലാം പോലീസ് ശേഖരിച്ചുകഴിഞ്ഞു. ഗൗരി ലങ്കേഷ് വെടിയേറ്റ് വീണ വീടിന് മുന്നില്‍ സ്ഥാപിച്ച സി സി ടി വി ക്യാമറയില്‍ വാഹനത്തിന്റെ ദൃശ്യമില്ലാത്തതും ഇരുട്ടായതിനാല്‍ അക്രമിയുടെ ദൃശ്യം വ്യക്തമാകാത്തതുമാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. സംഭവത്തിന് ദൃക്‌സാക്ഷികളുമില്ല. ഗൗരിയുടെ ഘാതകരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇതിനകം നിരവധി പേര്‍ പോലീസ് പുറത്തുവിട്ട മൊബൈല്‍ നമ്പറില്‍ വിളിച്ചിട്ടുണ്ടെങ്കിലും പ്രതികളിലേക്ക് എത്താന്‍ ആവശ്യമായ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല.

 

Latest